ഒഹായോ ബെല്‍മൗണ്ട് കൗണ്ടിയിലെ വീട്ടില്‍ ആക്രമിച്ചു കയറി 69 വയസുള്ള സ്ത്രീയെ പീഡിപ്പിച്ച ശേഷം വെടിവെച്ചു കൊലപ്പെടുത്തുകയും അവരുടെ 45 വയസുള്ള മകളും പ്രതിയുടെ മുന്‍ കാമുകിയുമായ നിക്കോളിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്ത ജെയിംസ് ഡേവിഡ് (47) പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. (ജയിംസ് ഡേവിഡ് അറിയപ്പെടുന്നത് അഹമ്മദ് ബന് ഡേവിഡെന്നാണ്).
താങ്ക്സ്ഗിവിങ് ഡേയിലാണ് നോര്‍മ്മ മാറ്റ കൊയെ (69) വീട്ടില്‍ കയറി കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയത്. ദിവസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തില്‍ ലൂസിയാന മിസിസിപ്പി അതിര്‍ത്തിയില്‍ പെന്‍ വില്ല പാരിഷ് കൗണ്ടിയിലുള്ള സ്ലീപ് ഇന്നില്‍ പ്രതി നിക്കോളിനെ തടഞ്ഞുവച്ചിരിക്കയാണെന്നുള്ള വിവരം ലഭിച്ചു. തുടര്‍ന്നു സ്ഥലം വളഞ്ഞു പ്രതിയോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും പോലീസിനു നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചു പോലീസ് വെടിവച്ചതില്‍ പ്രതി കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു (ഡിസംബര്‍ 1) സംഭവം.
ബെല്‍മൗണ്ടില്‍ നിന്നും രക്ഷപെട്ട പ്രതി ഇതിനിടയില്‍ രണ്ടു തോക്കുകള്‍ കാമറക്കു നേരെ ചൂണ്ടിയുള്ള ഫോട്ടോ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും നിക്കോളിന്റെ ഫോണ്‍ വില്ക്കുന്നതിനു മറ്റൊരാളെ ഏല്പിച്ചതുമാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നതിന് ഇടയാക്കിയത്.
കൊല്ലപ്പെട്ട നോര്‍മയും നേഴ്സായ മകളും പ്രതിയും അടുത്തടുത്ത താമസക്കാരായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവ ദിവസം പ്രതിയുമായി നോര്‍മ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പേരു വെളിപ്പെടുത്താത്ത ഓഫീസര്‍ക്ക് പരിക്കേറ്റുവെങ്കിലും നോര്‍മയെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തുവാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: