കണ്ണൂർ: കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലെ സവിശേഷതയായ തുലാംമാസത്തിലെ മത്തവിലാസം കൂത്ത് സമര്‍പ്പണം മഹാമാരിക്കിടയിലും മുടങ്ങിയില്ല. മഹാമാരിയുടെ പശ്ചാത്തലത്തിലും ഒരുമാസം നീണ്ടുനിന്ന കൂത്ത് സമര്‍പ്പണത്തിന് തുലാംമാസം ആദ്യം തന്നെ കലാമണ്ഡലം മാണി വാസുദേവ ചാക്യാര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ ഭക്തജനങ്ങളുടെ സാന്നിധ്യം കുറവായിരുന്നു.
കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലും കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലും ഉള്‍പ്പെടെ അപൂര്‍വ്വ സ്ഥലങ്ങളില്‍ മാത്രമേ മത്തവിലാസം കൂത്ത് പതിവുള്ളു. ബ്രഹ്മഹത്യാപാപം തീര്‍ക്കാനായി കപാലിയായി ഭൂമിയില്‍ സഞ്ചരിക്കുന്ന ശിവനെയാണ് മത്തവിലാസത്തില്‍ അവതരിപ്പിക്കുന്നത്. കപാലി വേഷധാരിയായ ചാക്യാര്‍ ഇടതുകൈയില്‍ കപാലവും വലതുകൈയില്‍ തൃശൂലവും മുതുകില്‍ പൊക്കുണ്ഡവും (മദ്യം സൂക്ഷിക്കുന്ന പാത്രം) ആയാണ് രംഗത്തെത്തുന്നത്. കപാലിയുടെ നൃത്തം കാണുന്നയാള്‍ക്ക് അഭീഷ്ടകാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. കരിവെള്ളൂര്‍ ക്ഷേത്രത്തില്‍ ഒരു വര്‍ഷം 22 മത്തവിലാസം കൂത്ത് അവതരണമാണ് നടക്കുന്നത്. അതില്‍ 21 എണ്ണം ഭക്തരുടെ പ്രാര്‍ത്ഥനയാണ്. 2033 വരെയുള്ള കൂത്ത് ബുക്ക് ചെയ്തു കഴിഞ്ഞു.
വടക്കന്‍ കേരളത്തിലെ പ്രധാനക്ഷേത്രങ്ങളില്‍ കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം മാണി കുടുംബത്തിനാണ്. പതിറ്റാണ്ടുകളായി കലാമണ്ഡലം മാണി വാസുദേവ ചാക്യാര്യാണ് കരിവെള്ളൂര്‍ ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിക്കുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ അരങ്ങേറ്റം കുറിച്ച കരിവെള്ളൂര്‍ ക്ഷേത്രത്തിലെ അവതരണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാണിക്കാറുണ്ട്. മാണി വാസുദേവ ചാക്യാരുടെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങള്‍ക്ക് കഴിഞ്ഞദിവസമാണ് തുടക്കം കുറിച്ചത്.
ഇന്നലെ വൈകിട്ടോടെ മത്തവിലാസം കൂത്ത് സമാപിച്ചു. വൃശ്ചികസംക്രമ ദിവസമായ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന വിരുത്തിക്കൂത്തോടെ കൂത്ത് സമര്‍പ്പണം സമാപിക്കും. അതുകഴിഞ്ഞ് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലാണ് ഇനി മാണി വാസുദേവ ചാക്യാരുടെ കൂത്ത് സമര്‍പ്പണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: