1956 മുതല്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ അഴുക്കുചാലുകളെ സ്വതന്ത്രമായി ഒഴുകാന്‍ സഹായിച്ചവരാണ് ചക്കിലിയ വിഭാഗം. ശുചീകരണ തൊഴില്‍ ചെയ്യുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തി സ്ഥിരതാമസമാക്കിയവരാണ് ഇവര്‍. എന്നാല്‍ 60 വര്‍ഷം പിന്നിട്ടിട്ടും ജീവിതം അഴുക്കുചാലില്‍ തന്നെ എന്നതാണ് ദുസ്സഹം. സംസ്ഥാനത്ത് പത്ത് ലക്ഷത്തിന് മുകളിലാണ് ചക്കിലിയാര്‍ വിഭാഗത്തിന്റെ അംഗബലം.
2001 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 31,23,941 ആണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.8 ശതമാനം. ദളിത് ജനസംഖ്യാ വളര്‍ച്ച 8.2 ശതമാനമാണ്. മൊത്തം ജനസംഖ്യയുടെ വളര്‍ച്ചാനിരക്കായ 9.4 ശതമാനത്തേക്കാള്‍ 1.2 ശതമാനം കുറവ്. സംസ്ഥാനത്ത് 68 പട്ടികജാതി വിഭാഗങ്ങളാണ് 2001-ലെ കണക്കു പ്രകാരമുള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതിക്കാരുള്ളത് (16.5%). ഇതില്‍ ചക്കിലിയാര്‍ സമുദായം രണ്ടാം സ്ഥാനത്താണ്. തൊട്ടുതാഴെ ഇടുക്കി (14.1%), പത്തനംതിട്ട (13.1%), കൊല്ലം (12.5%). കുറവ് കണ്ണൂരിലാണ് (4.1%). 2011 ഡിസംബര്‍ 21 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോട്ടയത്ത് താമസിക്കുന്ന ചക്കിലിയാര്‍ സമുദായാംഗങ്ങള്‍ക്ക് മാത്രം പട്ടികജാതിക്കാരുടെ സംവരണ ആനുകൂല്യങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴും ഇവരോടുള്ള വിവേചനം തുടരുകയാണ്. ഇത് മറ്റ് ജില്ലകളില്‍ താമസിക്കുന്നവരുടെ അവകാശ നിഷേധമാണ്. കോട്ടയം ജില്ലയിലെ ചക്കിലിയാന്മാര്‍ കുടിയേറ്റക്കാരല്ലെന്നാണ് സര്‍ക്കാര്‍ വാദം.
ചക്കിലിയാര്‍ സമുദായത്തില്‍പെട്ട ആളുകള്‍ക്ക് മുടി വെട്ടാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നമ്പര്‍ വണ്‍’ കേരളത്തിലാണ്. സംസ്ഥാനത്തെ അതിര്‍ത്തി ഗ്രാമമായ വട്ടവടയിലാണ് വര്‍ഷങ്ങളായി കടുത്ത ഈ ജാതിവിവേചനം നിലനില്‍ക്കുന്നത്. വര്‍ഷങ്ങളായി നിലനിന്നിരുന്ന അനാചാരം അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വിവാദമായപ്പോള്‍ അധികൃതര്‍ ഇടപെട്ട് പേരിന് ചില നടപടികളെടുത്തു. ചക്കിലിയ ജാതിയിലുള്ളവര്‍ക്ക് മുടിയും താടിയും വെട്ടാന്‍ ഇവിടത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കായിരുന്നു. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായതോടെയാണ് നടപടി സ്വീകരിച്ചത്. 700 കുടുംബങ്ങളിലെ പുരുഷന്മാരാണ് ജാതിവിവേചനത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി ഈ അവഗണന നേരിട്ടത്. ഇവര്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാറിലെത്തിയാണ് മുടി വെട്ടിയിരുന്നത്.
ചക്കിലിയാര്‍ സമുദായാംഗങ്ങളെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടികജാതിക്കാര്‍ക്ക് നല്‍കിവരുന്ന സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇവരുടെ മക്കള്‍ക്ക് പത്താം ക്ലാസ് വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണെങ്കിലും തുടര്‍ന്നുള്ള പഠനത്തിന് സര്‍ക്കാര്‍ അവസരമൊരുക്കുന്നില്ല. സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 53 പട്ടികജാതിക്കാരുടെ ലിസ്റ്റില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ഇടമുണ്ടെങ്കിലും ഇന്നും അവഗണനയുടെ നടുവിലാണ് ചക്കിലിയാര്‍. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെയാണ് സര്‍ക്കാര്‍ ഇവരെ അവഗണിക്കുന്നത്. കിര്‍ടാഡ്സ് വകുപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ജാതി സര്‍ട്ടിഫിക്കേറ്റ് നല്‍കൂ എന്ന വിചിത്രന്യായങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരാണ് എന്ന കാരണത്താലാണ് ഈ വിവേചനം.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി നാലുവര്‍ഷത്തിനിടയില്‍ 5832 കോടി രൂപയുടെ വിവിധ പട്ടികവിഭാഗ ഫണ്ടുകളാണ് ലാപ്സാക്കിയത്. ഇവ വകമാറ്റി ചെലവഴിച്ചതിന് വ്യക്തമായ കണക്കില്ല. പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി സമ്പൂര്‍ണ പരാജയമാണ്. എസ്സിപി/ ടിഎസ്പി ഫണ്ടുകള്‍ ഉപയോഗിച്ച് പട്ടികജാതി വികസന വകുപ്പ് കെട്ടിപ്പൊക്കിയ പാലക്കാട് മെഡിക്കല്‍ കോളേജും അടിസ്ഥാന വ്യവസ്ഥകള്‍ ലംഘിച്ച് രാഷ്ട്രീയവികേന്ദ്രീകരണം നടപ്പാക്കി. കോളേജിനായി നല്കിയ ഫണ്ട്, നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ 300 കോടി രൂപ അനാവശ്യമായി ബാങ്കില്‍ നിക്ഷേപിച്ചു.
2017ല്‍ പാലക്കാട് ഗോവിന്ദാപുരത്ത് അയിത്തം നേരിടുന്ന ചക്കിലിയാര്‍ വിഭാഗക്കാരെ ആക്ഷേപിച്ച് സംസാരിച്ച നെന്മാറ എംഎല്‍എ കെ. ബാബു ഇടതുപക്ഷക്കാരന് ആയിരുന്നു എന്നത് ഓര്‍ക്കണം. ചക്കിലിയാര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് അവര്‍ക്ക് മദ്യപിച്ച് കിടക്കാനാണെന്നായിരുന്നു എംഎല്‍എയുടെ വിവാദമായ പ്രസംഗം. നേരത്തെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ യുവതി, മേല്‍ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ചക്കിലിയാര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. പ്രശ്നത്തിനുശേഷം ക്ഷേത്രത്തില്‍ തന്നെയാണ് ഇവര്‍ ഉറങ്ങിയിരുന്നത്. ചക്കിലിയാര്‍ സമുദായാംഗങ്ങളെ പട്ടികജാതിക്കാരായി പരിഗണിക്കണമെന്നും അവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് നടപടിയെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പലതവണ ഉത്തരവ് നല്‍കിയിട്ടുണ്ട്.
ദേശവ്യാപകമായ ഒരു സാമൂഹ്യ സുരക്ഷാ സംവിധാനത്തോടൊപ്പം ആളുകളുടെ അഭിരുചി കണക്കിലെടുത്തു കൊണ്ട് എല്ലാവര്ക്കും വൈദഗ്ധ്യം നല്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് പരമപ്രധാനം. എല്ലാവര്ക്കും ഉതകുന്ന തരത്തില്‍ സാമൂഹ്യ സുരക്ഷാ സംവിധാനം നിലവില്‍ വരാത്തിടത്തോളം ജാതിവ്യവസ്ഥ ഒരുപരിധി വരെ ഇവിടെ നിലനില്ക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: