Categories: Main Article

ശത്രുക്കള്‍ പുത്രരായി ജനിച്ചാല്‍

ഓണക്കാല അവധി 10 ദിവസമാണ്. കൊവിഡ് കാലത്തെ പത്തു ദിവസത്തെ അവധികൊണ്ട് എന്തുണ്ടായി എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുകയേ ഇന്ന് നിര്‍വാഹമുള്ളൂ. പക്ഷേ പത്തു ദിവസത്തെ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം എങ്ങനെയാണ്? കേരളമെന്ന് കേട്ടാല്‍ ഈ കാലയളവില്‍ ഞരമ്പുകളില്‍ ചോര തിളക്കുകയല്ല, ഭീതികൊണ്ട് മനസ്സു പിടയുകയാണ്. കേരളമാകെ കൊല്ലും കൊലയും കൊള്ളിവയ്‌പ്പും. പത്തു ദിവസത്തിനിടയില്‍ പന്ത്രണ്ട് കൊലപാതകങ്ങള്‍. യാദൃച്ഛികമല്ല അതിക്രമങ്ങളൊന്നും. ആസൂത്രിത അറുകൊല തന്നെ. അതിനു പുറമെയാണ് പിഞ്ചുമക്കളെ കൊന്നുള്ള അമ്മയുടെ ആത്മഹത്യ. അച്ഛനെ കൊല്ലുന്നു, മകന്‍. നാലരവര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ എണ്ണവും രീതിയും പരിശോധിച്ചാല്‍ ഭയാനകം.

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ മരിച്ചത് രണ്ട് സിപിഎമ്മുകാരാണ്. കൊന്നത് കോണ്‍ഗ്രസുകാരും. ഈ കൊലപാതകം സിപിഎം ആഘോഷമാക്കുന്നത് സ്വാഭാവികമാണ്. ഈ കൊലപാതകത്തിന്റെ പ്രതികാരമെന്നോണം നൂറില്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ക്കുകയും  കൊള്ളയടിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് നേതാക്കള്‍ വിലപിക്കുന്നു. കാസര്‍കോട് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ ചെയ്തതെന്ന് സിപിഎം സമാധാനിക്കുമ്പോള്‍ ഇതിന് തിരിച്ചടി ഉണ്ടാകില്ലെന്ന് ഉറപ്പിക്കാമോ? ഇല്ലെങ്കില്‍ നല്ലത്.

കോണ്‍ഗ്രസുകാരുടെ കൊലപാതക രാഷ്‌ട്രീയത്തിന് ബാലറ്റിലൂടെ മറുപടി നല്‍കണമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. ഇത് പുതിയ അടവാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാമറിയാവുന്നതാണ്. എപ്പോഴാണ് ഈ സദ്ബുദ്ധി മുളച്ചത്? പയ്യന്നൂരില്‍ സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി നല്‍കുമെന്ന കോടിയേരിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ഒരു ബിഎംഎസ് നേതാവിനെ വീട്ടില്‍ കയറി സിപിഎമ്മുകാര്‍ കൊന്നത്. എക്കാലത്തും വെട്ടും കൊലയും ചോരക്കളിയും സിപിഎമ്മിന് ആഘോഷമാണ്. രാഷ്‌ട്രീയ എതിരാളികളെ ശത്രുക്കളായി പ്രഖ്യാപിക്കുന്ന ശൈലിയാണ് അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പ്രേരകമാകുന്നത്.

ശത്രുക്കളെ കിട്ടിയില്ലെങ്കില്‍ മിത്രങ്ങളുടെ നെഞ്ചില്‍ തന്നെ കത്തി കയറ്റും. അതല്ലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ കണ്ടത്. കുട്ടി സഖാക്കളാണ് അവിടെ സഹപാഠിയും ഒരേ കൊടിയേന്തുന്ന പ്രവര്‍ത്തകനുമായയാളെ കുത്തിയത്. പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കും 25-ാം റാങ്കും നേടിയ നേതാക്കളാണ് കുത്തിയത്. റാങ്ക് വിവാദം ഇപ്പോഴും നിലച്ചിട്ടില്ല. വെഞ്ഞാറമൂടില്‍ പ്രതികളെ പിടിക്കാനുള്ള ജാഗ്രതയൊന്നും യൂണിവേഴ്സിറ്റി കോളജിലെ പ്രതികളുടെ കാര്യത്തില്‍ കണ്ടില്ല. ചോദ്യം ചെയ്യല്‍ തികച്ചും സൗഹൃദപരം. തെരച്ചിലിന് വേഗമോ അറസ്റ്റിന് ധൃതിയോ കണ്ടതേയില്ല. പ്രതികള്‍ സിപിഎമ്മുകാരായാല്‍ എല്ലാത്തിനും ഒരു മെല്ലപ്പോക്ക് ആകുമ്പോള്‍ എന്തും ചെയ്യാനുള്ള ലൈസന്‍സാകുന്നു സഖാക്കള്‍ക്ക്.

കേരളത്തിന് ജനമൈത്രി പോലീസ്, സല്‍പ്പേരുണ്ടാക്കിയതാണ്. നാലരവര്‍ഷത്തിലേത് ‘പതിമൈത്രി’ പോലീസ് എന്ന് മാറ്റിപ്പറയേണ്ട സ്ഥിതിയിലെത്തി. അതാണല്ലോ പെരിയ കൊലക്കേസ് പ്രതികളുടെ കാര്യത്തില്‍ കണ്ടത്. ക്രൂരകൃത്യങ്ങളുണ്ടായാല്‍ പോലീസ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ പെരിയയില്‍ പോലീസ് അന്വേഷിച്ച് കണ്ടെത്തിയ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രത എന്തിന്റെ ലക്ഷണമാണ്. പ്രതികള്‍ക്കുവേണ്ടി വാദിക്കാന്‍ മുന്തിയ വക്കീലന്മാര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കിയത് 88 ലക്ഷം രൂപ! എങ്ങനെയുണ്ട് നിയമപാലനം! നീതി നിര്‍വഹണം!

കണ്ണൂര്‍ ജില്ലയിലെ ചൈനയാണ് ആന്തൂര്‍ നഗരസഭ. അവിടെ പ്രതിപക്ഷമില്ല. വ്യവസായ സ്ഥാപനങ്ങളില്ല. സ്വകാര്യ സംരംഭകരും ഏറെയില്ല. അവിടെനിന്നും വിദേശത്തുപോയി അല്‍പ്പം പണം സ്വരൂപിച്ച് നാട്ടിലൊരു സ്ഥാപനം ആരംഭിക്കാന്‍ സാജനെന്ന യുവാവ് തീരുമാനിച്ചു. എല്ലാം കെട്ടിപ്പൊക്കിയശേഷം നഗരസഭ ഉടക്ക് വച്ചു. കോടികളുടെ മുതല്‍ മുടക്ക് മണ്ണില്‍ കിടന്ന് നശിക്കുമെന്ന നിരാശയില്‍ ജീവനൊടുക്കേണ്ടി വന്നു, സാജന്. മരിച്ചയാളോടെങ്കിലും നീതികാട്ടേണ്ടേ? അതുണ്ടായില്ല. ഒടുവില്‍ സാജന്റെ ഭാര്യക്ക് പറയേണ്ടിവന്നു ”സാജന്റെ മാര്‍ഗം എനിക്കും മക്കള്‍ക്കും സ്വീകരിക്കേണ്ടിവരും.”

നാട്ടില്‍ സൈ്വര്യമില്ല. പോലീസ് സ്റ്റേഷനിലെത്തിയാലോ അവിടെയും രക്ഷയില്ല. മൂന്നാംമുറയും ഉരുട്ടിക്കൊലയും ഇല്ലേ ഇല്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ കാലത്ത് സ്റ്റേഷനുകളില്‍ മര്‍ദ്ദനമേറ്റ് മരിച്ചവരുടെ സംഖ്യ വലുതാണ്. പീരുമേട് സബ്ജയിലില്‍ പ്രതിയെ പൊതിരെ തല്ലിയും ഉഴിച്ചലും പിഴിച്ചിലും നടത്തിയ ശേഷം മുളക് പൊടി സ്പ്രേയും നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത് കഴിഞ്ഞവര്‍ഷമാണ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കുമാറിന്റെ മരണം ഉന്നത അന്വേഷണത്തിലാണ്. കഴിഞ്ഞമാസമാണ് തിരുവനന്തപുരം സ്റ്റേഷനില്‍ ഒരു പ്രതി മരിച്ചത്.

ഇതെല്ലാം സംഭവിക്കുമ്പോള്‍ ഭരണം നയിക്കുന്നവര്‍ക്ക് സ്വസ്ഥതയുണ്ടോ? സ്വര്‍ണ കള്ളക്കടത്തും വ്യാജ കയ്യൊപ്പും കെട്ടിട നിര്‍മാണത്തിലെ കള്ളക്കളിയും കൈക്കൂലിയും എന്നുവേണ്ട ഒട്ടനവധി  ഏടാകൂടങ്ങള്‍ വരിഞ്ഞുമുറുകുമ്പോള്‍ എങ്ങനെ ഉറങ്ങാനാകും? പാര്‍ട്ടി തലപ്പത്തും സ്ഥിതി അതുതന്നെ. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ പുത്രന്മാരായതിന്റെ മാനക്കേടിലാണ് പാര്‍ട്ടി സെക്രട്ടറി. എങ്ങനെ തീര്‍ക്കും ഈ കടങ്ങള്‍. കടല്‍പോലെ കിടക്കുന്ന കെടുതിക്കടല്‍ കടന്ന് കര പറ്റുന്നതാണ് ദുഷ്‌കരം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക