വിനയത്തിനെന്ത് തലപ്പൊക്കം എന്ന് ചോദിച്ചത് അക്കിത്തമാണ്… കൊല്ലത്ത് തപസ്യ കലാസാഹിത്യവേദിയുടെ വാര്‍ഷികോത്സവത്തിനിടയിലെ വിശ്രമവേളയില്‍ നടന്ന കൊച്ചുവര്‍ത്തമാനത്തിനിടയിലാണ് വിനയം ആള്‍രൂപം പ്രാപിച്ച മഹാകവിയുടെ കുസൃതി കലര്‍ന്ന ചോദ്യം. വിനയത്തിന് മറ്റൊരുപേരാണ് തപസ്യയെന്ന് അദ്ദേഹം കേരളത്തിന്റെ വര്‍ത്തമാനത്തോട് നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. തപസ്വികള്‍ക്ക് ഇരിപ്പിടമായതിനാലാണ് പോലും ഹിമവാനുമിത്രയും തലപ്പൊക്കമുണ്ടായത്. തപസ്യക്കുമപ്പോള്‍ ഹിമാലയത്തോളം ഉയരമുണ്ടാകേണ്ടതല്ലേ എന്ന ദര്‍ശനവും ആ കുസൃതിച്ചോദ്യത്തിലൊളിഞ്ഞുകിടന്നു.
പുരോഗമനരാഷ്‌ട്രീയം ചുവന്ന കൊടി ഉയര്‍ത്തിപ്പിടിച്ച് ഇതാ ഞങ്ങളുടെ സൂര്യന്‍ ഉദിച്ചിരിക്കുന്നു എന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച കാലത്തിന്റെ ആ നട്ടുച്ചയിലാണ് തപസ്യ പിറന്നത്. പാരമ്പര്യവും ദേശീയതയും പിന്തിരിപ്പന്‍ ആശയങ്ങളാണെന്ന് അന്തിക്ക് മോന്തിയ ലഹരിക്കൊപ്പം വിളിച്ചുകൂവി നടക്കുന്നതായിരുന്നു അന്നത്തെ പുരോഗമനവാദം. അവിടെയാണ് തപസ്യ ദേശീയതയുടെ, സംസ്‌കൃതിയുടെ നിരന്തരമായ പ്രവാഹമായി മാറിയത്. ഭാരതീയ കലയുടെയും സംസ്‌കാരത്തിന്റെയും വഴിയിലൂടെയുള്ള തപസ്യയുടെ യാത്രയില്‍ ഇടയ്‌ക്ക് വെച്ചാണ് അക്കിത്തം ഒപ്പം കൂടിയത്. വഴിമാറി വന്നതായിരുന്നില്ല. വഴിയറിഞ്ഞ് ഒപ്പം സഞ്ചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം.
അദൈ്വതസാരസ്വത്തിനപ്പുറം എന്ത് സോഷ്യലിസം, എന്ത് കമ്മ്യൂണിസമെന്ന് ചോദിക്കാന്‍ മടികാട്ടിയില്ല അക്കിത്തം. കലയ്‌ക്കും സാഹിത്യത്തിനും ചേര്‍ന്ന ഒറ്റപ്പേര് തപസ്യ എന്നതാണെന്ന് പ്രഖ്യാപിക്കാന്‍ തലകുനിച്ചാല്‍ തനിക്ക് വന്നുചേര്‍ന്നേക്കാമായിരുന്ന വാഴ്‌ത്തുപാട്ടുകളുടെയും പുരസ്‌കാരങ്ങളുടെയും പകിട്ട് അദ്ദേഹത്തിന് തടസ്സമായില്ല. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി തപസ്യയോടൊപ്പം യാത്ര ചെയ്തു. കേരളവും ഭാരതവും രണ്ടെന്ന് കണ്ടവരുടെ ഇണ്ടല്‍ തീര്‍ക്കാന്‍, ഭാഷയുടെയും മതത്തിന്റെയും പേരില്‍ വീതംവെയ്പിന് തുനിഞ്ഞിറങ്ങിയവര്‍ക്ക് സാംസ്‌കാരിക ഏകതയിലൂടെ ഭാവാത്മകമായ മറുപടി നല്‍കാനായി നടത്തിയ ആ തീര്‍ത്ഥയാത്രയ്‌ക്ക് നായകനായി. പുരോഗമനത്തിന്റെ മറ പിടിച്ച് പിന്നോട്ടുനടക്കാന്‍ ശീലിച്ച കേരളത്തെ സംസ്‌കൃതിയിലേക്ക് ആനയിച്ച നവോത്ഥാനത്തിന് നേതൃത്വം നല്‍കുകയായിരുന്നു മഹാകവി. തപസ്യ സഹ്യാദ്രിയും കടന്ന് ഹിമാലയത്തോളം ഉയരണമെന്നും അതിന് തപസ്യയെന്ന് തന്നെയാകണം പേരെന്നും അക്കിത്തം പ്രാര്‍ത്ഥിച്ചു.
തപസ്യക്ക് ദേശീയമുഖമായി ഒരു സംഘടന ഉണ്ടാവുകയും അതിന് പേര് സംസ്‌കാര്‍ഭാരതി എന്നാവുകയും ചെയ്തപ്പോള്‍ അദ്ദേഹം നെറ്റിചുളിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം തപസ്യയുടെ വി.എം. കൊറാത്ത് പുരസ്‌കാരം എം.വി. കാമത്തിന് നല്‍കിയ ചടങ്ങില്‍ അത് അദ്ദേഹം വിളിച്ചു പറഞ്ഞു. പുരസ്‌കാരദാനം നിര്‍വഹിക്കാന്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ എത്തിയത് അന്ന് ഭാവിപ്രധാനമന്ത്രി എന്ന് ആഘോഷിക്കപ്പെട്ട ലാല്‍കൃഷ്ണ അദ്വാനിയായിരുന്നു. ഭഗവത് ഗീത അറിയുന്നവന്‍ പ്രധാനമന്ത്രിയാകണം എന്ന് കവിത ചൊല്ലിയാണ് അക്കിത്തം അദ്വാനിയെ ആശംസിച്ചത്. ഉച്ചഭാഷിണിക്കുമുന്നില്‍ അദ്ദേഹം ഉള്ളില്‍ത്തട്ടി പിന്നെ ഉച്ചത്തില്‍ ആത്മഗതം ചെയ്തത് ഇങ്ങനെയായിരുന്നു, ഇന്നെനിക്ക് സന്തോഷമാണ്. തപസ്യ എന്ന പേര് ഹിമാലയത്തോളം പരക്കാന്‍ ഈ സമ്മേളനം ഉപകരിക്കുമെന്നതാണ് ആ സന്തോഷത്തിന് ആധാരം.’
തപസ്യ തപസ്വികളുടെ സംഘടനയാണെന്നതായിരുന്നു അക്കിത്തത്തിന്റെ കാഴ്ചപ്പാട്. തപസ്യയുടെ സമ്മേളനങ്ങള്‍, പഠനശിബിരങ്ങള്‍, വാര്‍ഷികോത്സവങ്ങള്‍…. മഹാകവിയുടെ സാന്നിധ്യവും മാര്‍ഗദര്‍ശനവുമില്ലാത്ത തപസ്യ പരിപാടികള്‍ വിരളമായിരുന്നു. പ്രായവും ആരോഗ്യവും വിലങ്ങുതടിയാവുമ്പോഴും തപസ്യയുടെ സമ്മേളനങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. ആ വാത്സല്യത്തിന്റെ തണല്‍ തപസ്യക്ക് പകര്‍ന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും ചെറുതായിരുന്നില്ല.
1984 മുതല്‍ 99 വരെ തപസ്യ കലാസാഹിത്യവേദിയുടെ അദ്ധ്യക്ഷനായിരുന്നു അക്കിത്തം. അതിന് ശേഷം ഇന്നുവരെയും മുഖ്യരക്ഷാധികാരിയും. അക്കിത്തത്തിന്റെ സഞ്ചാരീഭാവമാണ് തപസ്യയുടെ കരുത്ത്. കേരളത്തനിമയെ വിളിച്ചുണര്‍ത്തിയ ഐതിഹാസികമായ രണ്ട് തീര്‍ത്ഥയാത്രകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ആരോടും കലഹിക്കാതെ ആര്‍ഷമായ ധീരതയോടെ മഹാകവി ലോകത്തോട് ഭാരതം തുടിക്കുന്ന കേരളത്തെക്കുറിച്ച് സംവദിച്ചു. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയും അനന്തപുരം മുതല്‍ അനന്തപുരി വരെയും നടന്ന ആ സാംസ്‌കാരിക തീര്‍ത്ഥയാത്രകളാണ് തപസ്യയെ ജനകീയമാക്കിയത്.
തപസ്യ ഇക്കാലമത്രയും മുന്നോട്ടുനടന്നത് അക്കിത്തത്തിന്റെ കരം പിടിച്ചാണ്. മുക്തിയിലേക്ക് നയിക്കുന്നതാണ് കലയെന്നതാണ് കവി ഉയര്‍ത്തിയ തത്വം. തപസ്യയുടെ നാന്ദിഗീതമായി അക്കിത്തം കുറിച്ചിട്ടത് മോക്ഷസാധകമായ സര്‍ഗസപര്യയുടെ യാത്രയാണ്. അത് സോമത്തെ, സാമത്തെ വെല്ലുന്നൊരു ലയ രോമാഞ്ചമായി, ആയിരം കൂര്‍ത്ത ദളങ്ങളോടെ പതിനായിരം വര്‍ഷം വന്ന പുലര്‍ന്ന പൂവായി കാലത്തെയും ലോകത്തെയും പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക