ആലപ്പുഴ:ഇടതുപക്ഷമുന്നണിയെ വെട്ടിലാക്കി ഘടക കക്ഷികളായ ലോകതാന്ത്രിക് ജനതാദളും, ജനതദള്‍ എസ്സും പിളര്‍പ്പിലേക്ക്. സംഘടനാപരമായ പ്രതിസന്ധികളാണ് രണ്ടു പാര്‍ട്ടികളിലെയും പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ജെഡിഎസ്സ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ, സി. കെ നാണു എംഎല്‍ഏ പ്രസിഡന്റായുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് ജെഡിഎസില്‍ പ്രതിസന്ധി ഉടലെടുത്തത്.
ജെഡിഎസ് സംസ്ഥാന സെക്രട്ടറി ജനറലും വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ അഡ്വ. ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായാണ്‌സൂചന. ഇടതുമുന്നണിയില്‍ നിന്ന് വിടണമെന്നാഗ്രഹിയ്‌ക്കുന്ന അസംതൃപ്തരായ ഒരു വിഭാഗം ഇവരോടൊപ്പം ചേരുമെന്നറിയുന്നു. ഇത് സംബന്ധിച്ച് ആദ്യവട്ട ചര്‍ച്ചകളും നടന്നു.
ലോക് താന്ത്രിക്ജനതാദള്‍ വരും ദിവസങ്ങളില്‍ ജെഡിഎസില്‍ ലയിക്കുമെന്നും എം.വി.ശ്രേയംസ്‌കുമാര്‍ ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് ആകുമെന്നുമാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ദേവഗൗഡ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയോടു അടുപ്പം പുലര്‍ത്തി വരുന്ന ജെഡിഎസ് കേന്ദ്ര നേതൃത്വത്തോടു വിയോജിപ്പുള്ള ഒരു വിഭാഗം ലയനത്തെ ശക്തമായി എതിര്‍ത്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.
ലോക്താന്ത്രിക് ജനതാദള്‍ അഖിലേന്ത്യാ ജനറല്‍ സെകട്ടറി വര്‍ഗ്ഗീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ന്നു പുറത്തു പോകാനും ശ്രമം ആരംഭിച്ചു. രണ്ടു പാര്‍ട്ടിയിലേയും വിമതര്‍ ഒന്നിച്ച്, മുന്‍ എംപി തമ്പാന്‍ തോമസ്റ്റ് നേതൃത്വം നല്കുന്ന സോഷ്യലിസ്റ്റ് ബ്ലോക്കില്‍ ചേരുമെന്നും അറിയുന്നു. തമ്പാന്‍ തോമസ് നേതൃത്വം നല്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയെ യുഡിഎഫില്‍ ഉള്‍ക്കൊള്ളാനുള്ള ഏകദേശ ധാരണയായി. ജനതാദളിന്റെ മുന്‍ അഖിലേന്ത്യാ സെകട്ടറിയും ഇപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ തമ്പാന്‍ തോമസ് ദേശീയ തലത്തില്‍ സോഷ്യലിസ്റ്റുകളെ ഏകോപിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: