വുവുസേലകളുടെ കാതടപ്പിക്കുന്ന നിലവിളി ഒച്ചയ്‌ക്കിടയിലും ആഫ്രിക്കൻ അരീനയുടെ ഓരത്ത് തടിച്ചുരുണ്ട ആ കുറിയ മനുഷ്യന്റെ അമർഷം പുരണ്ട മുരളൽ കേൾക്കാമായിരുന്നു. കൈകൾ കൂട്ടിത്തിരുമ്മിയും തല കുമ്പിട്ടും ഇടയ്‌ക്കിടയ്‌ക്ക് മൈതാന വരയിലേക്ക് ഓടിക്കയറിയും അലറിക്കരഞ്ഞും …… മറഡോണയെ അവസാനം കണ്ടത് അങ്ങനെയാണ്…..
അർജന്റീനൻ വലയിലേക്ക് നാണക്കേടിന്റെ നാലാമത്തെ ഗോളും കോരിയെറിഞ്ഞ് തോമസ് മുള്ളറെന്ന ജർമ്മൻ ചെറു ബാല്യക്കാരൻ ഒഴുകി വന്ന് വിരൽ ചൂണ്ടി നിന്നത് മറഡോണയുടെ മുഖത്തേക്കായിരുന്നു…… ഒരു കാലത്തിന്റെ മുഖത്തേക്ക് ……
മൈതാനത്ത് വിയർത്ത് വിളറി നിൽപുണ്ടായിരുന്നു പുതിയ കാലം റിയൽ മിസിഹ എന്ന് വാഴ്‌ത്തിപ്പാടിയ ലയണൽ മെസി … ദക്ഷിണാഫ്രിക്കയിൽ മെസിയും കൂട്ടരും തോറ്റമ്പിപ്പോയ ആ ലോകക്കപ്പിൽ ഡീഗോ പരിശീലകനായിരുന്നു…… ജർമ്മൻ ഇടി മുഴക്കങ്ങൾ നിറഞ്ഞ ആ രാത്രിയിൽ ഡീഗോയുടെ നിറഞ്ഞ കണ്ണുകൾ ചോദിച്ചത് തനിക്ക് പകരം ആര് എന്നത് തന്നെയായിരുന്നു.
90 ൽ ഇറ്റലിയിൽ വിമാനമിറങ്ങുമ്പോൾ ഡീഗോ രാജാവായിരുന്നു. നാട്ടുരാജാവ് …. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചവൻ…. ഒരിക്കൽ ഇംഗ്ളണ്ടിനെതിരെ കൈ കൊണ്ടു ഗോളടിച്ച ഡീഗോ ഇറ്റലിയിൽ റഷ്യൻ ഗോൾ കൈ കൊണ്ട് തടുക്കുകയും ചെയ്തു….
റോജർ മില്ലയുടെ കാമറൂൺ കറുത്ത കുതിരകളായ ആ ലോകക്കപ്പ് മത്സരങ്ങൾ പരുക്കൻ അടവുകൾക്ക് കുപ്രസിദ്ധമായി ….. മറഡോണയ്‌ക്ക് വേണ്ടി മാത്രം എതിരാളികൾ മാരകമായ മുറകൾ പുറത്തെടുത്തു. ഡിഫൻഡർമാർ പലരും കശാപ്പുശാലകളിൽ നിന്ന് നേരെ മൈതാനത്തേക്ക് എത്തിയതു പോലെ കാണപ്പെട്ടു. എന്തിന്… പ്രഗത്ഭനായ ജർമ്മൻ സ്ട്രൈക്കർ റൂഡി വോളർ പോലും ഡീഗോയെ മൈതാനത്ത് ചവിട്ടിയരച്ചു ……
ബ്രസീൽ പക്ഷേ കരുണ കാട്ടി….. പന്ത് ഡീഗോയിലെത്താതിരുന്നാൽ മാത്രം മതി, അയാൾ മൈതാനത്തൊരു കുഞ്ഞാടായിരിക്കും എന്നതായിരുന്നു കാനറികളുടെ ധാരണ. കരേക്ക മുതൽ കഫു വരെയുള്ളവർ നിറഞ്ഞാടിയ മത്സരത്തിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഒരിക്കൽ ….. ഒരിക്കൽ മാത്രം … പാകത്തിന് കിട്ടിയ പന്തിൽ ഡീഗോയുടെ കാൽ ചുംബിക്കുന്നതേ ലോകം കണ്ടുള്ളു….. സ്വന്തം ഹാഫിൽ നിന്ന് മഴവില്ലു പോലെ അത് ഉയർന്നു പൊന്തി …. അവിടെ അത്ര നേരം ബ്രസീലിയൻ ഗോളി ടഫറേലിന് മുന്നിൽ , ഡീഗോയുടെ പാദങ്ങളിൽ ഹൃദയം കൊരുത്ത് കാത്തു നിന്ന കനീജിയയുടെ കാൽച്ചുവട്ടിലേക്ക് ലോകത്തിന്റെ ആരവങ്ങൾക്കൊപ്പം ആ മഴവില്ല് പൊട്ടിവീണു….. പിന്നെ ചരിത്രം ….. കരേക്കയും സംഘവും നാട്ടിലേക്ക് വണ്ടി കയറി……
ഡീഗോ മടങ്ങുകയാണ്….. ആ പാദങ്ങൾക്ക് മേൽ എത്ര മുഖങ്ങൾ നമ്മൾ പതിച്ചു നോക്കി ….. ഒരിക്കൽ അത് ഏരിയൽ ഒർട്ടേഗ ആയിരുന്നു. ഒടുവിൽ ലയണൽ മെസ്സിയും …… ആർക്കും ഡീഗോയാകാൻ കഴിയില്ലെന്ന് കാലം കാട്ടിത്തന്നു…… ചരിത്രമാണ് ആ മനുഷ്യൻ …… വില്ലനായപ്പോഴും നായകനായവൻ….. റിയൽ ഹീറോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: