ഹാഥ്റസിലെ നാടകങ്ങള്‍ക്ക് ശേഷം സോണിയയുടെ മകന് കേരളത്തിലേക്ക് വണ്ടി കയറി. വയനാട്ടിലേക്ക് ടൂറ് പോകുന്നു എന്നാണ് രാഹുലിന്റെ ട്വീറ്റ്. ടൂറ് പോകാന്‍ പറ്റിയ ഇടമാണ് വയനാട്. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശം. സോണിയയുടെ മകന് ടൂറ് പോകാന്‍ തോന്നുന്നതില്‍ തെറ്റില്ല. പക്ഷേ, കക്ഷി അവിടുത്തെ എംപിയാണെന്നതാണ് ആളുകള്‍ നെറ്റിചുളിക്കാന്‍ കാരണം. ജയിപ്പിച്ചുവിട്ട വോട്ടര്‍മാരെ കാണാന്‍ രണ്ടോ മൂന്നോ ആണ്ട് കൂടുമ്പോഴെത്തുന്ന ഒരു അപൂര്‍വതരം ജനപ്രതിനിധിയാണ് രാഹുല്‍. പക്ഷേ ഇത്തവണ കൊണ്ടുപിടിച്ചൊരു മണ്ഡലപര്യടനത്തിന് രാഹുല്‍ ഒരുമ്പെടുമ്പോള്‍ അതില്‍ ഹാഥ്റസിന്റെ പിന്നാമ്പുറം ആരും മണത്തിരുന്നില്ലെന്ന് മാത്രം.
ഹാഥ്റസില്‍ യുഎപിഎ അനുസരിച്ച് അകത്താക്കപ്പെട്ട ഒരു പോപ്പുലര്‍ഫ്രണ്ട് മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തെ കാണാനും കണ്ണീരൊപ്പാനും ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കാനും സോണിയയുടെ മകന് മടികാട്ടിയില്ല. കേരളം വല്ലാണ്ട് പ്രബുദ്ധമായിപ്പോയതുകൊണ്ട് ഇതൊക്കെ കോള്‍മയിരണിഞ്ഞ് കാണുന്നുണ്ടാവും. എന്നാല്‍ രാജ്യം അങ്ങനെയല്ല രാഹുലിന്റെ ചെയ്തിയെ നോക്കിക്കാണുന്നത്. രാഷ്ട്രവിരുദ്ധര്ക്കൊപ്പമാണ് എന്ന് കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടിയുടെ നേതാവിന്, അതും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് പറയാന്‍ സാധിക്കുന്നതിന്റെ രസതന്ത്രം രാജ്യം ചര്‍ച്ച ചെയ്യുകയാണ്. കൊവിഡ് നിയന്ത്രണത്തില്‍ ഭാരതത്തേക്കാള്‍ കേമമാണ് പാകിസ്ഥാന് എന്ന് കുമ്പിട്ടുനില്ക്കുന്ന തിരുവനന്തപുരത്തെ അന്താരാഷ്ട്ര എംപി വാര്‍ത്തകളില്‍ നിറയുന്ന കാലത്താണിത് സംഭവിക്കുന്നതെന്ന് ഓര്‍ക്കണം.
ഭരണാധികാരത്തിന്റെ അതിരുകളില്‍ പോലും അടുത്തെങ്ങും ഇടം കിട്ടില്ലെന്ന് ഉറപ്പായതില്പിന്നെ രാഹുലും ഒരു വിഭാഗം കോണ്‍ഗ്രസുകാരും ഇങ്ങനെയാണ്. ഒറ്റുകാരുടെ കൂട്ടപ്പൊരിച്ചിലാണ് ആ പാര്‍ട്ടിയില്‍. ഹാഥ്റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ആശ്രിതര്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ അവിടുള്ളപ്പോഴാണ് കള്ളക്കഥകള്‍ പറഞ്ഞുപെരുപ്പിച്ച് ജാതിക്കലാപം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും പോപ്പുലര്‍ഫ്രണ്ടുമൊക്കെ കൈകോര്‍ത്തതും പ്രചരിപ്പിച്ചതും. പോലീസ് നടപടികള്‍ വേഗത്തിലാക്കിയും പ്രതികളെ കയ്യോടെ പിടിച്ചും ഇരയുടെ ആശ്രിതരെ സഹായിച്ചും മറ്റാരെക്കാളും വേഗത്തില്‍ പ്രശ്നത്തില്‍ ഇടപെട്ട യുപി സര്‍ക്കാരിനെ ഇകഴ്ത്തുകയായിരുന്നു ലക്ഷ്യം. ഹാഥ്റസില്‍ മാത്രമല്ല രാജ്യത്തെല്ലായിടത്തും സാധിച്ചാല്‍ ഒരു ജാതിക്കലാപം മനസ്സില്‍ കണ്ടാണ് ഖദറുടുത്ത് ആങ്ങളയും പെങ്ങളും കൂടി അങ്ങോട്ടേക്ക് വണ്ടി കയറിയത്. കേരളത്തിലെ മാധ്യമങ്ങള്‍ പടം പിടിച്ച് നെഞ്ചത്തൊട്ടിച്ച് പ്രഖ്യാപിച്ചത് രാഹുല്‍ രക്ഷകനാകുന്നു എന്നായിരുന്നു. ഹാഥ്റസില്‍ ഉരുണ്ടുവീണ് നാടകം കളിച്ച നായകന് അടുത്ത ദിവസം കര്‍ഷകരെ രക്ഷിക്കാന്‍ ട്രാക്ടറില്‍ കുഷ്യനിട്ട കസേരയിട്ടിരുന്ന് പഞ്ചാബിലേക്ക് മാര്‍ച്ച് നടത്തി. ഏതാണ്ടെല്ലാം രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുമെന്നാണ് നമ്മള് കരുതിയത്. ആ യാത്ര എവിടെ വരെയെത്തിയെന്ന് പോലും ആരും അറിഞ്ഞില്ല.
ഹാഥ്റസില്‍ നിന്ന് രാഹുല്‍ അടുത്ത കളത്തിലേക്ക് ചാടുമ്പോഴും യുപി സര്‍ക്കാര്‍ അവിടെത്തന്നെയായിരുന്നു. കല്ലും പതിരും തിരിച്ച്, ഇഴകീറി പരിശോധിച്ച് ഹാഥ്റസിലെ കോലാഹലത്തെക്കുറിച്ച് പഠിക്കുകയായിരുന്നു. അത് ആസൂത്രിതമായിരുന്നു എന്ന് കണ്ടെത്തുന്നു. പ്രതിഷേധത്തിന്റെ മറവില്‍ ഒന്നുമറിയാത്തവണ്ണം പ്രദേശത്ത് നുഴഞ്ഞുകയറി കലാപം നടത്തുകയായിരുന്നു ലക്ഷ്യം എന്ന് തിരിച്ചറിയുന്നു.
അക്കൂട്ടത്തിലാണ് ഒരു കാപ്പന് പിടിയിലായത്. ആള് മാധ്യമപ്രവര്‍ത്തകനാണെന്നും നിരപരാധിയാണെന്നും മുറവിളി ഉയരുന്നു. യോഗി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നായിരുന്നു ആക്ഷേപം. സിഎഎയ്ക്കെതിരായ വിറപ്പിക്കല്‍ കഴിഞ്ഞ് ഹാഥ്റസില്‍ സംഘടിച്ച മാധ്യമപ്രവര്‍ത്തകരുടെ പട ലോകത്തോട് അന്ന് എന്തെല്ലാമാണ് വിളിച്ചുപറഞ്ഞത്. രാജ്യത്തെ ഏതാണ്ട് എല്ലാ ഭാഷയിലെയും മാധ്യമ പ്രവര്‍ത്തകര്‍ ഹാഥ്റസില്‍ പോയി. ചിലര്‍ പോലീസിനെ വെല്ലുവിളിച്ചു. ഉറക്കമിളച്ചിരുന്ന് യോഗിയെയും യുപിയെയും കൊന്ന് കൊലവിളിച്ചു. എബിപി ന്യൂസിലെ ഒരു പെണ്‍പുലി പോലീസ് വലയം ഭേദിക്കുന്നതിന്റെ ചിത്രങ്ങള്‍ കണ്ട് കേരളം ‘കോള്‍മയിരണിഞ്ഞു’. ഇപ്പറഞ്ഞവരാരും അറസ്റ്റിലായില്ല. ജയിലില്‍ പോയില്ല.
അപ്പോള്‍ പിന്നെ കാപ്പനെന്താണ് കുഴപ്പം. കാപ്പനോട് മാത്രമെന്തിനാണ് യുപി പോലീസിങ്ങനെ? ആ ചോദ്യത്തിനുത്തരം ഒപ്പം പോയവര്‍ നല്‍കും. ആള് മാധ്യമപ്രവര്‍ത്തകനായല്ല ഹാഥ്റസിലേക്ക് പോയതെന്ന് ചുരുങ്ങിയത് രാഹുലിനെങ്കിലും അറിയാം. എന്നിട്ടും താന്‍ ഒപ്പമുണ്ടെന്ന് പറയണമെങ്കില്‍ രാഹുലിന്റെയും പോപ്പുലര്‍ഫ്രണ്ടിന്റെയും രഹസ്യബന്ധം വ്യക്തമാണ്.
വയനാട്ടിലെ ലീഗുകാരുടെയും സിപിഎമ്മുകാരുടെയും വോട്ട് വാങ്ങി തടി രക്ഷപ്പെടുത്തിയെടുത്തതിന്റെ നന്ദി കാണിക്കല്‍ മാത്രമല്ല ഇതെന്നുറപ്പ്. ബാലാക്കോട്ടും ഉറിയും തൊട്ട് മോദി തൊട്ടതെല്ലാം മോശമെന്ന് പറയാനാണ് രാഹുല്‍ ഇക്കാലമത്രയും ശ്രമിച്ചത്. ഇന്ത്യയില്‍ ഒന്നും ഭദ്രമല്ലെന്ന് ലോകത്തെ അറിയിക്കാന്‍ പറ്റിയ ഇനമാണ് രാഹുലെന്ന്, ഇമ്രാന്ഖാന് പോലും മനസ്സിലാക്കിയിട്ടുണ്ട്. ജയച്ചന്ദ്രന്മാര്‍ ചരിത്രത്തിന്റെ ആവര്‍ത്തനമാകുന്നത് ഇങ്ങനെയൊക്കെയാണ്.
പക്ഷേ കാലം മാറിയല്ലോ. ഒറ്റുകാരെ തിരിച്ചറിയാനുള്ള മൂന്നാം കണ്ണ് ഇന്ന് രാജ്യത്തിനുണ്ട്. ചന്ദ്രന്റേതുപോലും അത്രസുന്ദരമായ മുഖമല്ലെന്ന് ഫോട്ടം പിടിച്ച് നാട്ടിലേക്ക് അയയ്ക്കുന്ന വിരുത് നേടിയ ഒരു രാജ്യത്ത് ഇരുന്നാണ് രാഹുല്‍ വിദ്രോഹികള്ക്കു വേണ്ടി കുഴലൂതുന്നത്. പക്ഷേ ദുരൂഹതകളുടെ നടുക്കാണ് കാലം മുതലേ കുടുംബമെന്ന് അറിഞ്ഞാല്‍ തീരാവുന്നതേ ഉള്ളൂ മധ്യവയസ്കനായ ഇളമുറക്കാരന്റെ ഇളകിയാട്ടത്തോട് ഇനിയും ചിലര്‍ക്ക് ബാക്കി നില്ക്കുന്ന ആരാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: