കൊല്ലം: സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കെ-ഫോണ്‍ പദ്ധതിയില്‍ ദര്‍ഘാസ് ക്ഷണിച്ചത് ചട്ടവിരുദ്ധമായി. അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല (ഒഎഫ്സി) സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. ലണ്ടന്‍ ആസ്ഥാനമായ പിഡബ്ല്യൂസി എന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയെ കണ്‍സള്‍ട്ടന്‍സി ആക്കിയത് ടെന്‍ഡര്‍ ക്ഷണിക്കാതെയാണ്.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഗൈഡ്ലൈന്‍ പാലിക്കാതെയും ടെന്‍ഡര്‍ വിളിക്കാതെയുമാണ് പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത്. സര്‍ക്കാര്‍ ഇത്തരത്തില്‍ വിദേശ കമ്പനിയെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണ്. വിജിലന്‍സ് കമ്മീഷന് ഗൈഡ്ലൈന്‍ പ്രകാരം നിക്സി ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിന്ന് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കുന്നതിനായി താത്പര്യപത്രം ക്ഷണിക്കുകയാണ് ആദ്യപടി. എന്നാല്‍ ഇത്തരത്തില്‍ ഒരു താത്പര്യപത്രം പുറപ്പെടുവിക്കുകയോ ധനകാര്യബിഡ് പരിശോധിക്കുകയോ ചെയ്തിട്ടില്ല.
ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന കമ്പനിക്ക് എക്സ്പീരിയന്‍സ് മൈലേജ് അടിസ്ഥാനപ്പെടുത്തിയാണ് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുക്കേണ്ടത്. ഈ നിബന്ധനകള്‍ ഒന്നും പാലിക്കാതെയാണ് പിഡബ്ല്യുസിയെ കണ്‍സള്‍ട്ടന്‍സിയായി തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള വര്‍ക്ക് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത കമ്പനികളില്‍, കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ വിളിച്ച കമ്പനിയെ ഒഴിവാക്കിയാണ് നടപടി പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് പിഡബ്ല്യുസി 1030 കോടി രൂപ അടങ്കല്‍തുകയില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ബെല്‍ കണ്‍സോര്‍ഷ്യം-1548.68 കോടി, ടിസിഐഎല്‍-1729.99, എടു സെഡ്-2853.54 എന്നിങ്ങനെയാണ് പങ്കാളിയായവര്‍ നല്കിയ തുക.
ലഭ്യമായ ടെന്‍ഡറുകളില്‍ 10 ശതമാനം വര്‍ദ്ധന വന്നാല്‍ റീ ടെന്‍ഡര്‍ ചെയ്യണമെന്നാണ് സ്റ്റോര്‍ പര്‍ച്ചേസ്, സിവിസി ഗൈഡ് ലൈന്‍ ചട്ടം. എന്നാല്‍ പങ്കെടുത്ത കമ്പനികളുടെ ടെന്‍ഡര്‍ പരിശോധനയില്‍ 50 ശതമാനം വര്‍ധനവായിരുന്നു കണ്ടെത്തിയത്. എന്നിട്ടും കെ-ഫോണ്‍ റീടെന്‍ഡര്‍ നടപടിക്കായി തയാറായില്ലെന്നത് സംശയകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: