കേരളത്തില്‍, നവോത്ഥാനത്തിന്റെ മണ്ണ് ഉഴുത് മറിച്ച് ആധുനിക നവോത്ഥാന കേരളത്തിന്റെ ശിലപാകിയ മഹാത്മാവാണ് മഹാത്മാ അയ്യങ്കാളി. നാടുവാഴിത്തത്തിന്റെയും ജന്മിത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കാലഘട്ടത്തില്‍ ജാതീയതയും, അയിത്തവും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, സാമൂഹ്യ തിന്മകളും അരങ്ങ് വാണിരുന്ന കാലഘട്ടം. അടിച്ചമര്‍ത്തപ്പെട്ട അധ:സ്ഥിത ജനതയ്‌ക്ക് അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം, പൊതുകിണറില്‍ നിന്ന് വെള്ളമെടുക്കാനുള്ള സ്വാതന്ത്ര്യം, മീശ വെയ്‌ക്കുവാനും, മാറുമറയ്‌ക്കുവാനുമുള്ള സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെട്ടപ്പോള്‍, മനുഷ്യന്റെ അവകാശങ്ങള്‍ ഒരു ജനതയ്‌ക്ക് വേണ്ടി പോരാട്ടത്തിലൂടെ നേടിയെടുത്ത, ഒഴുക്കിനെതിരെ നീന്തി വിജയം വരിച്ച നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ സ്മരണയ്‌ക്ക് മുന്നില്‍ ഒരായിരം പ്രണാമം.
1863 ഓഗസ്റ്റ് 28ന് വെങ്ങാനൂരില്‍ ജനിച്ച് 1941 ജൂണ്‍ 18ന് ആ ജീവിതം കാലയവനികയില്‍ മറയുന്നതുവരെ അയ്യങ്കാളി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആധുനിക സമൂഹം ഓര്‍ത്തിരിക്കേണ്ട ഒന്നാണ്. സാമൂഹിക രംഗത്ത് സാമൂഹ്യനീതിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ അത്രയും വിലപ്പെട്ടതും ചരിത്രത്തിന്റെ ഭാഗവുമാണ്. 1893 ല്‍ തിരുവിതാംകൂറിന്റെ രാജവീഥികളില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയും 1907ല്‍ നടത്തിയ കാര്‍ഷിക വിപ്ലവ സമരവും 1914ല്‍ നടത്തിയ കല്ലുമാല ബഹിഷ്‌കരണ സമരവുമെല്ലാം കേരള ചരിത്രത്തിന്റെ സുപ്രധാന വഴിത്തിരിവായിരുന്നു. എന്നാല്‍ കേരളത്തിന്റെ ചരിത്രകാരന്മാര്‍ അയ്യങ്കാളിയുടെ സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങളെ കേരള ചരിത്രത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് അനീതിയാണ്. 1907ല്‍ ലോകത്ത് ആദ്യമായി നടന്ന കാര്‍ഷിക വിപ്ലവത്തിന് പകരം 1924ല്‍ നടന്ന റഷ്യന്‍ വിപ്ലവത്തയാണ് ഇടതുപക്ഷ കൂലിയെഴുത്തുകാരായ ചരിത്രകാരന്മാര്‍ ഉള്‍പ്പെടുത്തിയത് എന്നത് ഇവിടെ പ്രസക്തമാണ്.
ദീര്‍ഘവീക്ഷണമായിരുന്നു അയ്യങ്കാളിയുടെ മുഖമുദ്ര. കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തേണ്ടത് കൃഷിയിലൂടെയും, വിദ്യാഭ്യാസത്തിലൂടെയും ആയിരിക്കണമെന്ന കാഴ്ചപ്പാടിലൂടെ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ അയ്യങ്കാളിക്ക് സാധിച്ചു. തന്റെ ജനതയ്‌ക്ക് മുന്നോട്ട് പോകണമെങ്കില്‍, വ്യവസ്ഥിതികള്‍ക്ക് മാറ്റം വരുത്തണമെങ്കില്‍, വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ അയ്യങ്കാളി, വിദ്യാഭ്യാസം മൗലികാവകാശമാക്കാന്‍ വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. മഹാത്മാഗാന്ധി കേരളസന്ദര്‍ശനവേളയില്‍ അയ്യങ്കാളിയെ സന്ദര്‍ശിച്ചിരുന്നു. ‘എന്താണ് ആഗ്രഹം’ എന്ന് ഗാന്ധി ചോദിച്ചപ്പോള്‍ അയ്യങ്കാളി മറുപടി പറഞ്ഞത് ‘എന്റെ സമുദായത്തില്‍ നിന്ന് പത്ത് ബിഎക്കാരെ സൃഷ്ടിക്കലാണ് എന്റെ മുഖ്യലക്ഷ്യം’ എന്നാണ്. വിദ്യാഭ്യാസത്തിലൂടെ തന്റെ ജനതയില്‍ പരിവര്‍ത്തനം സൃഷ്ടിക്കാം എന്ന് തിരിച്ചറിഞ്ഞ അയ്യങ്കാളി വിദ്യാഭ്യാസത്തിന് മുഖ്യപ്രാധാന്യം നല്‍കി.
1914ല്‍ കല്ലുമാല ബഹിഷ്‌കരണവുമായി ബന്ധപ്പെട്ടു നടന്ന സാമൂഹിക ലഹളയുടെ സമയത്ത് സമാധാന സമ്മേളനം വിളിക്കാന്‍ മുന്‍കയ്യെടുത്തത് അയ്യങ്കാളിയായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുമായി കൈകോര്‍ത്ത് സമന്വയത്തിന്റെ പാതയിലൂടെ ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു. കേരളത്തിലെ അധ:സ്ഥിത വിഭാഗത്തില്‍പ്പെടുന്ന ആദ്യ സാമാജികനായിരുന്നു അയ്യങ്കാളി. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന സമയത്ത് അദ്ദേഹം നടത്തിയ പോരാട്ടങ്ങളും നിരവധിയാണ്. അദ്ദേഹത്തിന്റെ സേവനങ്ങളും വിലമതിക്കാനാവത്തതാണ്. പ്രജാസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ വളരെ പ്രധാനപ്പെട്ട ചരിത്രരേഖയാണ്. തിരുവിതാംകൂര്‍ പ്രജാസഭയില്‍ അംഗമായ അയ്യങ്കാളി അധികാര കേന്ദ്രങ്ങളില്‍ പാര്‍വശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന കാഴ്‌ച്ചപ്പാടില്‍ ഊന്നി തന്റെ സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇന്ന് കേരള നിയമസഭയുടെ അകത്തളങ്ങളില്‍ അധികാരസ്ഥാനത്തിരിക്കുന്ന പട്ടികജാതി എംഎല്‍.എമാര്‍ സ്വന്തം സമുദായത്തോട് നീതി പുലര്‍ത്തുന്നില്ല എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഇന്നത്തെ തലമുറ അയ്യങ്കാളിയോട് നീതി പുലര്‍ത്തിയോ എന്ന ചോദ്യത്തിന് വളരെ പ്രസക്തിയേറിയിരിക്കുകയാണ്. കേരളത്തിലെ അധ:സ്ഥിത സമൂഹത്തിന്റെ അവസ്ഥ എന്നും ‘കോരന് കഞ്ഞി കുമ്പിളില്‍ തന്നെ’ എന്ന സ്ഥിതിയാണ്. കേരളം മാറി മാറി ഭരിച്ചവര്‍ അധ:സ്ഥിത സമൂഹത്തോട് നീതി പു
ലര്‍ത്തിയിട്ടില്ല. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത മഹാത്മാ അയ്യങ്കാളി എന്തുകൊണ്ട് കേരള ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയി. അയ്യങ്കാളിയുടെ സംഭാവനകള്‍ കേരളത്തിന് പുറമേ അറിയുന്നതിന് തടസ്സം നിന്നതാര്? അര്‍ഹമായ പരിഗണന നല്‍കുന്നതില്‍ കേരളീയ സമൂഹം എന്തുകൊണ്ട് പുറം തിരിഞ്ഞുനിന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ ഉണ്ട്? എന്നാല്‍ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ വച്ച് കെ.പി.എം.എസും പട്ടികജാതി മോര്‍ച്ചയും സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. അയ്യങ്കാളിയുടെ ഛായാചിത്രത്തിന് മുന്നില്‍ ഒരു പിടി പൂക്കള്‍ അര്‍പ്പിച്ചപ്പോള്‍ എന്റെ ജീവിതം ധന്യമായി എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോ പട്ടികജാതിക്കാരനും അഭിമാനമേകും.
(ഡോ.അംബേദ്കര്‍ ഫൗണ്ടേഷന്‍ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് ഗവ.ഓഫ് ഇന്ത്യ അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക