മനുഷ്യജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗം ഉറക്കത്തിനായി ചെലവഴിക്കുന്നതിനാല്‍ ഉറക്കം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നത് തീര്‍ച്ച. ഉറക്കം ഉചിതമായാല്‍ ഉണര്‍വും ദിവസവും ഉത്തമമാകും. അതുകൊണ്ടു തന്നെ ഉചിതമായ ശയന നിയമങ്ങള്‍ വാസ്തുവിന് വിഷയമാണ്. ഉത്തമ കിടപ്പുമുറികളുടെ സ്ഥാനവും അളവും യോനിക്രമവും മാത്രമല്ല കിടപ്പു രീതികളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട് വാസ്തു ഗ്രന്ഥങ്ങള്‍.
കിടപ്പു നിയമങ്ങള്‍ പല ഗ്രന്ഥങ്ങളില്‍ വിസ്തരിച്ചിട്ടുണ്ടെങ്കിലും അവയുടെ ആകെ ആശയം ബ്രൃഹത് സംഹിത ഒരൊറ്റ ശ്ലോകത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്.
‘ധാന്യ ഗോ ഗുരു ഹുതാശ സുരാണാം
ന സ്വപേദുപരി നാപ്യനുവംശാത്
നോത്തര പരശ്ശിരാ ന ച നഗ്‌നോ
ന ചേദാര്‍ദ്രചരണഃശ്രിയമിച്ഛന്‍’ ഐശ്വര്യത്തെ ആഗ്രഹിക്കുന്നവര്‍, ധാന്യങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നിടത്തും, പശു തൊഴുത്തുകളുടെയും, മറ്റു മൃഗങ്ങളുടെ കൂടിന് സമീപത്തും, അഗ്നി സാമീപ്യം ഉള്ളിടത്തും, ദേവാലയങ്ങള്‍, പൂജാമുറി, ദേവതാ സ്ഥാനങ്ങള്‍ക്ക് മുകളിലും, മുളങ്കാടുകള്‍ക്ക് സമീപവും ഉറങ്ങുന്നത് ഉചിതമല്ല. നഗ്നരായി ഉറങ്ങുന്നതും ഒഴിവാക്കണം.
അപ്രകാരം തന്നെ വടക്കും പടിഞ്ഞാറും തല വെച്ചുറങ്ങുന്നതും ശുഭമല്ല. കിടക്കയില്‍ നിന്ന് വലം തിരിഞ്ഞു എഴുന്നേറ്റു വടക്ക് അല്ലെങ്കില്‍ കിഴക്ക് നോക്കി പ്രാര്‍ഥിച്ചു ദിനം ആരംഭിക്കുന്ന വിധം കിഴക്കോട്ടോ തെക്കോട്ടോ ശിരസ്സ് വരത്തക്ക വണ്ണം കിടപ്പ് ക്രമീകരിക്കണം. ‘ആവാം കിഴക്കോട്ട്, അല്ലെങ്കില്‍ തെക്കോട്ട്, അരുതേ പടിഞ്ഞാട്ട് ഒട്ടും പാടില്ല വടക്കോട്ട് ‘, ‘ഏത് വെടക്ക് തലയും വടക്കോട്ട് വേണ്ട’ തുടങ്ങിയ നാട്ടു ചൊല്ലുകള്‍ ഈ പ്രമാണത്തിന്റെ തത്ഭവങ്ങളാണ്. മറ്റു പ്രവര്‍ത്തികള്‍ക്ക് യോജിക്കാത്ത ദിക്കെങ്കിലും തെക്ക് ഉറങ്ങാന്‍ അനുയോജ്യമായതാണ്. നനഞ്ഞ കാലോടു കൂടി ഉറങ്ങുന്നതും ഈ പ്രമാണപ്രകാരം വര്‍ജ്യമാണ്. ‘നനച്ചുണ്ണണം, തുടച്ചുറങ്ങണം’ എന്ന നാടന്‍ പ്രയോഗം സുവിദിതമാണല്ലോ. അതുപോലെ തന്നെ നീണ്ട് നിവര്‍ന്ന് വേണം കിടക്കാന്‍, മലര്‍ന്ന് കിടന്ന് ഉറങ്ങരുത്, ഇടതു വശം ചരിഞ്ഞ് കിടന്നുറങ്ങുക എന്നിവയും പാലിക്കുന്നത് ശുഭകരമാണ്. ഒറ്റയ്‌ക്ക് ഒരു വീട്ടില്‍ ഉറങ്ങുന്നതിനും നിഷേധമുണ്ട്.
ഇത് കൂടാതെ വാതിലിനു നേര്‍ക്ക് കാലും തലയും വരത്തക്ക വിധമുള്ള കിടപ്പും ഒഴിവാക്കണം. കിടപ്പുമുറിയില്‍ കട്ടിലിനു നേര്‍ക്ക് കണ്ണാടി വരുന്നതും നന്നല്ല. ഉത്തരം മുറിഞ്ഞ് കിടക്കുന്നതും അശുഭകരമാണ്. കിടപ്പുമുറികളില്‍ വര്‍ണവിന്യാസത്തിലും ശ്രദ്ധ വേണം. കറുപ്പ്, മഞ്ഞ, ചുവപ്പ് തുടങ്ങിയ കഠിനനിറങ്ങള്‍ ഒഴിവാക്കുകയാണുചിതം. കിടപ്പുമുറിയില്‍ മനസ്സിന് സന്തോഷം തോന്നുന്ന വിധമുള്ള ചിത്രങ്ങളോ ശില്പങ്ങളോ മാത്രമേ സ്ഥാപിക്കാവൂ. ഭയം, അറപ്പ്, ദുഃഖമുണ്ടാകുന്നവ കിടപ്പുമുറികളില്‍ വേണ്ട. യുദ്ധം, കാമലീലകള്‍, മരണം എന്നിവയെ സൂചിപ്പിക്കുന്നവ ഒഴിവാക്കണം. കിടപ്പു മുറികള്‍ വൃത്തിയുള്ളതും വായു പ്രവാഹത്തിന് അനുയോജ്യമായതുമെങ്കില്‍ സന്തോഷകരമായ ജീവിതത്തിനു നിദാനമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക