Categories: Varadyam

ഗണിത പൈതൃകത്തിനെതിരെ ഒരു കോര സാഹിത്യം

ലയാള സാഹിത്യത്തില്‍ ഉപജാപകരീതിയും  അതിശയോക്തിയും കലര്‍ത്തി  രചനാ സങ്കല്‍പ്പത്തിന് മാറ്റുകൂട്ടാന്‍ ഹോളിവുഡ് ആക്ഷന്‍ മോഡല്‍ നോവലായാണ് ഫ്രാന്‍സിസ് ഇട്ടിക്കോര പുറത്തിറങ്ങിയത്. ടി.ഡി.രാമകൃഷ്ണന്റെ  ഈ നോവല്‍ പരദേശ സ്വാധീനത്തിന്റെ പിടിപ്പുകേടില്‍ വശീകരിക്കപ്പെട്ട ടി.വി. പരിപാടികളിലെ ലിബറേഷന്‍ പരിപാടികള്‍ മോഡലാക്കിയാണ് തുടക്കം.  

കുന്നംകുളത്തെ  കത്തോലിക്കരെ പിണക്കിക്കൊണ്ട് കോരപ്പാപ്പയെ  അരാജകത്വത്തിന്റെ  അപ്പോസ്തലനും, ഇട്ടിക്കോരയെ ഹീറോയുമാക്കുന്നതാണ് കഥ. ഗാമ വരും മുന്‍പേ 18 കൂറ്റുകാരുടെ നേതാവായ ഇട്ടിക്കോര കുടുംബം അന്നാട് അടക്കിവാണതായാണ് പ്രകീര്‍ത്തിക്കുന്നത്.  സാമൂതിരിയെപ്പോലും  വെല്ലുവിളിച്ച ഇട്ടിക്കോര കണക്കിലും കച്ചവടത്തിലും കുരുമുളക് കയറ്റിയയക്കുന്നതിലും ലൈംഗിക വിഷയത്തിലും വിവാഹത്തിലും പണത്തിലും അഗ്രഗണ്യന്‍. ഡസന്‍ കണക്കിന് വിവാഹവും 79 ലധികം   തലമുറകളും. ഇവര്‍ ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നു. ഇതില്‍ നിന്നാണ് ഇട്ടിക്കോരയുടെ ഒരു തലമുറ കേരളം അന്വേഷിച്ച് ഇറങ്ങുന്നത്.  

താളിയോലയും ചെപ്പേടും ഇട്ടിക്കോര എന്ന അരാജകവാദിയെ മഹത്വവല്‍കരിക്കാനാണ് നോവലിലുടനീളം  ഉപയോഗിക്കുന്നത്. അതാകട്ടെ മലബാറിലെ കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് എന്ന യാഥാര്‍ത്ഥ്യത്തിന്റെ അടിവേര് ഇളക്കാനും. കോഴിക്കോട്ടെ ഈ സര്‍ക്കാര്‍ ഗവേഷണ  സ്ഥാപനത്തിനും

ഇത് കളങ്കമാണ്. എം.എസ്.വല്യത്താന്‍ എന്ന മഹാ വ്യക്തിയുടെ ബുദ്ധിയില്‍നിന്നാണ് വള്ളുവനാട്ടിലെ ഗണിതശാസ്ത്രജ്ഞരുടെ കൃതി പഠിക്കാന്‍ മുംബെയിലെ ടാറ്റ ഫണ്ടമെന്റല്‍  ഇന്‍സ്റ്റിറ്റിയൂട്ടുമായി സംയുക്ത സ്ഥാപനം തുടങ്ങിയത്. ഗണിത പാരമ്പര്യത്തെ അവഗണിക്കുന്ന നിര്‍ജീവമായ അവസ്ഥ ഇന്നവിടെ കാണാനുണ്ട്. നോവലിസ്റ്റിനെ സന്തോഷിപ്പിക്കുന്ന കാര്യമതായിരിക്കാം.  

ഒറ്റപ്പാലത്തെ സരസ്വതിയമ്മയാണ് വിഷ് എന്ന ലോകപ്രശസ്ത ഗണിതജ്ഞന്‍ കണ്ടെത്തിയ മലബാറിലെ അച്ചുതപിഷാരടി, നീലകണ്ഠ സോമയാജി, ബ്രഹ്മദത്തന്‍, ഇരിങ്ങാലക്കുട മാധവന്‍  എന്നിവരെ തന്റെ അക്കാദമിക് ലോകത്തിലൂടെ വെളിച്ചം കാണിച്ചതെന്നാണ് ചരിത്രം. (ഗണിത കേരളം -ഡോ.എം.ജി.എസ്, ഇന്ത്യ ബുക്‌സ്, പാളയം, കോഴിക്കോട്) സരസ്വതിയമ്മ മൈസൂര്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയായിരുന്ന കാലം. പിന്നീട് ജോര്‍ജ് ഗീവര്‍ഗീസ് മയൂരശിഖ എന്ന പുസ്തകത്തിലൂടെ മലബാറിലെ ഗണിതജ്ഞരെ ലോകത്ത് പ്രചരിപ്പിച്ചു. കേരളത്തില്‍ നിന്നാണ് യൂറോപ്പില്‍ ഗണിത വ്യാപനം ഉണ്ടായതെന്ന് സവിസ്തരം ഇത് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലില്‍ തികച്ചും വിഭിന്നമായി യൂറോപ്പിലെ പെപ്പേഷ്യന്‍ ഗണിത സ്‌കൂളില്‍ നിന്ന് പഠിച്ചെത്തിയ കുരുമുളക് കച്ചവടക്കാരനായ കുന്നംകുളത്തെ കോരയിലൂടെയാണ് ഇതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകീയ ശ്രമമാണ് നടക്കുന്നത്.

ഇവിടെ ഇട്ടിക്കോര എന്ന കഥാപാത്രത്തെക്കൊണ്ട്, നമ്പൂതിരിമാര്‍ സംസ്‌കൃതത്തില്‍ എഴുതിവച്ച ഗണിത ഓലകളെല്ലാം ഇയാളില്‍ നിന്ന് പഠിച്ചതാണെന്ന് പറയിപ്പിക്കുന്നതാണ് ഏറ്റവും പരിതാപകരം. കച്ചവടത്തിന് ലോകം ചുറ്റിയ ഇട്ടിക്കോര യൂറോപ്പിലെത്തി കത്തോലിക്കരില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവര്‍ നടത്തുന്ന അലക്‌സാണ്‍ഡ്രിയയിലെ സ്‌കൂളില്‍ ഗണിതം പഠിച്ച് തിരിച്ചെത്തുകയാണ് കുന്നംകുളത്ത്.  ഇതെല്ലാം ഗാമ വരുന്നതിന് മുന്‍പാണ്. പിന്നീട് ഗാമയുമായി യുദ്ധമുണ്ടായി രാജ്യം വിടുന്നുമുണ്ട്. അയാളുടെ തലമുറ ഇന്നും കുന്നംകുളത്ത് അരാജകാചാരമായി ക്രിസ്തുമസ്സിന് രാത്രി  കോരയ്‌ക്ക് കൊടുപ്പ്  നടത്തുന്നുണ്ടത്രേ.  

കോരപ്പൂട്ടും കോര തിയറിയും കോരപ്പണവുമെല്ലാമായി ലൈംഗിക അരാജകവാദിയായ ഇട്ടിക്കോരയെ  മഹത്വവല്‍ക്കരിക്കാന്‍ പാടുപെടുകയാണ് നോവലിസ്റ്റ്. അതുവഴി ചരിത്ര നിഷേധത്തിന്റെ താക്കോല്‍ തുറന്നു കൊടുത്തിരിക്കുകയാണ്.  ഒരേസമയം തദ്ദേശീയ ശാസ്ത്രസത്യം യൂറോപ്പിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍  നടക്കുന്നതിനിടെ കുത്തിത്തിരിപ്പുണ്ടാക്കുന്നതിന് കൂട്ടുനില്‍ക്കുന്നു. ഭീകരവാദികളെ തുറന്നു കാട്ടുമ്പോള്‍ തന്നെ അവരുടെ സഹാനുഭൂതി നേടാനുള്ള തത്രപ്പാടും നോവലിലുടനീളം  കാണാം. അരാജകത്വത്തിലൂടെ  മാത്രമേ വേട്ടക്കാരന് നേട്ടമുണ്ടാക്കാനാവൂ എന്ന് അര്‍ബന്‍    നക്‌സല്‍  തെളിയിച്ചതും കഥാലക്ഷ്യം വിളിച്ചോതുന്നു.  

നോവലില്‍ ഒരു മാധവന്‍ ആശ്രിതനായി വന്ന് കോരയില്‍നിന്ന് പഠിച്ച് ഗണിതമെഴുതിയത് ലോക ഗണിത ശാസ്ത്രജ്ഞനായ  സംഗമ മാധവനെ ഉദ്ദേശിച്ചാണ്! മാധവശ്രേണി ഇന്ന് വിവിധ ലോകകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ട്. വന്ദ്യവയോധികനായ മലയാളിയായ മയൂരശിഖയുടെ കര്‍ത്താവ്  ജോര്‍ജ്  ഗീവര്‍ഗീസ് ഇന്നും വിദേശത്ത് ഇത് പഠിപ്പിക്കുമ്പോള്‍ എത്രമാത്രം അപകീര്‍ത്തികരമാണ് നോവലിലെ  ആഖ്യാനം എന്ന് മനസ്സിലാക്കാനാവും. ആര്‍ക്കോ വേണ്ടി ചരിത്രം വളച്ചൊടിക്കുകയാണ് നോവലിസ്റ്റ്. എല്ലാ പ്രാദേശിക ശാസ്ത്ര ചിന്താസരണികളെയും അന്യവല്‍കരിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായേ ഇതിനെ കാണാനാവൂ.  

ഉപജാപ ഗൂഢാഖ്യാനരീതിയിലാണ് ഈ ക്രമരഹിത നോവലെന്ന് പി.കെ.  രാജശേഖരന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ഗണിത ശാസ്ത്രം പിറവിയെടുത്തു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ ഇട്ടിക്കോര യൂറോപ്പില്‍നിന്ന് പഠിച്ചുവന്ന് ആശ്രിതരായ  നമ്പൂതിരിമാരെ പഠിപ്പിച്ചെന്നാണ് നോവല്‍  ദ്യോതിപ്പിക്കുന്നത്.  ബ്രാഹ്മണമേധാവിത്ത ദോഷമാണ് കോരയെക്കൊണ്ട് പറയിക്കുന്നത്. കൂട്ടത്തില്‍ പേരിന്  പിഷാരടിയും വാര്യരും ഉണ്ടെന്ന് കോരതന്നെ പറയുന്നു. എഴുത്തച്ചനെ ഉദ്ദേശിച്ച് ആശ്രിതരുടെ  പരിഭാഷ നിര്‍ത്തി  പച്ചമലയാളത്തില്‍ എഴുതാനും കോര പറയിപ്പിക്കുമ്പോള്‍ എത്രമാത്രം മുന്‍വിധിയോടെയാണ് ഇത് എഴുതിയിരിക്കുന്നതെന്ന് മനസ്സിലാകും.  

പ്രശസ്ത സൈബര്‍ വിദഗ്ധനായ ഡോ. വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയ ‘നമ്പൂതിരി ഡോട്ട് കോം’പോലും വിമര്‍ശനവിധേയമാക്കുന്ന നോവല്‍ ബ്രാഹ്മണമേധാവിത്വത്തിന്റെ  ഉല്‍പ്പന്നമായാണ് മയൂരശിഖയും മറ്റും യൂറോപ്പിലും ഇന്ത്യയിലും പ്രചരിപ്പിക്കുന്നതെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നു.  ഗുരുവായൂര്‍ ദര്‍ശിക്കാന്‍ പോകുമ്പോള്‍ സാമൂതിരിയുടെ പെണ്‍കുട്ടിയെ പല്ലക്കില്‍നിന്ന് ഇറക്കിവിട്ട് തട്ടിക്കൊണ്ട് പോകുന്ന ഇട്ടിക്കോരയെ മഹത്വവല്‍ക്കരിക്കാന്‍ സാമൂതിരിപ്പെണ്ണിനെക്കൊണ്ടു തന്നെ സംസ്‌കൃതവും പൂജയും തുടരാന്‍ അനുവദിക്കുന്നു. അങ്ങനെ അവള്‍ക്ക് കോരയുടെ ആകാരവടിവില്‍ ആകൃഷ്ടത തോന്നിപ്പിക്കുകയാണ് നോവലിസ്റ്റ്.  

മനുഷ്യമാംസത്തിന്റെ രുചിയുടെ മേന്മ സവിസ്തരം പ്രതിപാദിക്കുന്നത് കോരയുടെ ഏതോ തലമുറയില്‍പ്പെട്ട സേവ്യരിലൂടെയാണ്. അയാള്‍ വഴിയാണ്  ഇട്ടിക്കോര അരാജക സ്‌കൂള്‍ പഠിക്കാനിറങ്ങുന്നത്. ഗുരുവായൂരിലെ താഴ്ന്ന നിലയിലെ ഹിന്ദുക്കളെക്കൊണ്ട് പതിയോല വായിപ്പിച്ച് ഇട്ടിക്കോരയെ പ്രകീര്‍ത്തിക്കുമ്പോള്‍ മനസ്സിലിരിപ്പ് മറ്റൊന്നാണ്.  കാനിബാള്‍ വെബ്‌സൈറ്റില്‍ ലോകത്ത് നരഭോജികളുടെ വിഹാരമത്രേ. അതാണ് വായനാ സുഖം പകരാന്‍ ഇറക്കിയ പോംവഴി. സദ്ദാം ഹുസൈനും ഇറാഖി പട്ടാളവും, വിരുദ്ധ ചേരി സേനയിലെ  സേവ്യര്‍ കോരയോടുള്ള കുടിപ്പകയും ബാലന്‍സ് ചെയ്യാന്‍ തിരുകികയറ്റുന്നുണ്ട്. അത്  കൂടുതല്‍  വെളിവാക്കുന്നത് സേവ്യരെ കൊച്ചിയില്‍ ലഷ്‌കര്‍ തൊയ്ബക്കാര്‍ വെടിവെച്ച് കൊല്ലുമ്പോഴാണ്. ഇതിന് പിടികൂടപ്പെട്ടവരോടുള്ള മമതയ്‌ക്കാവാട്ടെ ഒട്ടും കുറവില്ല.  

കേരളഗണിത പാരമ്പര്യത്തെ നാലാംകിട അരാജകവാദിയുടെ കൈമുതലാണെന്ന് വരുത്തി തീര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന അവബോധമൊന്നും നോവലിസ്റ്റിനെ ലവലേശം തീണ്ടിയിട്ടില്ല. ബ്രാഹ്മണ മോഷണമാണ് ഗണിത പാരമ്പര്യമെന്ന് വരുത്തിത്തീര്‍ക്കുമ്പോള്‍ തന്നെ സംസ്‌കൃത ശ്ലോകങ്ങളും കൃതികളും അതില്‍ പറഞ്ഞ ശാസ്ത്ര സത്യങ്ങളെയും നിഷേധിക്കാത്തതിന് കാരണം ഇട്ടിക്കോരയുടെ ബുദ്ധിയില്‍ നിന്നുദിച്ചതായതിനാലാണത്രേ.

ടി.കെ. സുധാകരന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts