1920 ഒക്ടോബര്‍ 17 ന് താഷ്കെന്റില്വച്ച് രൂപീകരിച്ച ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’- എന്ന സംഘടനയ്ക്ക് 100 വയസ് തികഞ്ഞു. 1917 ലെ മഹത്തായ റഷ്യന്‍ വിപ്ലവം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് റഷ്യയുടെ ഭാഗമായിരുന്ന താഷ്കെന്റില്വച്ച് രൂപീകരിച്ചത്. ‘റഷ്യന്‍ വിപ്ലവം കഴിഞ്ഞ്’- എന്ന വസ്തുതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. റഷ്യന്‍ വിപ്ലവത്തിന്റെ സ്വാധീനത്തിലാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് എന്ന കാര്യം പലതവണ ഇ.എം.എസ്. നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ രചനകളില്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഇഎംഎസ് എഴുതി: ”മാര്‍ക്സിസത്തിന്റെ ആശയങ്ങള്‍തന്നെ ഇന്ത്യയിലെ സ്വാതന്ത്ര്യഭടന്മാരുടെ ഇടയില്‍ ചുരുങ്ങിയ നിലയിലെങ്കിലും വ്യാപിക്കാന്‍ തുടങ്ങിയത് 1917 ലെ റഷ്യന്‍ വിപ്ലവത്തിനുശേഷമാണ്.”- (ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, പേജ് 350, തിരുവനന്തപുരം, 2009) വിഭജിക്കപ്പെടുന്നതിനു മുമ്പ് 1958 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിതന്നെ ഔദ്യോഗികമായി ഈ വസ്തുത എടുത്തുപറഞ്ഞിട്ടുണ്ട്.
”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്, മഹത്തായ ഒക്ടോബര്‍ വിപ്ലവത്തില്‍നിന്നും ആവേശമുള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ വിപ്ലവകാരികള്‍ ദേശീയ മോചനത്തിനായുള്ള പുതിയ പാതകള്‍ അന്വേഷിച്ചതിന്റെ ഫലമായാണ്”- (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭരണഘടന, 1958, പേജ് 1). അതായത്, റഷ്യന്‍ വിപ്ലവത്തില്‍നിന്നുള്ള ആവേശമാണ് ചോദക ശക്തി. പ്രത്യയശാസ്ത്ര ശക്തിയും പ്രായോഗിക പരിപാടിയും റഷ്യന്‍ വിപ്ലവത്തെ ആശ്രയിച്ചാണിരിക്കുന്നത്. റഷ്യയില്‍ വച്ചാണ് അത് രൂപീകരിക്കപ്പെടുന്നതും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയുടെ മോചനത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും റഷ്യന്‍ വിപ്ലവത്തിന്റെ, ബോള്‍ഷെവിസത്തിന്റെ പ്രത്യയശാസ്ത്രമാണ് സ്വീകരിച്ചത്. മാര്‍ക്സിസം എന്നല്ല, ‘മാര്‍ക്സിസം-ലെനിനിസം’ എന്നാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ അന്നും, ഇന്നും പറയുന്നത്.
എന്തായിരുന്നു ലെനിനിസം?
1919 ല്‍ മോസ്കോയില്‍ വച്ച് ലെനിന് ‘കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍’- എന്നൊരു സംഘടന രൂപീകരിച്ചിരുന്നു. ഈ സംഘടനയുടെ ഉദ്ദേശ്യം ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം വളര്‍ത്തുക എന്നതായിരുന്നു. ഈ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ചില സവിശേഷതകള്‍ ഉണ്ടായിരുന്നു. ലെനിന് രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ 3-ാം ഇന്റര്‍നാഷനല്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ ഇന്റര്നാഷനലിന് മുമ്പ് നേരത്തെ രണ്ട് ഇന്റര്നാഷനലുകള് സംഘടിപ്പിക്കപ്പെട്ടിരുന്നു. (1): ഇന്റര്‍നാഷനല്‍ വര്‍ക്കിംഗ്മെന്‍സ് അസോസിയേഷന് എന്ന പേരിലറിയപ്പെട്ടിരുന്ന സംഘടന. കാള്‍ മാര്‍ക്സ് തന്നെ സംഘടിപ്പിച്ച ഈ സംഘടന 1864 ല്‍ രൂപീകൃതമായി. 1876 ല്‍ പിരിച്ചുവിട്ടു. മാര്‍ക്സിസ്റ്റ് പക്ഷക്കാരും അനാര്‍ക്കിസ്റ്റുകളും തമ്മിലുള്ള തര്‍ക്കമായിരുന്നു കാരണം. ഇതിന്റെ കാതലായ ഭാഗം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ആശയം അനാര്‍ക്കിസ്റ്റുകള്‍ സ്വീകരിക്കാത്തതായിരുന്നു. (2): സോഷ്യലിസ്റ്റുകളും തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികളും ചേര്‍ന്ന് 1889 ല്‍ വീണ്ടും ഇന്റര്‍നാഷനല്‍ രൂപീകരിച്ചു. ഇതിനെ രണ്ടാം ഇന്റര്‍നാഷനല്‍ എന്ന് വിളിച്ചുവന്നു. കാള്‍ കൗട്സ്കി എന്ന പ്രസിദ്ധനായ ജര്‍മ്മന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായിരുന്നു ഇതിന്റെ സൈദ്ധാന്തിക സ്രോതസ്സ്. രണ്ടാം ഇന്റര്നാഷനലില് അനാര്‍ക്കിസ്റ്റുകള്‍ ഒഴിവാക്കപ്പെട്ടു. എങ്കിലും ലെനിന് നിര്വ്വചിച്ചതുപോലുള്ള ഒരു സര്‍വ്വാധിപത്യം രണ്ടാം ഇന്റര്‍നാഷനല്‍ സ്വീകരിച്ചിരുന്നില്ല. ”യാതൊരു നിയമത്താലും നിയന്ത്രിക്കപ്പെട്ടിട്ടില്ലാത്ത ബലപ്രയോഗം എന്ന ശക്തമായ ഒരു നിര്‍വ്വചനം സര്‍വ്വാധിപത്യത്തിനു ലെനിന് നല്കി. അതായത് 1919 ലെ മൂന്നാം ഇന്റര്‍നാഷനല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രതിനിധി ആണെന്ന പൊതു ആശയത്തിന് ബദലായി തെരഞ്ഞെടുക്കപ്പെട്ട കേഡര്‍മാരുടെ പാര്‍ട്ടിയാക്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുനര്‍ നിര്‍വ്വചനം തൊഴിലാളി വര്‍ഗ്ഗത്തിന്റെ ‘മുന്നണി പടയാളി’-യായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറി. റഷ്യന്‍ മാതൃകയെ വിമര്‍ശിച്ചുകൊണ്ട് കൗട്സ്കി എഴുതി: ”നമ്മള് ഒരു വിപ്ലവപാര്ട്ടിയാണ്; വിപ്ലവം കുത്തിപ്പൊക്കുന്ന പാര്‍ട്ടിയല്ല.”- ഗൂഢാലോചന, അട്ടിമറി, നിയമബന്ധിതമല്ലാത്ത സര്‍വ്വാധിപത്യം ഇവയായിരുന്നു മൂന്നാം ഇന്റര്നാഷനലിനെ മറ്റ് ഇന്റര്നാഷനുകളില് നിന്നും വേര്‍തിരിച്ചുനിര്‍ത്തിയ ഘടകങ്ങള്‍.
താഷ്കെന്റില്‍ മൂന്നാം ഇന്റര്‍നാഷനലിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനിക്കുന്നു
ചുരുക്കിപ്പറഞ്ഞാല്‍ ഗൂഢാലോചന, അട്ടിമറി, ബലംപ്രയോഗിച്ചുള്ള വിപ്ലവം എന്നിവ നടത്താനുള്ള ഒരു ഉപകരണമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 1920 ഒക്ടോബര്‍ മാസം റഷ്യയിലെ താഷ്കെന്റില്വച്ച് രൂപംകൊടുക്കപ്പെട്ടത്. ലെനിന്റെ പദ്ധതിയനുസരിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടങ്ങളായി വേണമായിരുന്നു: ഒന്നു സാമ്രാജ്യത്വത്തിനെതിരായ വിമോചനഘട്ടം. ഈ പ്രസ്ഥാനത്തില്‍ ഗാന്ധിജിയോടൊപ്പം ചേരാനായിരുന്നു ലെനിന്റെ പദ്ധതി. എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എം.എന്‍. റോയി ഈ ഘട്ടത്തെ അവഗണിച്ചു. ഗാന്ധിജിക്കെതിരെ പോരാടുകയുംചെയ്തു. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ രാഷ്ട്രീയ പിന്‍ബലവും റഷ്യന്‍ പണവുമുപയോഗിച്ച് റോയി, ഗാന്ധിജിക്കെതിരെ നിശിതമായ വിമര്‍ശനങ്ങളുമായി മുന്നോട്ടുവന്നു. – ‘Masses of India’, Vanguard of Indian Independence’, ‘Inprecor’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ നടത്തിയ വിമര്‍ശനങ്ങളിലധികവും ഗാന്ധിജിയുടെ ഹിന്ദുവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതായത് 1920 ലും 2020 ലും കമ്മ്യൂണിസ്റ്റുകാരുടെ ഹിന്ദുവിരോധം അസാധാരണമാംവിധം സാദൃശ്യമുള്ളതാണ്.
1920 ല്‍ ബോബെ, കൊല്‍ക്കത്ത, മദിരാശി, ലാഹോര്‍ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്നതും രഹസ്യമായി പ്രവര്ത്തിച്ചുകൊണ്ടിരുന്നതുമായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് ഇടയില്‍ പ്രസിദ്ധീകരണങ്ങള്‍ റോയി എത്തിച്ചുകൊണ്ടിരുന്നു. ഈ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ് പില്ക്കാലത്ത് ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന സ്രോതസ്സായി മാറിയത്.
കാണ്‍പൂര്‍ സമ്മേളനവും 1925 ലെ ഇന്ത്യന്‍ പാര്‍ട്ടി രൂപീകരണവും
1920 ല്‍ താഷ്കെന്റില്വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ട് രൂപീകരിക്കപ്പെട്ടു? അത് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനലിന്റെ ലോക വിപ്ലവപരിപാടിയുടെ ഭാഗമായിരുന്നു. ആരായിരുന്നു 1920 ലെ പാര്‍ട്ടി കേഡര്‍മാര്‍? ഒക്ടോബര്‍ 17 ലെ മീറ്റിങ്ങില്‍ പങ്കെടുത്തവര്‍: 1. എം.എന്‍. റോയി, 2. ഈവ്ലിന് ട്രന്റ് റോയി (റോയിയുടെ ഭാര്യ), 3. അബനി മുഖര്‍ജി, 4. അബനി മുഖര്‍ജിയുടെ ഭാര്യ റോസഫിടിങ്കോവ്, 5. മുഹമ്മദലി, 6. മുഹമ്മദ് ഷാഫിക്ക്, 7. എം.പി.ബി. ആചാര്യ എന്നിവരായിരുന്നു. മുഹമ്മദ് ഷാഫിക്ക് ആയിരുന്നു സെക്രട്ടറി. ഈ പാര്‍ട്ടി രൂപീകരണം തുര്‍ക്ക്മെനിസ്ഥാന്‍ ബ്യൂറോ (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍) അംഗീകരിച്ചിട്ടുമുണ്ട്. 1920 ഡിസംബര്‍ 15 ന് വീണ്ടും യോഗം ചേര്‍ന്ന് മൂന്ന് അംഗങ്ങളെക്കൂടി തെരഞ്ഞെടുത്തു. അവര്‍ (1) മുഹമ്മദ് ഖാദിര്‍ സേഹ്റായി, 2. മസൂദ് അലിഷാ കാസി, 3. അക്ബര്‍ ഷാ എന്നിവരായിരുന്നു. ഒട്ടാകെ 10 അംഗങ്ങളില്‍ 5 പേരും മുസ്ലിങ്ങളായിരുന്നു. തുടര്‍ന്നുള്ള അംഗങ്ങളിലധികവും മുസ്ലിങ്ങളാവാനാണ് സാധ്യത. കാരണം, 1922-27 ല്‍ നടന്ന പെഷവാര്‍ ഗൂഢാലോചനക്കേസ്, 1924 ലെ കാണ്‍പൂര്‍ ഗൂഢാലോചനക്കേസുകളില് ഭൂരിഭാഗം പ്രതികളും മുസ്ലിങ്ങളായിരുന്നു.
1914-18 ലെ ഒന്നാംലോക മഹായുദ്ധാനന്തരം തുര്‍ക്കിയിലെ ഖലീഫ ദുര്‍ബ്ബലമാക്കപ്പെട്ടു. ഈ അവസ്ഥയില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ചെറിയൊരു ഭാഗം ബ്രിട്ടീഷ് ഇന്ത്യ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് കടന്നു. അഫ്ഗാന്-റഷ്യന്‍-ഇന്ത്യ അതിര്‍ത്തികളില്‍ നിന്നും പാലായനം ചെയ്ത വിശ്വാസികളായ മുസ്ലിങ്ങളെ ആക്രമിച്ചു പിടിച്ചുകൊണ്ടുപോയി അവരില്‍നിന്നാണ് ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം നടത്തിയത്. ഹിന്ദുവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ ഉത്ഭവം ഈ വസ്തുതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
1920 ലെ പാര്‍ട്ടി വിദേശത്തുനിന്നുകൊണ്ടാണ് ഇന്ത്യന്‍ ഗ്രൂപ്പുകളില്‍ (ഇന്ത്യയ്ക്കകത്തുള്ള) ആശയപ്രചാരണം നടത്തിയത്. 1924 ലെ കാണ്‍പൂര്‍ ഗൂഢാലോചന കേസ് നടക്കുന്ന സമയത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് ആശയപ്രചാരണം തെറ്റല്ലെന്ന ഒരു നിലപാട് സ്വീകരിച്ചു. ഗൂഢാലോചനയെ മാത്രമാണ് എതിര്ക്കുന്നതെന്നറിയിച്ചു. ഈ വസ്തുതയെ അടിസ്ഥാനമാക്കിയാണ് സത്യഭക്തന്‍ എന്നൊരാള്‍ കാണ്‍പൂരില്‍ പരസ്യമായ കമ്യൂണിസ്റ്റ് മീറ്റിങ് വിളിച്ചുകൂട്ടിയത്. മീറ്റിങ് നടന്നു. പക്ഷേ, സത്യഭക്തന്‍ പറഞ്ഞത് ഞാന്‍ രൂപീകരിക്കുന്ന പാര്‍ട്ടി മൂന്നാം ഇന്റര്‍നാഷണലിന്റെ ഭാഗമല്ല, എന്റെ പാര്‍ട്ടിയുടെ പേര് തന്നെ ”ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി” എന്നായിരിക്കും എന്നാണ്. ഈ നിലപാട് അവിടെ പങ്കെടുത്തിരുന്ന മറ്റ് കമ്യൂണിസ്റ്റുകള്‍ക്ക് സ്വീകാര്യമായില്ല. അവര്‍ പ്രത്യേകം ഭരണഘടനയും പ്രമേയങ്ങളും പാസ്സാക്കി. പക്ഷേ 1920 ല്‍ നടന്ന താഷ്കന്റ് രൂപീകരണത്തിന്റെ ശക്തിപോലും ഈ മീറ്റിങ്ങിന് ലഭിക്കുകയുണ്ടായില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഗൂഢാലോചനകളിലും അട്ടിമറികളിലും മുഴുകി ചെറു ഗ്രൂപ്പുകളായി അവശേഷിച്ചു. 1933 ലെ കല്‍ക്കത്ത മീറ്റിങ്ങില്‍ വെച്ചു മാത്രമാണ് പാര്‍ട്ടിക്ക് വ്യക്തമായ കേന്ദ്രക്കമ്മറ്റിയും തുടര്‍ പ്രവര്ത്തനവുമുണ്ടാകുന്നത്. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ സിപിഐ-സിപിഎം തര്‍ക്കത്തില്‍ ഗൗരവമായ ഒരു പ്രശ്നവും അന്തര്ഭവിച്ചിട്ടില്ല. ഏതു കാര്യവും കിട്ടിയാല്‍ വെറുതെ തര്‍ക്ക വിഷയമാക്കുന്നവര്ക്കുള്ള ഉദാഹരണമായി സി. അച്യുതമേനോന് കാക്കശ്ശേരി ഭട്ടതിരിയെ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഏതാണ്ടിതുപോലെ സിപിഐയുടെ തര്‍ക്കത്തില്‍ കാമ്പില്ല. 1925 ലെ കാണ്‍പൂര്‍ സമ്മേളനം ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന് മാര്ഗദര്ശകമായിത്തീര്ന്നിട്ടില്ല; അതു വിളിച്ചുചേര്ത്തതുപോലും കമ്യൂണിസ്റ്റായി, കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കാത്ത സത്യഭക്തനായിരുന്നു; മാത്രമല്ല, അതില്‍ തിരഞ്ഞെടുത്ത ഒരു സെക്രട്ടറി ബ്രിട്ടീഷ് ചാരനുമായിരുന്നു! പോരെ പൂരം!
കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യയും
1920 ല്‍ താഷ്കന്റില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരിപാടി ഗൂഢാലോചനയും അട്ടിമറിയിലും അടിസ്ഥാനപ്പെടുത്തിയതായിരുന്നു. സ്വാഭാവികമായും അതിന് കാര്യമായ ഒരു സ്വാധീനവും ഇന്ത്യയിലെങ്ങും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 1933-34 ല്‍ രൂപീകൃതമായ കേന്ദ്ര കമ്മിറ്റിയോടു കൂടി കുറേക്കൂടി അനുകൂല സാഹചര്യം ലഭിച്ചു. 1935 ല്‍ ഗൂഢാലോചനാ പരിപാടിയില്‍ നിന്ന് വ്യത്യസ്തമായി ബഹുജന അടിത്തറ കെട്ടിപ്പടുക്കേണ്ടുന്ന ആവശ്യം പാര്‍ട്ടിക്ക് വന്നു. അത് ജര്‍മ്മനിയില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസമായിരുന്നു. ഫാസിസ്റ്റ് വിപത്ത് റഷ്യയുടെ ഉറക്കംകെടുത്തി. തുടര്‍ന്ന് ആഭ്യന്തര അട്ടിമറിക്ക് പകരം ബഹുജന സംഘടനകളുണ്ടാക്കണമെന്ന നിര്‍ദ്ദേശം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സ്വീകരിച്ചു. ഈ പരിപാടി ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാര്‍ ഇന്ത്യയിലെത്തിച്ചു. ഈ നയം മാറ്റമാണ് ഡട്ട്-ബ്രാഡ്ലി തീസിസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ”തീസിസ്” വഴിയാണ് കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയതും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ അട്ടിമറിച്ച് കേരള ഘടകം സമ്പൂര്‍ണമായി കമ്യൂണിസ്റ്റായി മാറിയതും.
ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിലൂന്നാതെ വിദേശത്ത് നോക്കി നയം രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഗാന്ധിജിയോട് ഏറ്റുമുട്ടി സ്വാതന്ത്ര്യസമരകാലത്ത് ഒരു മൂലയ്ക്ക് കിടന്നു. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് കരിദിനമായി ആചരിച്ചു; 1956 ലെ പാലക്കാട് കോണ്‍ഗ്രസ്സില്‍ വെച്ച് മാത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം അംഗീകരിച്ചത്.
സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് മാര്‍ക്സിസത്തിന്റെ വെളിച്ചത്തില്‍ വസ്തുതകള്‍ അപഗ്രഥിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. 1920-47 ല്‍ ഗാന്ധിജിയാണ് തോല്‍പ്പിച്ചതെങ്കില്‍ ഇന്ന് ഹിന്ദുത്വ ദേശീയത പാര്‍ട്ടിയെ ഇന്ത്യന്‍ സാമൂഹ്യ ജീവിതത്തില്‍നിന്നു തന്നെ പുറത്താക്കി. 1951 ല്‍ 16 അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിക്ക്, 2004 ല്‍ 53 അംഗങ്ങള്‍വരെ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും, ഇന്ത്യന്‍ ജനതയുടെ ഹൃദയം കവരാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. ഇന്ന് സിപിഐക്കും സിപിഎമ്മിനുംകൂടി 5 സീറ്റുകളാണ് ലോക്സഭയിലുള്ളത്. ഇത് കാലഘട്ടത്തിന്റെ സന്ദേശം വായിക്കാന്‍ കഴിയാതിരുന്നതിന്റെ ശിക്ഷയാണെന്ന് പറയാം.
History of communist Movement In Kerala
എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ലേഖകന്‍
ഡോ. ഇ. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: