Categories: Kerala

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ്; അറസ്റ്റ് പേടിയില്‍ കെ ടി ജലീല്‍

സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്‍ഐഎയും ഇ.ഡിയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Published by

തിരുവനന്തപുരം: ഖുര്‍ ആന്റെ മറവിലെ സ്വര്‍ണക്കടത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുടുങ്ങുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം. മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ഈ സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കസ്റ്റംസ് അന്വേഷണം നടത്തിവരികയായിരുന്നു. എന്‍ഐഎയും ഇ.ഡിയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയില്‍ ജലീലിനെ രണ്ടാം തവണ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ഉറപ്പിച്ചിരുന്നു. മറ്റു ചില തെളിവുകള്‍ കൂടി ലഭിച്ചശേഷം മതി എന്ന് തീരുമാനിക്കുകയായിരുന്നു.

ജലീലിന് പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും ഫോണ്‍ വന്നതിനെക്കുറിച്ച് മിലട്ടറി ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മിലട്ടറി ഇന്റലിജന്‍സ് മന്ത്രിയെ കൂടുതല്‍ ചോദ്യം ചെയ്യും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഫോണ്‍ സിഡാക്കില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

ജലീലിന്റെ നടപടികളില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ പങ്കാളിത്തമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എന്നിവ ഉന്നതതലങ്ങളിലേക്കും കേന്ദ്രസര്‍ക്കാറിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കി. ജലീലിന്റെ മൊഴികള്‍ ന്യൂദല്‍ഹിയിലെയും ഹൈദരാബാദിലെയും ഓഫിസുകള്‍ക്കും വിദേശമന്ത്രാലയത്തിനും കൈമാറിയിരുന്നു.

ഈത്തപ്പഴം, മതഗ്രന്ഥം എന്നിവ വിതരണ ചെയ്ത കേസില്‍ മന്ത്രിയെ പ്രതിയാക്കാതിരിക്കാനാകില്ലെന്നാണ് കസ്റ്റംസ് നിലപാട്. റമദാന്‍ കിറ്റിന്റെ പേരില്‍ കോണ്‍സുലേറ്റില്‍നിന്ന് സാമ്പത്തിക സഹായം നേടി. മന്ത്രിയെന്ന അധികാരം ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങള്‍ എത്തിച്ചത്. മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടാണ് സ്ഥാപനങ്ങളില്‍ എത്തിച്ചത്. ഇതൊക്കെ അധികാര ദുര്‍വിനിയോഗമാണ്. കേസിന്റെ സാഹചര്യത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന് നിര്‍ദേശിച്ചത് ജലീലിന് കാര്യങ്ങള്‍ അറിയാമായിരുന്നു എന്നതിനു തെളിവായിട്ടാണ് കസ്റ്റംസ് വിലയിരുത്തിയത്.

ജലീലിന്റെ സ്വത്ത് വിവരം എന്‍ഫോഴ്സ്മെന്റും (ഇ.ഡി) വിദേശയാത്രകള്‍, സൗഹൃദങ്ങള്‍, ഭൂതകാലം എന്നിവ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിച്ചു. സ്വപ്ന വിദേശ പര്യടനം നടത്തിയ കാലയളവില്‍ മന്ത്രിയും വിദേശത്ത് പോയിട്ടുണ്ടോ, എന്ത് ആവശ്യത്തിന്, യു.എ.ഇ കോണ്‍സുലേറ്റ് അധികൃതരുമായുള്ള ബന്ധം എന്നിവ സംബന്ധിച്ചാണ് എന്‍.ഐ.ഐ അന്വേഷിച്ചത്. മനുഷ്യക്കടത്ത് സംശയ നിഴലിലുള്ള വ്യക്തികളുമായും സ്ഥാപനങ്ങളുമായും മന്ത്രിക്കുള്ള ബന്ധവും അന്വേഷിച്ചിരുന്നു. ആശയവിനിമയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും സിഡാക് ഉള്‍പ്പെടെ സാങ്കേതിക ഏജന്‍സികളുടെ സഹായത്തോടെ എന്‍.ഐ.എ പരിശോധിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക