ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ ദല്‍ഹിയിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അറസ്റ്റില്‍. ഞായറാഴ്ച ഉച്ചമുതല്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎയും ചുമത്തി.
നിരോധിത ഭീകരസംഘടനയായ സിമിയുടെ മുന്‍ ദേശീയ അധ്യക്ഷനായ എസ്.ക്യു.ആര്. ഇല്യാസിന്റെ മകനാണ് ഉമര്‍ ഖാലിദ്. ദല്‍ഹി കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനമായിരുന്നെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റെന്നതും ശ്രദ്ധേയം. മകനെ ദല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തെന്ന് ഇല്യാസ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. സിമി നിരോധനത്തോടെ ജമാഅത്തെ ഇസ്ലാമിയിലേക്ക് ചേക്കേറിയ ഇല്യാസ് അവരുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ്.
ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ മറവില്‍ നടന്ന വലിയ ഗൂഢാലോചനകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഉമറിന്റെ അറസ്റ്റ്. ഉമറിന് തീവ്ര ഇസ്ലാമിക സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ദല്‍ഹി കലാലയങ്ങളിലെ ഇടപെടലുകള്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതായിരുന്നു. ഉമര്‍ ഖാലിദിന്റെ മൊബൈല്‍ ഫോണടക്കമുള്ളവയും പോലീസ് കണ്ടുകെട്ടി. ആരൊക്കെ ഇക്കാലയളവില്‍ ഉമറുമായി ബന്ധപ്പെട്ടെന്ന അന്വേഷണങ്ങളാണ് ദല്‍ഹി പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തുന്നത്.
ആംആദ്മി പാര്‍ട്ടി കൗണ്‍സിലറും ദല്‍ഹി കലാപത്തിന്റെ മുഖ്യ സൂത്രധാരനുമായ താഹിര്‍ ഹുസൈന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉമര്‍ ഖാലിദിലെത്തിയത്. ദല്‍ഹിയില്‍ കലാപം നടന്ന ഫെബ്രുവരിക്ക് ഒരു മാസം മുമ്പ് ജനുവരി എട്ടിന് താഹിര്‍ ഹുസൈനുമായി ഉമര്‍ ഖാലിദ് കൂടിക്കാഴ്ച നടത്തിയെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കൂടുതല്‍ വലിയ ഒരു കാര്യം നടത്താന്‍ പദ്ധതി തയാറാക്കുന്നതായി താഹിര്‍ ഹുസൈനെ ഖാലിദ് അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വലിയ ഗൂഢാലോചനയാണ് ദല്‍ഹി കേന്ദ്രീകരിച്ച് നടന്നതെന്ന് തെളിയിക്കുന്നതാണ് ദല്‍ഹി പോലീസിന്റെ കണ്ടെത്തലുകള്‍.
ദിവസങ്ങള്‍ നീണ്ടുനിന്ന കലാപത്തോടനുബന്ധിച്ച് 751 എഫ്ഐആറുകളാണ് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിലൊരു കേസിലെ പ്രതികളുടെ കുറ്റസമ്മത മൊഴികളിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെട്ടത്. അര്‍ബന്‍ നക്സലുകളും ഇസ്ലാമിക ഭീകരസംഘടനകളും സംയുക്തമായി നടത്തിയ കലാപമായിരുന്നു ദല്‍ഹിയില്‍ നടന്നതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: