കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ നിലവിലെ വിവാദ വിഷയങ്ങളില്‍ ആഴത്തില്‍ ഇടപെടരുതെന്നും അഭിപ്രായ പ്രകടനം നടത്തുന്നത് തത്കാലം ഒഴിവാക്കാനും സിപിഎം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായപ്പോള്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ ഇഡി കേസിലെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു പാര്‍ട്ടിയുടെ ‘ക്യാപ്സ്യൂള്‍’ പ്രതിരോധം. എന്നാല്‍ അവ വേണ്ടത്ര ഫലം കണ്ടില്ലെന്ന് മാത്രമല്ല പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൂടിയ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് പ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമങ്ങളിലെ അതിരുവിട്ട ന്യായീകരണം അരോചകമായി തോന്നിയത്. കടുത്ത ഭാഷയില്‍ തന്നെയാണ് നേതാക്കള്‍ താക്കീത് നല്‍കിയത്. ശിവശങ്കറിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരി കൂടി ഇഡിയുടെ കസ്റ്റഡിയിലായതോടെ പാര്‍ട്ടി വെട്ടിലായി. എന്തായാലും രണ്ട് അറസ്റ്റുകളും സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നതാണ്. മുന്‍പ് ലൈഫ് പദ്ധതി ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ ന്യായീകരണവുമായി പോരാളിഷാജി പോലെയുള്ള ഫേസ്ബുക്ക് പേജുകളും മുന്നിട്ടിറങ്ങിയിരുന്നു. സൈബര്‍ ആക്രമണം നേരിടുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം സിപിഎമ്മിന്റെ ഏരിയ തലത്തിലുള്ള നവമാധ്യമ സമിതികള്‍ക്ക് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വലംകൈയായിരുന്ന ശിവശങ്കറും പാര്‍ട്ടി സെക്രട്ടറിയുടെ മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിടിയിലായതോടെ സൈബര്‍ സഖാക്കള്‍ മൗനം പാലിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴിയില്‍ പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കറിനുള്ള കൈക്കൂലി ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് ഇതേപ്പറ്റി അറിയാമായിരുന്നു എന്നതും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: