കലിഫോര്‍ണിയ: കലിഫോര്‍ണിയ ട്രേസിയിലെ താമസക്കാരനും, ഇന്ത്യന്‍ വംശജനുമായ പരംജിത്ത് സിംഗിനെ (64) കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ക്രീറ്റര്‍ റോഡ്സിനെ വിട്ടയയ്ക്കാന് കലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മൈക്കിള്‍ മുള്‍ഹിന്‍ ഉത്തരവിട്ടു.
17 സാക്ഷികളുടെ വിസ്താരം മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയശേഷം ഒക്ടോബര്‍ രണ്ടിനാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ ആറാംതീയതി ക്രീറ്ററെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചു. സംഭവം നടന്നത് 2019 ഓഗസ്റ്റ് 25-നായിരുന്നു. സംഭവസ്ഥലത്തെ കാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിച്ചശേഷം ഓഗസ്റ്റ് 31-ന് പോലീസ് പിടിയിലായ ക്രീറ്റര്‍ ജാമ്യമില്ലാതെ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.
ഓഗസ്റ്റ് 25-ന് പരംജിത്ത് സിംഗ് താമസിച്ചിരുന്ന വീടിനു സമീപമുള്ള ഗ്രച്ചന്‍ ടോളി പാര്‍ക്കില്‍ ഈവനിംഗ് വാക്കിനിടെ പിന്നില്‍ നിന്നും എത്തിയ ക്രീറ്റര്‍ ആക്രമിച്ചശേഷം കഴുത്തറക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.സിക്ക് സമൂഹത്തെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. വംശീയതയുടെ ഇരയായിരുന്നു പരംജിത്തെന്ന് ഇവര്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് പരംജിത്ത് സിംഗും ഭാര്യയും ഇന്ത്യയില്‍ നിന്നും മരുമകനും മകളും താമസിച്ചിരുന്ന വീട്ടിലെത്തിയത്.
പരംജിത്ത് സിംഗിന്റെ കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് യുണൈറ്റഡ് സിക്ക് സംഘടന സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ കുറ്റാരോപിതനെതിരേ വീണ്ടും ചാര്‍ജ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: