ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) ∙ ഡ്യൂട്ടിക്കിടയിൽ വീരമൃത്യ വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെറിഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതി. ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 315 അഡിക്സ് ഹൊവൽ റോഡിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് ഇനി സന്ദീപ് സിംഗ് പോസ്റ്റാഫിസായി അറിയപ്പെടും.
ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ പോസ്റ്റോഫിസാണിത്.ഇതു സംബന്ധിച്ചു കോൺഗ്രസ് അംഗം ലിസ്സി ഫ്ലച്ചർ ടെക്സസ് ഹൗസിൽ ഇരുപാർട്ടികളും സംയുക്തമായി അവതരിപ്പിച്ച ബിൽ ഐക്യകണ്ഠേനെയാണ് ടെക്സസ് നിയമസഭ പാസ്സാക്കിയത്.
സമൂഹത്തിൽ ഏറ്റവും ആദരിക്കപ്പെട്ടിരുന്ന, ജോലിയിൽ വിശ്വസ്തനായിരുന്ന, കഠിനാധ്വാനിയായിരുന്ന സന്ദീപ് സിങ്ങിനു നൽകാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്.– ബില്ല് അവതരിപ്പിച്ചുകൊണ്ടു ലിസ്സി പറഞ്ഞു.റോഡിൽ സാധാരണയുള്ള വാഹന പരിശോധനയ്‌ക്കിടയിൽ നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ അക്രമിയുടെ വെടിയേറ്റ് 2019 സെപ്റ്റംബറിലാണ് സന്ദീപ് സിംഗ് വീരമൃത്യ വരിച്ചത്.
2015 ൽ സിഖ് സമുദായ അംഗമായ സന്ദീപ് സിംഗ് അമേരിക്കയിൽ ആദ്യമായി ടർബനും താടിയും വളർത്തി ഔദ്യോഗിക ചുമതലകൾ നിറവേറ്റുന്നതിന് അനുവദിക്കപ്പെട്ട ആദ്യ ഡെപ്യൂട്ടി ഷെറിഫായിരുന്നു. സന്ദീപിന്റെ മരണം ഇന്ത്യൻ സമൂഹത്തെ പ്രത്യേകിച്ചു സിക്ക് സമുദായത്തെ വല്ലാതെ മുറിപ്പെടുത്തുന്നതായിരുന്നു. മരണാനന്തരം ഇങ്ങനെയൊരു ബഹുമതി ലഭിച്ചതിൽ സന്ദീപ് സിംഗിന്റെ വിധവ ഹർവീന്ദർ കൗർ ധളിവാളി സംതൃപ്തി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: