രാജാക്കാട്: പൂപ്പാറ തോണ്ടിമലയില്‍ സഞ്ചാരികള്‍ നീലക്കുറിഞ്ഞി പൂക്കള്‍ നശിപ്പിക്കുന്ന സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് തേടി. ജന്മഭൂമി വാര്‍ത്തയുടെ അടസ്ഥാനത്തിലാണിത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും ഇത് സംബന്ധിച്ച് മൂന്നാര്‍ ഡിഎഫ്ഒയോട് വിവരങ്ങള്‍ തേടിയതായും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ നീലക്കുറിഞ്ഞി പൂത്ത കാര്യം അറിഞ്ഞിരുന്നില്ല, റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് നടപടികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലഞ്ചെരിവില്‍ അഞ്ച് മുതല്‍ ആറ് എക്കര്‍ സ്ഥലത്തായാണ് നീലക്കുറിഞ്ഞി ഇടവിട്ട് പൂവിട്ടിരിക്കുന്നത്. ഇവിടെ ദിവസവും നൂറ് കണക്കിന് സഞ്ചാരികള്‍ എത്തുകയും പ്രകൃതിയുടെ അത്ഭുതമെന്ന് അറിയപ്പെടുന്ന പൂക്കള്‍ പറിച്ച് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം സ്ഥലം പരിശോധിച്ച് മേലുദ്യോഗസ്ഥന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ എം.വി.ജി. കണ്ണന്‍ പറഞ്ഞു. സ്ഥലം റവന്യൂ ഭൂമിയാണെന്നും ഇവിടെയുള്ള മരങ്ങളുടെ സംരക്ഷണം മാത്രമാണ് വനംവകുപ്പിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ കുറവുള്ളതിനാല്‍ സംരക്ഷണം ഏറ്റെടുക്കുക ബുദ്ധിമുട്ടാണ്. റവന്യൂ വകുപ്പും പോലീസുമാണ് ഇവിടെ പൂക്കള്‍ സംരക്ഷിക്കേണ്ടതെന്നും ചെറിയ സ്ഥലത്ത് മാത്രമാണ് പൂക്കള്‍ വിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ദേവികുളം സബ് കളക്ടറുമായി സംസാരിക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ഉടുമ്പന്‍ചോല തഹസില്‍ദാരോട് വിവരങ്ങള്‍ തേടിയതായി ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും വ്യക്തമാക്കി. പൂക്കള്‍ സഞ്ചാരികള്‍ പറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല, ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസമാണ് വനംവകുപ്പ് ദേവികുളം റേഞ്ചിന് കീഴിലെ സംസ്ഥാന അതിര്‍ത്തി മേഖലയായ പൂപ്പാറയില്‍ നീലക്കുറിഞ്ഞി പൂവിടാന്‍ ആരംഭിച്ചത്. ഈ മേഖലയില്‍ ആദ്യമായാണ് കുറിഞ്ഞി പൂക്കുന്നത്. മുമ്പ് 2018ല്‍ 20ല്‍ അധികം ഇനം നീലക്കുറിഞ്ഞി മൂന്നാറില്‍ പൂവിട്ടിരുന്നു. സമാന വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനം നീലക്കുറിഞ്ഞിയാണിതെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: