ഹിന്ദു നേതാവായിരുന്ന മന്നത്തു പത്മനാഭന്, 1964 ഒക്ടോബര്‍ ഒന്‍പതാം തിയതി നാമകരണം നല്കി രൂപീകരിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. പിന്നീട് കെ.എം. മാണി അധ്വാന വര്‍ഗ്ഗ സിദ്ധാന്തം രചിച്ച് ഒരു സൈദ്ധാന്തിക അടിത്തറ നല്കാന് ശ്രമിച്ചെങ്കിലും തത്വശാസ്ത്രപരമായ അടിത്തറയിലല്ല പാര്‍ട്ടി രൂപം കൊണ്ടത്. അതുകൊണ്ട് ആ തത്വശാസ്ത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടില്ല. മറിച്ച്, മുഖ്യമന്ത്രി ആകേണ്ട മധ്യതിരുവതാംകൂര്‍ സുറിയാനി ക്രിസ്ത്യാനിയായ
പി.ടി. ചാക്കോയെ, ചതിച്ചതിനും, പിന്നില്‍ നിന്ന് കുത്തിയതിനുമുള്ള അമര്‍ഷത്തില്‍ നിന്നു കോണ്ഗ്രസ്സിനെതിരായി രൂപം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളാ കോണ്‍ഗ്രസ്സ്. ന്യുനപക്ഷ കര്‍ഷക, ക്രിസ്ത്യന്‍,നായര്‍ വിഭാഗങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന കേരളാ കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഇന്നും പ്രസക്തിയുണ്ട്. ദേശീയതയോടൊപ്പം അടിയുറച്ചു നില്ക്കുന്ന മിതവാദ പ്രസ്ഥാനമെന്ന നിലയ്ക്ക് അതിനു പലതും ചെയ്യാനുണ്ടുതാനും. നിര്‍ഭാഗ്യമെന്നുപറയട്ടെ, രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിനേക്കാള്‍ കൂടുതല്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടു തങ്ങളുടെ സ്വത്വം നശിപ്പിക്കുന്ന ഉള്‍പ്പാര്‍ട്ടി വിഭാഗീയതക്ക് വേണ്ടിയാണ് അവര്‍ സമയം കളഞ്ഞത്.
അധികകാലവും പാര്‍ട്ടി വലതു ജാനാധിപത്യ മുന്നണിക്കൊപ്പമാണ് നിന്നത്. അവരുടെ പ്രഗത്ഭരായ നേതാക്കന്മാര് മന്ത്രിമാരാവുകയും ചെയ്തു. ബാലകൃഷ്ണപിള്ള, കെ.എം. മാണി, പി.ജെ. ജോസഫ്, ടി.എം. ജേക്കബ് തുടങ്ങി എണ്ണം പറഞ്ഞ നേതാക്കള്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നു വന്നു. ഒരു കരുണാകരനോ, എ.കെ. ആന്റണിയോ, ഉമ്മന്‍ ചാണ്ടിയോ കഴിഞ്ഞാല്‍ മറ്റൊരു നേതാവുപോലും ഇവര്‍ക്ക് ഒപ്പം തലയെടുപ്പുള്ളവരായി കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഭിന്നിപ്പ് കേരളാകോണ്‍ഗ്രസിന്റെ ശാപമായി. പ്രത്യക്ഷത്തില്‍, അധികാരക്കൊതിമൂലമുള്ള പിളര്‍പ്പുകളാണെന്നു തോന്നാം. അപഗ്രഥിച്ചാല്‍ വ്യക്തമാകുന്നതു കോണ്ഗ്രസ്സുകാര് കുത്തിവെക്കുന്ന അധികാരമോഹമെന്ന വൈറസാണ് യഥാര്‍ത്ഥ കാരണം എന്നാണ്. കേരളത്തിലെ കത്തോലിക്കരുടെ പൊതു പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് നിലനിന്നാല്‍ ക്രിസ്ത്യാനികളെയും അവര്‍ക്കു നേതൃത്വം നല്കുന്ന സഭയെയും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനാകില്ലെന്ന് കോണ്‍ഗ്രസിന് അറിയാം.
ക്രിസ്താനികളില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് യുഡിഎഫിനെയാണ്. അത് കോണ്‍ഗ്രസ്സിനുള്ള പിന്തുണയല്ല. കഴിഞ്ഞ 20 വര്‍ഷത്തെ വോട്ടിങ് രീതി കണക്കിലെടുത്താല്‍ കേരളത്തിലെ ആകെ വോട്ടര്‍മാരില്‍ 44% വീതം ഇരുമുന്നണികളെയും പിന്തുണയ്ക്കുന്നു. 10% ആണ് ബി.ജെ.പിയുടെ പിന്തുണ. കേരളത്തിലെ മൊത്തം ന്യൂനപക്ഷ വിഭാഗങ്ങളില്‍ 70% യു.ഡി.ഫിനെ പിന്തുണയ്ക്കുമ്പോള്‍, 26% ഇടതുമുന്നണിയെ പിന്തുണയ്ക്കുന്നു. അതായത് 45% വരുന്ന ന്യൂനപക്ഷ വോട്ടുകളില്‍ 31.5% ലഭിക്കുന്നത് കോണ്‍ഗ്രസ് മുന്നണിക്കാണ്. ഫലത്തില്‍, 44% വോട്ടുകളില്‍ ആകെ ലഭിക്കുന്ന 31.5% കിഴിച്ചാല്‍ 55% വരുന്ന ഹിന്ദു വോട്ടുകളില്‍ 12.5% മാത്രമാണ് യുഡിഎഫിന്റെ വിഹിതം. അതിനര്‍ഥം, യുഡിഎഫിന് ആകെ ലഭിക്കുന്ന വോട്ടുകളില്‍ നാലിലൊന്നു മാത്രമേ ഹിന്ദു വോട്ടുകളുള്ളു എന്നാണ്. കോണ്‍ഗ്രസിന് ജയിക്കാവുന്നത് ന്യൂനപക്ഷ കേന്ദ്രികൃത മേഖലകളിലാണെന്നു സാരം. അഞ്ചോ ആറോ മണ്ഡലങ്ങളില്‍ ഇതിന് അപവാദം ഉണ്ടായേക്കാം. അടുത്ത കാലത്തെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി 15 -16 % വോട്ടു നേടി. ബിജെപിക്കു ലഭിക്കുന്ന ഹിന്ദു വോട്ടുകളേക്കാള്‍ കുറവാണ് കോണ്‍ഗ്രസിന് (യുഡിഎഫ്) ലഭിക്കുന്ന ഹിന്ദു വോട്ട് എന്നു സാരം. യുഡിഎഫ് വിജയം ന്യൂനപക്ഷ കേന്ദ്രികരണവും മാര്‍ക്സിസ്റ്റ് വിരുദ്ധതയും സമന്വയിച്ചുണ്ടാകുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്.
ന്യൂനപക്ഷ കേന്ദ്രീകരണം യുഡിഎഫിലേക്ക് വരുന്നതിന്റെ ചാലക ശക്തിയായി വര്‍ത്തിക്കുന്നത് മുസ്ലീം ലീഗും സുറിയാനി കത്തോലിക്കര്‍ക്ക് മുന്‍തൂക്കമുള്ള കേരളാ കോണ്‍ഗ്രസ്സുമാണ്. ഈ രണ്ടു പാര്‍ട്ടികളും ആ മുന്നണിയില്‍ ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് എന്നേ നാമവിശേഷമായേനെ. ഇവരെ തങ്ങളോടൊത്ത് ഉറപ്പിക്കാന്‍ കേന്ദ്ര ഭരണം കോണ്‍ഗ്രസിനെ സഹായിച്ചു. ആ രാഷ്ട്രീയകാലാവസ്ഥ മാറി. കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാന്‍ യോഗ്യതയും തലയെടുപ്പും പരിജ്ഞാനവും ഉള്ളവരായിരുന്നു കെ.എം.മാണിയും, പി.ജെ. ജോസഫും, ആര്. ബാലകൃഷ്ണപിള്ളയുമൊക്കെ. ഉമ്മന്‍ ചാണ്ടിയോ എ.കെ. ആന്റണിപോലുമോ അവര്‍ക്കു തുല്യം കെല്പുള്ളവരായിരുന്നില്ല. മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട മാണിസാറിനെ എങ്ങനെയാണ് ഇവര്‍ അപമാനിച്ചതെന്ന് നമ്മള് കണ്ടതാണ്.
സമയം വൈകിയിട്ടില്ല. കേരളാ കോണ്‍ഗ്രസ് അതിന്റെ ജന്മ ഉദ്ദേശം നടപ്പിലാക്കാനുള്ള അവസരം വിനിയോഗിക്കുകയാണ് വേണ്ടത്. പി.ജെ.ജോസഫ്, പി.സി. തോമസ്, ജോസ് കെ. മാണി, പി.സി. ജോര്‍ജ്, ബാലകൃഷ്ണപിള്ള, അനൂപ് ജേക്കബ് തുടങ്ങിയവരൊക്കെ താക്കോല്‍ സ്ഥാനങ്ങളില്‍ വരുന്നതു കേരള രാഷ്ട്രീയത്തിനും കേരളത്തിന്റെ വികസനത്തിനും ഗുണം ചെയ്യും. സംയോജിത കേരളാ കോണ്‍ഗ്രസ്, ദേശീയ ജനാധിപത്യ സഖ്യത്തോടൊപ്പം (എന്‍ഡിഎ.) ചേര്‍ന്നാല്‍ അത് വലിയ കര്‍ഷക മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കും. 2021ലെ പൊതുതിരഞ്ഞെടുപ്പില്‍ത്തന്നെ അത് സാധ്യമാകും. 2006ല്‍ കര്‍ണാടകയില്‍ കുമാരസ്വാമി വെറും 59 സീറ്റുമായി ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായത് മറന്നു കൂടാ. അത്തരമൊരു രാഷ്ട്രീയ സാധ്യതയെ എല്ലാ കേരളാ കോണ്‍ഗ്രസ്സുകളും പരിഗണിക്കേണ്ടതാണ്. മുന്നണികളുടെ ആട്ടും തുപ്പുമേറ്റു എത്ര നാള് തുടരാന്‍ കഴിയും? പാലാ ഉപതെരഞ്ഞെടുപ്പില്‍ പോലും ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തില്ല. പകരം തെരഞ്ഞെടുപ്പിന്റെ മൊത്തം ചുമതല കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ചെയ്തത്. പരാജയം ഉറപ്പുവരുത്തുകയും ചെയ്തു.
കെ.എം. മാണിയെന്ന വടവൃക്ഷത്തിന്റെ സംരക്ഷണം ഇന്ന് പാര്‍ട്ടിക്കില്ല. ആ ക്ഷീണം തീര്‍ക്കേണ്ടത് ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ്. കേരളത്തില്‍ കേരളാ കോണ്‍ഗ്രസിന് യോജിക്കാന്‍ പറ്റുന്ന പാര്‍ട്ടി ബിജെപിയാണ്. അവരുമായി ചേര്‍ന്നാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ എതിരാകുമോ എന്ന ആശങ്കയ്ക്ക് പ്രസക്തിയില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പി.സി. തോമസ്സിന്റെ വിജയം മാത്രം നോക്കിയാല്‍ മതി. 2000ല്‍ കോട്ടയം ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കുറവിലങ്ങാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ചതും, പകരം മൂന്നു സീറ്റുകളില്‍ ബിജെപി കേരളാ കോണ്‍ഗ്രസിനെ ജയിപ്പിച്ചതും മറന്നു കൂടാ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍, തൃശൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള 80 നിയമസഭാ മണ്ഡലലങ്ങളില്‍, 30ലേറെ മണ്ഡലങ്ങളില്‍ ബിജെപി ഒരു തരംഗത്തില്‍ ഒറ്റക്കുതന്നെ ജയിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞടുപ്പുകളില്‍ മുപ്പതിനായിരത്തിനുമേല്‍ വോട്ടുകള്‍ ബിജെപി മേല്‍പ്പറഞ്ഞ മണ്ഡലങ്ങളില്‍ നേടിയിരുന്നു. ഇതില്‍, തിരുവനന്തപുരത്തെ രണ്ടോ മൂന്നോ മണ്ഡലങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ ബിജെപിക്ക് ആരും സാധ്യത നല്‍കിയിരുന്നില്ല. അതായത് ബിജെപിക്ക് ലഭിച്ചത് അവരുടെ കേഡര്‍ വോട്ടുകള്‍ മാത്രമായിരുന്നു. പൗരത്വ ബില്ലില്‍ നിഷേധാത്മക സമീപനം സ്വീകരിച്ച ഇടത്, വലത് മുന്നണികള്‍ക്ക് എതിരെയുള്ള വിധി എഴുത്ത് ആയിരിക്കും അടുത്ത നിയസഭാ തിരെഞ്ഞെടുപ്പ്. മേല്‍പ്പറഞ്ഞ മേഖലകളില്‍ നിര്‍ണായക സ്വാധീനമുള്ള സീറോ മലബാര്‍ സഭയും, ഓര്‍ത്തഡോക്സ് വിഭാഗവും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമായിരിക്കും നില്ക്കുക. കാരണം ലൗ ജിഹാദ് വിഷയത്തില്‍ സീറോ മലബാര്‍ സഭക്കൊപ്പവും, സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ ഓര്‍ത്തഡോക്സ് സഭയുടെ കൂടെയും നിന്നത് ബിജെപി മാത്രമായിരുന്നു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ നാല് ശതമാനത്തോളം ക്രിസ്ത്യാനികള്‍ ബിജെപിക്ക് വോട്ട് ചെയ്തതായാണ് സൂചന. വരും തിരഞ്ഞെടുപ്പുകളില്‍ ആ ശതമാനം ഗണ്യമായി ഉയരും. അടുത്ത കാലത്തെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ 15-16% വോട്ട് ഇരട്ടിയാക്കുക മാത്രമേ കേരള ഭരണം പിടിക്കാന്‍ ആവശ്യമുള്ളൂ. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കപ്പെട്ടേക്കാം. ബിജെപിയും കേരളാ കോണ്‍ഗ്രസ്സും ഒന്നിക്കുന്ന നിമിഷം കേരളത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രവും ചരിത്രവും, മാറും. ഹിന്ദു- ക്രിസ്ത്യന്‍ ഐക്യം ഭരണത്തിലേക്ക് വരുന്നു എന്ന് വന്നാല്‍ ജനപിന്തുണ പ്രളയം പോലെ ആര്‍ത്തലച്ചു വരും. ഈ രാഷ്ട്രീയ സാഹചര്യം വിനിയോഗിച്ചു കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാന്‍ വിട്ടുവീഴ്ചയിലും, കഷ്ടപ്പാടിലും ത്യാഗത്തിലുമൂന്നിയ രാഷ്ട്രീയ തീരുമാനമാണ് കേരളാ കോണ്‍ഗ്രസ് എടുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: