Categories: Kerala

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ മാറ്റണം; മൂന്ന് വര്‍ഷമായി ഒരേ പദവിയില്‍ തുടരുന്ന റവന്യൂ- പോലീസ് ഉദ്യോഗസ്ഥരെ നീക്കാന്‍ നിര്‍ദ്ദേശം

അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ അടക്കം മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Published by

തിരുവനന്തപുരം : മൂന്ന് വര്‍ഷമായി ഒരേ പദവിയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. മൂന്ന് വര്‍ഷത്തില്‍ അധികമായി പദവിയില്‍ തുടരുന്ന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനും തെരഞ്ഞെടുപ്പ് നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.  

അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബെഹ്‌റയെ അടക്കം മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് -റവന്യു വകുപ്പുകളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കാലത്ത് മാറ്റണമെന്നാണ് നിര്‍ദ്ദേശം. തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇക്കാര്യം നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.

പുതിയ പോലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. പോലീസ് മേധാവിത്ത സ്ഥാനം ഏറ്റെടുത്ത് ജൂണില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ബെഹ്‌റയെ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. 

ബെഹ്‌റയെ മാറ്റുകയാണെങ്കില്‍ പോലീസ് മേധാവിയാകേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറണം. ബെഹ്‌റ മാറുകയാണെങ്കില്‍ ഋഷിരാജ് സിങ്, ടോമിന്‍ ജെ. തച്ചങ്കരി, സുദേഷ് കുമാര്‍, ബി. സന്ധ്യ എന്നിവരാണ് സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ബെഹ്‌റയ്‌ക്ക് വിരമിക്കാന്‍ ഇനി ആറ് മാസം മാത്രമുള്ളപ്പോഴാണ് മാറ്റണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക