കൊല്ലം: ജിഎസ്ടി പരിധിയില്‍പ്പെടാത്ത സേവന ദാതാക്കള്‍ക്ക് കെഎസ്ഇബി കരാര്‍ നല്‍കുന്നത് വഴി സര്‍ക്കാരിന് നഷ്ടം കോടികള്‍. കെഎസ്ഇബിയുടെ കരാറുകള്‍ ചെറുകിടക്കാര്‍ക്ക് നല്‍കുന്നത് വഴി നികുതി ഇനത്തില്‍ നഷ്ടം കോടിക്കണക്കിന് രൂപയാണ്. വൈദ്യുതി പോസ്റ്റുകള്‍ കുഴിച്ചിടുന്നത് മുതല്‍ ടച്ചിങ് വെട്ടുന്നത് വരെ കരാര്‍ നല്‍കുകയാണ് പതിവ്. ഇവ ജിഎസ്ടി പരിധിയില്‍പ്പെടാത്ത കരാറുകാര്‍ക്ക് നല്‍കുന്നത് വഴി സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വെട്ടിക്കാന്‍ വൈദ്യുതി വകുപ്പും കൂട്ടു നില്‍ക്കുകയാണ്.
20 ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള ജിഎസ്ടി പരിധിയില്‍പ്പെടാത്ത കരാറുകാര്‍ക്കാണ് കെഎസ്ഇബി ഇത്തരം ജോലികള്‍ നല്‍കുന്നത്. ചെറുകിട സേവന ദാതാക്കള്‍ക്ക് കരാര്‍ അനുമതി നല്‍കുന്നതോടെ സര്‍ക്കാരിലേക്ക് ലഭിക്കേണ്ട 18 ശതമാനം സേവന നികുതിയാണ് നഷ്ടമാകുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്ത് മുഴുവന്‍ നൂറിന് മുകളില്‍ കരാറുകള്‍ പ്രതിവര്‍ഷം നല്‍കുന്നതായാണ് വിവരം. ഇതിലൂടെ മാത്രം ലക്ഷങ്ങളാണ് നികുതി ഇനത്തില്‍ നഷ്ടപ്പെടുന്നത്. നിലവില്‍ 11കെവി ലൈനിന്റെ കേബിളിങ് പോലെയുള്ള ജോലികളാണ് ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത കരാറുകാര്‍ക്ക് നല്‍കുന്നത്. 2017ന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സേവന നികുതി പിരിക്കാന്‍ തുടങ്ങിയത്. കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്ക് ഇത്തരം കരാറുകള്‍ നല്‍കുന്നതിലൂടെ ബോര്‍ഡിനും സര്‍ക്കാരിനും കോടിക്കണക്കിന് രൂപയാണ് പ്രതി വര്‍ഷം നഷ്ടമാകുന്നത്. അംഗീകൃത ജിഎസ്ടി ഉള്ള കരാറുകാരന് കരാര്‍ നല്കുമ്പോള് തന്നെ ജിഎസ്ടി റിട്ടേണ്‍ ഉറപ്പു വരുത്തുന്നതിലേക്കായി 2 ശതമാനം ടിഡിഎസ് ഈടാക്കാറുണ്ട്.
ഇവ പിന്നീട് കരാര്‍ ജോലി പൂര്‍ത്തിയാക്കുമ്പോള്‍ മടക്കി നല്‍കും. ഇത്തരത്തില്‍ അംഗീകൃത ജിഎസ്ടി സേവന ദാതാക്കള്‍ക്ക് കരാര്‍ നല്‍കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താന്‍ സാധിക്കും. ജിഎസ്ടി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കരാര്‍ നല്‍കരുതെന്ന് പല തവണ ആവശ്യം ഉയര്‍ന്നെങ്കിലും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഇടപെടലുകള്‍ സര്‍ക്കാരിന് നികുതി ഇനത്തില്‍ ഭീമമായ നഷ്ടം ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: