തിരുവനന്തപുരം: ലൈഫ് പദ്ധതിയില്‍ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പാവങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലൈഫ് തട്ടിപ്പിനെതിരെ സംസാരിക്കുന്നവര്‍ പാവങ്ങള്‍ക്കെതിരാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം കണ്ണടച്ച് ഇരുട്ടാക്കലാണ്. തട്ടിപ്പിന്റെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയായതുകൊണ്ടാണ് അതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് അദേഹം അസഹിഷ്ണുത കാണിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
പാവങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പാവങ്ങള്‍ക്ക് വീട് വെക്കാനുള്ള തുകയുടെ 50 ശതമാനം കമ്മീഷന്‍ അടിച്ച സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണെന്ന് അദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി പഴയ പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാണിരിക്കുകയാണ്. തന്നോട് ഏത് ചോദ്യം ചോദിക്കണം ആര് ചോദ്യം ചോദിക്കരുതെന്ന് മുഖ്യമന്ത്രി കല്‍പ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഉത്തരകൊറിയന്‍ ഏകാധിപത്യ രീതിയാണ് പിണറായി വിജയന്‍ പിന്തുടരുന്നത്. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള മുഖ്യമന്ത്രിയുടെ മോഹം നടക്കില്ല. വടക്കാഞ്ചേരി ലൈഫ് ഇടപാടില്‍ കമ്മീഷനായി പോയ ഒന്‍പത് കോടി ആര്‍ക്ക് കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: