Categories: Kerala

യുഡിഎഫിന് പ്രകടന പത്രിക പുറത്തിറക്കാന്‍ സാധിക്കുമോ; അഭിപ്രായ പ്രകടനം പോലും നടത്താനാവാതെ ദുര്‍ബലമായോ, രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ

സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ല.

Published by

കോട്ടയം : മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് യുഡിഎഫിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ. . ദീപികയിലെ എഡിറ്റോറിയല്‍ പേജില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

മുന്നാക്ക സമുദായത്തില്‍ സാമ്പത്തികം കുറഞ്ഞവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനെ മുസ്ലിം ലീഗ് എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരില്‍ അല്ല. ഈ നിലപാടില്‍ ലീഗിന്റെ വര്‍ഗീയതയാണ് മുഖംമൂടി മാറ്റി പുറത്തേയ്‌ക്ക് വരുന്നത്. ഈ വിഷയത്തില്‍ യുഡിഎഫ് ഇതുവരെ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ല. അഭിപ്രായ പ്രകടനം പോലും നടത്താന്‍ ആവാത്ത വിധം യുഡിഎഫ് ദുര്‍ബലമായോ എന്നും ലേഖനത്തിലൂടെ ആര്‍ച്ച് ബിഷപ്പ് ചോദിച്ചു.  

ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇഡബ്ല്യൂഎസ്) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്. എംഎല്‍എമാരുടെ മേല്‍ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്ന് ജോസഫ് പെരുന്തോട്ടം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും രൂക്ഷ വിമര്‍ശനമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ഉയര്‍ത്തുന്നത്.

സംവരണത്തിനെതിരെ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ല.സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു. 

വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്ന രൂക്ഷ വിമര്‍ശനവും ലേഖനത്തിലുണ്ട്. ജമാത്ത് ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക