Categories: Samskriti

തത്വമസിയുടെ പൊരുള്‍

ശ്ലോകം 255

യത്പരം സകലവാഗഗോചരം

ഗോചരം വിമലബോധചക്ഷുഷ:

ശുദ്ധചിദ്ഘനമനാദിവസ്തു യദ് –

ബ്രഹ്മതത്ത്വമസി ഭാവയാത്മനി

ഏറ്റവും കേമമായതും വാക്കുകളെ കൊണ്ട് വിവരിക്കാന്‍ കഴിയാത്തതും വിമലമായ അറിവിന്റെ കണ്ണു കൊണ്ട് മാത്രം കാണാന്‍ കഴിയുന്നതും ശുദ്ധ ചിദ്ഘനവും അനാദിയുമായ ബ്രഹ്മത്തെ നീ തന്നെയെന്ന് ഹൃദയത്തില്‍ ഭാവന ചെയ്യൂ.

സകലവാഗഗോചരം – എല്ലാ വാക്കുകള്‍ക്കും അറിയാനാകാത്തത്. വാക്കുകളെ കൊണ്ട് ബ്രഹ്മത്തെ പറയാനാവില്ല. ചിന്തയ്‌ക്ക് വിഷയമല്ല ബ്രഹ്മം എന്നതിനാല്‍ ഒരു ഭാഷയ്‌ക്കും ഒരു തരത്തിലും ഒരിക്കലും അതിനെ വിവരിക്കാനാവില്ല. എന്നാല്‍ ശുദ്ധമായ അറിവിന്റെ കണ്ണു കൊണ്ട് ബ്രഹ്മത്തെ അനുഭവിക്കാനാവും. ജ്ഞാനകണ്ണ് കാണുക എന്നാല്‍ അപരോക്ഷാനുഭൂതിയെ നേടുക എന്നറിയണം.

മറ നീങ്ങി, വിക്ഷേപങ്ങളടങ്ങിയ പ്രശാന്തമായ ബുദ്ധിയെയാണ് ശുദ്ധ ബുദ്ധി എന്ന് പറയുന്നത്. ബുദ്ധിക്ക് ഇളക്കം തട്ടുന്നത് വാസനകള്‍ മൂലമാണ്. വാസനകള്‍ തീര്‍ന്നയാള്‍ക്ക് തന്റെ ബുദ്ധിയെ നിശ്ചലമാക്കി സാമ്യാവസ്ഥയില്‍  നിര്‍ത്താനാകും. സൂക്ഷ്മമായതിനെ അറിയാന്‍ കഴിയുന്ന അത്തരം ബുദ്ധിയാല്‍ ആത്മാനുഭവം ഉണ്ടാകും.

ശുദ്ധചിദ്ഘനം – ശുദ്ധബോധാത്മകം.ശുദ്ധ ചൈതന്യമാണിത്. ഇടതിങ്ങി നിറഞ്ഞ ചൈതന്യം തന്നെ. ശുദ്ധ ചൈതന്യത്തെക്കുറിച്ചുള്ള അവബോധമാണിത്. വസ്തുക്കളെക്കുറിച്ചുള്ള ബോധമല്ല അത്. എന്നും ഉള്ള ബോധമാണ്.

അതുകൊണ്ട് തന്നെ അനാദി എന്ന് വിശേഷിപ്പിക്കുന്നു. അത് ഉണ്ടായി ഇല്ലാതെയാകുന്നതല്ല.  

ബ്രഹ്മം എന്നും ഉള്ളതാണ് എന്നാല്‍ ജഗത്ത് ഉണ്ടായതാണ്. അതിന് ആദിയും അന്തവുമുണ്ട്. എന്നുമുള്ളതായ ആ ബ്രഹ്മം തന്നെയാണ് നീ എന്ന് എല്ലായ്‌പ്പോഴും ഭാവന ചെയ്യണം.

ശ്ലോകം 256

ഷഡ്ഭിരൂര്‍മ്മിഭിരയോഗി യോഗിഹൃദ് –

ഭാവിതം ന കരണൈര്‍വിഭാവിതം

ബുദ്ധ്യവേദ്യമനവദ്യമസ്തി യദ് –

ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

ആറ് തിരയടികള്‍ ഏല്‍ക്കാത്തതും യോഗികള്‍ ഭാവന ചെയ്യുന്നതും ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിയ്‌ക്കും അറിയാനാകാത്തതും അനവദ്യവുമായ ബ്രഹ്മത്തെ നീ തന്നെയെന്ന് ഹൃദയത്തില്‍ ഭാവന ചെയ്യൂ. ഷഡൂര്‍മ്മികള്‍ എന്നാല്‍ ആറ് തിരമാലകള്‍. വിശപ്പ്, ദാഹം , ശോകം, മോഹം, ജര, മൃത്യു എന്നിവയാണവ. തിരമാലകള്‍ പോലെ ഒന്നിന് പുറകെ ഒന്നായി വന്നെത്തുന്നവയാണിവയെല്ലാം. ദുഃഖത്തിനു കാരണമായ ഇവയുമായി പരമാത്മാവിന് യാതൊരു ബന്ധവുമില്ല.

പ്രാണന്‍,മനസ്സ് , ശരീരം എന്നിവയെ ആശ്രയിച്ചാണ് ഷഡൂര്‍മ്മികള്‍ ഉണ്ടാകുന്നത്. പ്രാണന്‍ മുതലായവയുടെ ധര്‍മ്മങ്ങള്‍ ആത്മാവിന്റെയല്ല. ഈ ആറ് തിരമാലകള്‍ക്ക് അതീതമായതും ബുദ്ധിക്ക് വിഷയ

മല്ലാത്തതുമായ ബ്രഹ്മത്തെ യോഗികള്‍ തന്നില്‍ തന്നെ ഭാവന ചെയ്യുന്നു. നിത്യ ശുദ്ധമായ ബ്രഹ്മത്തെ ഉള്ളം ശുദ്ധമായവര്‍ക്ക് മാത്രമേ ഭാവന ചെയ്യാനാവൂ. ആ ബ്രഹ്മം നീ തന്നെയാണ.് തത്ത്വമസി. ഈ സത്യത്തെ വേണ്ടതു പോലെ വിചാരം ചെയ്യണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക