വിവേകാനന്ദശിഷ്യയായി ഭാരതത്തിലേക്ക് വന്ന് നാടിന് വേണ്ടി സര്‍വസ്വവുംസമര്‍പ്പിച്ച മാര്‍ഗരറ്റ്എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിതഏതാണ്ട് ഒന്നര പതിറ്റാണ്ട് കൊണ്ട് പൂര്‍ത്തിയാക്കിയത് എത്രയോ പേര്‍ എത്രയോ ആയുഷ്‌ക്കാലം കൊണ്ട് ചെയ്തു തീര്‍ക്കേണ്ട ദൗത്യമായിരുന്നു. അദ്ധ്യാപിക, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം അറിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിളെന്ന പില്‍ക്കാലത്തെ ഭഗിനി നിവേദിത 1895-ല്‍ സ്വാമിവിവേകാനന്ദനെ നേരിട്ട് കണ്ടതോടെയാണ് ജീവിതത്തിന്റെ ഗതിമാറ്റമുണ്ടായത്. തന്റെ സംശയങ്ങള്‍ക്കെല്ലാം സ്വാമി വിവേകാനന്ദനില്‍ നിന്ന് അവര്‍ക്ക് മറുപടികിട്ടി. സ്വാമിവിവേകാനന്ദനെയും ശ്രീരാമകൃഷ്ണപരമഹംസനെയും ഗുരുക്കന്മാരായി സ്വീകരിച്ച് മാര്‍ഗരറ്റ് 1898 ജനുവരി 25-ന് സന്യാസിനിയായി. അവര്‍ക്ക് നിവേദിത എന്ന പേരിട്ടത് സ്വാമി വിവേകാനന്ദനായിരുന്നു. ദൈവത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍ എന്നായിരുന്നു ആ പേര് കൊണ്ട് വിവേകാനന്ദന്‍ ഉദ്ദേശിച്ചത്.
ശ്രീരാമകൃഷ്ണ സമ്പ്രദായത്തിലുള്ള പരിശീലനം ലഭിച്ച സിസ്റ്റര്‍ നിവേദിതയ്‌ക്ക് ഭാരതത്തിന്റെ മനസ്സറിയുവാന്‍ സാധിച്ചതില്‍ ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും ഏറെ സഹായകമായി. വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചരണാര്‍ത്ഥം അല്‍മോറ, കാശ്മീര്‍ എന്നിവിടങ്ങളിലെ ആശ്രമജീവിതവും നൈഷ്ഠിക ബ്രഹ്മചാരിണിയായി ബേലൂര്‍മഠത്തിലെജീവിതവും അവരെ രൂപപ്പെടുത്തി. ഭാരതത്തെ ആത്മാവിലേക്ക് ആവാഹിച്ച അവര്‍ ഭാരതത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്വയം നിവേദിക്കുകയായിരുന്നു.
ഭാരത ചരിത്രത്തെ എങ്ങനെ ശരിയായി വായിച്ചെടുക്കണമെന്നുള്ള ഉള്‍ക്കാഴ്ച ഭാരതീയര്‍ക്ക് നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. ഭാരതീയ കലകളുടെ യഥാര്‍ത്ഥ ഈടിരിപ്പുകളെപ്പറ്റി നന്ദലാല്‍ബോസും അബനീന്ദ്രനാഥടാഗോറും ഉള്‍പ്പെടെയുള്ള അന്നത്തെ പ്രഗല്ഭരായ ചിത്രകാരന്മാര്‍ക്ക് മാര്‍ഗദര്‍ശനമേകാനും ഭാരതീയ സൗന്ദര്യശാസ്ത്രത്തെ നേരായരീതിയില്‍ വ്യാഖ്യാനിക്കുവാനും അവര്‍ക്കുകഴിഞ്ഞു.
1898 നവംബര്‍ 12 ന് ബാഗ് ബസാറില്‍ ഒരു പുതിയ വിദ്യാലയത്തിന് അവര്‍ തുടക്കമിട്ടു. വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായുള്ള ഈ സ്‌കൂളില്‍ ആധ്യാത്മികാന്വേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. സ്വാമിവിവേകാനന്ദനെ ലണ്ടനില്‍ വച്ചുകണ്ടുമുട്ടുന്നതിന് മുമ്പുതന്നെ വിദ്യാഭ്യാസവിചക്ഷണ എന്ന നിലയില്‍വിദേശത്ത് പേരെടുത്തുകഴിഞ്ഞിരുന്ന എലിസബത്ത് നോബിള്‍ ആരംഭിച്ച വിദ്യാലയം ഭാരതത്തിലെ സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്‌കരണത്തിനും പുതിയ പാതവെട്ടിത്തുറക്കുകയായിരുന്നു. സിസ്റ്റര്‍ നിവേദിത തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ്അവരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന മഹാകവി രവീന്ദ്രനാഥടാഗോര്‍ ശാന്തിനികേതനം സ്ഥാപിച്ചത്. ഭാരതത്തിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച നിവേദിത വിധവകള്‍ക്കും, ബാലികമാര്‍ക്കും വേണ്ടി ഒരു ബോര്‍ഡിങ്‌സ്‌കൂള്‍ പണികഴിപ്പിച്ചു. വനിതകള്‍ക്കായി സന്യാസചിട്ടകളോടെ ഒരു മാതൃമന്ദിരവുംഅവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്നു.
ബംഗാളില്‍ 1899-ല്‍ പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ സ്വാന്തനവുമായി സമൂഹത്തില്‍ പ്രവര്‍ത്തിച്ച നിവേദിത അതേവര്‍ഷം അമേരിക്കയില്‍ രാമകൃഷ്ണഗില്‍ഡ് ഓഫ് ഹെല്‍പ്സ്ഥാപിച്ചു. അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും നിരവധി വിവേകാനന്ദ ശിഷ്യരെ സംഘടിപ്പിക്കുകയുംസംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തു. 1902 ല്‍ വിവേകാനന്ദ സ്വാമികള്‍ സമാധിയായശേഷവും നിവേദിതയുടെ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇളക്കം തട്ടിയില്ല. 1900 ത്തില്‍ പാരീസില്‍ നടന്ന മതസമ്മേളനത്തില്‍സ്വാമി വിവേകാനന്ദനോടൊപ്പം പങ്കെടുത്ത അവര്‍ 1902-ല്‍ ഇംഗ്ലണ്ടിലെത്തി; പിന്നീട് ഭാരതത്തിലെത്തി സ്വതന്ത്ര്യസമരരംഗത്തു പ്രഭാഷണങ്ങളുമായിജ്വലിച്ചു നിന്ന അവര്‍ 1902 മുതല്‍ രാജ്യമൊട്ടാകെ സഞ്ചരിച്ചു.
1906 ലെ ബംഗാള്‍ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനവുമായി രംഗത്തെത്തി. ബംഗാള്‍ വിഭജനത്തെ അവര്‍ ശക്തമായി എതിര്‍ത്തു. തത്വചിന്തകനായ അരവിന്ദ മഹര്‍ഷി സ്വീകരിച്ച ശൈലികള്‍ പോലും സിസ്റ്റര്‍ നിവേദിത നല്‍കിയ ജീവിത പ്രചോദനത്താല്‍ തിളങ്ങി നില്‍ക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലകളെ ഊതിപ്പെരുക്കിയ അവരില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാത്ത സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍ നന്നേ വിരളമാണെന്ന് പറയേണ്ടിവരും. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ശക്തമായി അണിചേരാനും സ്വദേശി പ്രസ്ഥാനം, സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനും ഇത്രയേറെ താല്പര്യം കാട്ടിയമറ്റൊരു സ്ത്രീരത്‌നം ഉണ്ടായിരുന്നോ എന്നു പോലും തോന്നുന്ന രീതിയിലായിരുന്നു സിസ്റ്റര്‍ നിവേദിതയുടെ പ്രവര്‍ത്തന ശൈലി.
ഹിന്ദുധര്‍മ്മത്തിന്റെ ശക്തിയില്‍ ഉറച്ചുവിശ്വസിച്ചിരുന്ന നിവേദിത സ്വാമി വിവേകാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച സനാതന മൂല്യങ്ങളെ പാശ്ചാത്യ നാടുകളില്‍ പ്രഘോഷിക്കുവാനും പ്രചരിപ്പിക്കാനും ഏറെ പരിശ്രമിച്ചു. സ്വാമി വിവേകാനന്ദന്റെ പാശ്ചാത്യരാജ്യങ്ങളിലെ ദൗത്യം നേടിയ വിജയഗാഥകളെ സംവദിപ്പിക്കുന്നതില്‍ അവര്‍ ഏറെ വിജയിച്ചു. ഭാരതത്തിന്റെ അമൂല്യമായ ഉപനിഷത് മൂല്യങ്ങളെപ്പറ്റി ലോകജനത തിരിച്ചറിഞ്ഞു. നൂറ്റാണ്ടുകള്‍ അടിമത്ത ഭാവത്തിലായിരുന്ന ഭാരത ജനത അതില്‍ നിന്നുണരാനും സ്വന്തം പൈതൃകത്തെപ്പറ്റി മനസ്സിലാക്കാനും
അഭിമാനിക്കാനുംതുടങ്ങിയ അവസരത്തില്‍ വിവേകാനന്ദ ദൗത്യം പൂര്‍ത്തീകരിക്കാനായിസിസ്റ്റര്‍ നിവേദിതയുടെ ജീവിതം ഇവിടെസമര്‍പ്പിക്കപ്പെടുകയായിരുന്നു. ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണഗോഖലെതുടങ്ങിയ പ്രമുഖരുമായിരാഷ്‌ട്രീയ ചര്‍ച്ചകള്‍ നടത്താനും പുതിയരാഷ്‌ട്രീയ സങ്കല്‍പം പടുത്തുയര്‍ത്താനും നിവേദിത മുന്‍കയ്യെടുത്തു. നേതാജി പോലും താന്‍ രാഷ്‌ട്രസേവയുടെ പാതയിലേക്കെത്തുന്നതു സിസ്റ്റര്‍ നിവേദിതയുടെ ജീവിത സ്വാധീനത്തിലാണെന്ന് പറയുമ്പോള്‍, ഗാന്ധിജിക്കു പോലും പ്രചോദനത്തിന്റേതായ സന്ദേശങ്ങളെ നിവേദിതയുടെ ജീവിതചര്യയില്‍ കണ്ടെത്താനായെങ്കില്‍ ആ ജീവിതത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. ഭാരതമാതാവെന്നാണ് മഹാകവി രവീന്ദ്രനാഥടാഗോര്‍ സ്വാമിനി നിവേദിതയെവിശേഷിപ്പിച്ചത്. നിവേദിതയുടെ സമ്പൂര്‍ണ്ണ കൃതികള്‍ അഞ്ചുവാല്യങ്ങളിലായി കൊല്‍ക്കത്ത അദൈ്വതാശ്രമത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാളി ദ മദര്‍ (1900) വെബ്ഓഫ് ഇന്‍ഡ്യന്‍ ലൈഫ് (1904) ദി മാസ്റ്റര്‍ ആസ് ഐ സോ ഹിം (1910) ഔവര്‍ മാസ്റ്റര്‍ ആന്‍ഡ് ഹിസ് മെസ്സേജ് തുടങ്ങിയ വവിഖ്യാതങ്ങളാണ്.
ദേശീയബോധത്തോടുളള ആദ്യ പതാകരൂപപ്പെടുത്തിയത് നിവേദിതയായിരുന്നു. ചുവപ്പു നിറത്തിലുളള പതാകയില്‍ 108 ദീപങ്ങളും മധ്യത്തില്‍ വജ്രായുധവും വന്ദേമാതരവും ആലേഖനം ചെയ്തിരുന്നു. സ്വാമി വിവേകാന്ദന്റെ ഇംഗ്ലീഷ് അമേരിക്കന്‍ പ്രസംഗങ്ങള്‍ക്ക് പ്രധാന സഹകാരിയായിരുന്നു അവര്‍. ബ്രീട്ടീഷുകാരും ഇന്ത്യക്കാരും തമ്മില്‍ സാഹോദര്യം വളര്‍ത്തിയെടുക്കണമെന്ന് അതിയായി ആഗ്രഹിച്ച അവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തന്റേതായ സംഭാവനകള്‍ നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: