ഒക്കലഹോമ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരും തോറും പ്രസിഡന്റ് ട്രംപിനുള്ള പിന്തുണ വർധിച്ചുവരുന്നതായി അടുത്തിടെ പുറത്തിറങ്ങിയ തിരഞ്ഞെടുപ്പു സർവേകൾ സൂചന നൽകുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതിവിഗതികൾ നിശ്ചയിക്കുന്ന തന്ത്രപ്രധാന സംസ്ഥാനങ്ങളായ ഫ്ലോറിഡാ, ടെക്സസ്, അരിസോന, നോർത്ത് കരോളിന, ജോർജിയ, അയോവ, ഒഹിയൊ, ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നു.
ഫ്ലോറിഡായിൽ ജൊ ബൈഡനേക്കാൾ ട്രംപ് നാല് പോയിന്റും മറ്റു സംസ്ഥാനങ്ങളിൽ 2, 3 പോയിന്റും വീതവും ട്രംപ് ബൈഡനേക്കാൾ മുന്നിലാണെന്നു സർവെ ചൂണ്ടി കാണിക്കുന്നു. പല സംസ്ഥാനങ്ങളിലും ഒരു മാസം മുൻപു വരെ ബൈഡൻ നിലനിർത്തിയിരുന്ന ലീഡ് ഇപ്പോൾ കുറഞ്ഞു വരുന്നതായും തന്ത്രപ്രധാന സംസ്ഥാനങ്ങളിൽ കടുത്ത പോരാട്ടത്തിന് വേദി ഒരുങ്ങുന്നതായും സർവെ ഫലങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം അടുത്ത സംസ്ഥാനങ്ങളായ ഒക്കലഹോമയിലും ടെക്സസിലും ട്രംപ് വൻ ലീഡിലേക്കാണ് കുതിക്കുന്നത്. ഒക്കലഹോമയിൽ ട്രംപിന്റെ ലീഡ് ഡബിൾ ഡിജിറ്റലിലെത്തി നിൽക്കുന്നു.
ട്രംപിന്റെ ഭരണത്തിൽ അമേരിക്കയിലെ സാമ്പത്തിക അടിത്തറ ശക്തിപ്പെട്ടുവരുന്നതിനിടയിൽ സംഭവിച്ച കോവിഡ് മഹാമാരി സാമ്പത്തിക രംഗം അല്പം തളർത്തിയെങ്കിലും വീണ്ടും ശക്തി പ്രാപിക്കുന്നതിനുള്ള അടിയന്തിര നടപടികളാണ് ഗവൺമെന്റ് സ്വീകരിച്ചുവരുന്നത്. കോവിഡ് യുഎസിനെ പിടിച്ചുലച്ചില്ലായിരുന്നുവെങ്കിൽ ട്രംപിന് ഉറപ്പിക്കാമായിരുന്ന രണ്ടാം ഊഴം ഇനി ലഭിക്കണമെങ്കിൽ ശരിയായി വിയർക്കേണ്ടി വരും. എങ്കിലും ബൈഡനേക്കാൾ മുൻ തൂക്കം ഇപ്പോഴും ട്രംപിനു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: