പ്രമേഹം അനിയന്ത്രിതമായി വരുമ്പോള്‍ കാലുകളിലും ഉദരത്തിലും ശരീരത്തിന്റെ മറ്റുപലഭാഗങ്ങളിലും ചെറു നെല്ലിക്കാ അളവില്‍ വളരെ പെട്ടെന്ന് കുരുക്കളുണ്ടായി മണിക്കൂറുകള്‍ക്കകം അവ പഴുത്ത് പൊട്ടിയൊലിക്കും. ഇതിനെ പ്രമേഹ പിടക എന്നു പറയുന്നു. ഇത് വളരെ പെട്ടെന്ന് വര്‍ധിക്കും. അസഹ്യമായ ചുട്ടുനീറ്റലും വേദനയും ചില അവസരങ്ങളില്‍ ഉണ്ടാകും. എന്നാല്‍ ചില പ്പോള്‍ മരവിച്ച് മുള്ളുകുത്തിയാല്‍ പോലും അറിയാത്ത അവസ്ഥ വരും. ഇങ്ങനെ കാല്‍വിരലുകള്‍ക്കിടയിലും പെരുവിരലിലും കാല്പാദങ്ങളിലും ഉണ്ടാകുന്ന പ്രമേഹ പിടകകള്ക്കാണ് മരവിപ്പ് സാധാരണയായി കണ്ടു വരുന്നത്. ഇതിനുള്ള ചികിത്സയില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒന്ന് പ്രമേഹത്തെ നിയന്ത്രിക്കുകയും രണ്ട് വ്രണത്തെ ഉണക്കാനുള്ള ചികിത്സയും. പ്രമേഹത്തെ മുന്‍ ലക്കങ്ങളില്‍ പറഞ്ഞ കഷായങ്ങള്‍ കൊണ്ട് നിയന്ത്രിക്കാം. വ്രണത്തെ കരിക്കാന്‍ താഴെ പറയുന്ന കഷായം വളരെ ശ്രേഷ്ഠമാണ്.
കഷായത്തിന്: കൊടിത്തൂവ വേര്, നറുനീണ്ടിക്കിഴങ്ങ്, മുന്തിരിപ്പഴം, ത്രികോല്പകൊന്ന, ചെന്നാമുക്കി, കടുകുരോഹിണി, കടുക്കാത്തൊണ്ട്, ആടലോടക വേര്, വേപ്പിന് തൊലി, ഉണക്കമഞ്ഞള്‍, ഞെരിഞ്ഞില്‍ ഇവ ഓരോന്നും പത്തുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറു മില്ലിയായി വറ്റിച്ച് നൂറു മില്ലി വീതം കുടകപ്പാലരി പൊടിച്ചത് ഒരു ഗ്രാം (ഐസ്ക്രീം സ്പൂണ്‍) മേമ്പൊടി ചേര്‍ത്ത് 100 മില്ലി വീതം ദിവസം രണ്ടു നേരം രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. കൂടാതെ വ്രണം ശമിക്കാന്‍ കാഞ്ഞിരത്തിന്റെ ഇലയും തൊലിയും അത്തിത്തൊലി, ഇത്തിത്തൊലി, അരയാല്‍ത്തൊലി, പേരാല്‍ത്തൊലി, ഇവ ഓരോന്നും അഞ്ചുഗ്രാം വീതം അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിച്ച് അതില്‍ ഒരു സ്പൂണ്‍ കറിയുപ്പും ഇട്ട് സഹിക്കാവുന്ന പരമാവധി ചൂടില്‍ ദിവസം 20 മിനുട്ട് വീതം ദിവസം രണ്ടു നേരം മുക്കി വയ്ക്കണം. കൂടാതെ വ്രണത്തില്‍ പൊടികള്‍ തട്ടാതെ സൂക്ഷിക്കണം. വ്രണം കരിയുന്നതിനായി വ്രണഭൈരവ തൈലം തേയ്ക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: