ഇത്തവണ പൊന്നോണക്കാലമെത്തിയത് കൊവിഡ് മഹാമാരി ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുന്ന അവസരത്തിലാണ്. പക്ഷെ മലയാളിക്ക് ഓണമില്ലാതെ, ഓണസദ്യയില്ലാതെ, ഓണക്കളികളും ഓണപ്പാട്ടുകളുമില്ലാതെ ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയുള്ള ദിനങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. മലയാളിത്തം എന്ന സ്വത്വം രൂപമെടുത്തത് ഓണത്തില്‍ നിന്നാണെന്ന് പറയാം. പ്രളയമായാലും പകര്‍ച്ചവ്യാധികളായാലും ഒരുമിച്ചുനിന്നു നേരിടുന്ന സ്വഭാവമാണല്ലോ മലയാളിക്ക്. ഈ ഒരുമയുടെ ബീജം ഓണസങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മാവേലി നാടുവാണിരുന്ന കാലത്തെ മാനുഷരെല്ലാരുമൊന്നുപോലെ ഒരുമയോടെ കഴിഞ്ഞിരുന്ന അനുഭവത്തിന്റെ ഓര്‍മകള്‍ ഓരോ മലയാളിയുടെയും ജനിതകത്തില്‍ അലിഞ്ഞുചേര്‍ന്നു കിടക്കുന്നതാണ് നമ്മുടെ ഒത്തൊരുമയ്‌ക്ക് പ്രധാന ഹേതു.
മലയാളനാടിന്റെ ഭൂപ്രകൃതിക്കും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയ്‌ക്കുമനുസരിച്ച് ആചാരാനുഷ്ഠാനങ്ങളില്‍ തെക്കും വടക്കും മധ്യകേരളവും തമ്മില്‍ ചില നേരിയ വ്യത്യാസങ്ങള്‍ കാണാം. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും കടത്തനാട്ടില്‍ കാണുന്ന ഓണപ്പൊട്ടന്‍ തെയ്യത്തെ തെക്ക് തിരുവനന്തപുരത്തോ മധ്യകേരളത്തിലെ തൃശൂരിലോ കൊച്ചിയിലോ കാണാനാവില്ല. തൃശൂരിലെ പുലികളിയും കുമ്മാട്ടിയും വടക്കുമില്ല. ഇതു വ്യക്തമാക്കുന്നത് പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ആഘോഷങ്ങളുടെ രൂപത്തിലും വ്യത്യാസമുണ്ടെന്നാണ്. വടക്കന്‍ കേരളത്തില്‍ ഓണസദ്യക്കുമുണ്ട് വ്യത്യാസം. ഓണസദ്യയില്‍ മത്സ്യമാംസാദികള്‍ അവിടെ നിഷിദ്ധമല്ല. തെക്കന്‍ കേരളത്തില്‍ അങ്ങനൊന്ന് ചിന്തിക്കാന്‍ പോലും വിഷമമായിരിക്കും. ഈ വൈജാത്യങ്ങള്‍ക്കിടയിലും മാവേലി സങ്കല്‍പ്പവും വാമനസങ്കല്‍പ്പവും മലയാളനാട്ടിലെല്ലായിടത്തും ഒരേപോലെയാണെന്നതും യാഥാര്‍ത്ഥ്യമാണ്. മാവേലിനാടിന്റെ നന്മയും സമൃദ്ധിയും, സമ്പന്നതയിലഹങ്കരിച്ച രാജാവിനെ അതിന്റെ നിസ്സാരതയെ ബോധ്യപ്പെടുത്താന്‍ വാമനമൂര്‍ത്തിയവതരിച്ചതും അഹങ്കാരം ശമിപ്പിച്ച് അനുഗ്രഹമേകിയതുമായ ഐതിഹ്യത്തിന് എല്ലായിടത്തും ഒരേ സ്വീകാര്യതയാണ്.
ഐതിഹ്യങ്ങളും മിത്തുകളും കാലത്തിന്റെ ഗതിയില്‍ രൂപപ്പെടുന്നവയാണ്. മഹാബലി എന്നൊരു ചക്രവര്‍ത്തി കേരളം ഭരിച്ചിരുന്നോ എന്നു ചരിത്രപരമായി പരിശോധിച്ചാല്‍ നമുക്ക് കണ്ടെത്തുക പ്രയാസമായിരിക്കും. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലൊന്നും അങ്ങനെയൊരു ചക്രവര്‍ത്തിയില്ല. പക്ഷെ മാവേലിയുടെ നന്മനിറഞ്ഞ, ഒത്തൊരുമയുടെയും സമത്വത്തിന്റെയും ഒരു സുന്ദരകാലത്തെക്കുറിച്ചുള്ള സങ്കല്‍പ്പം എക്കാലത്തുമുണ്ടായിരുന്നു. ഒരുപക്ഷേ അത് കേരളത്തിലെ ആദ്യത്തെ രാഷ്‌ട്രീയാധികാര ശക്തിയായിരുന്ന മഹോദയപുരത്തെ പെരുമാക്കന്മാരെക്കാളും ചേരരാജാക്കന്മാരെക്കാളും സംഘകാലഘട്ടത്തിനും മുന്‍പായിരിക്കാം. അല്ലെങ്കില്‍ ഒരു ജനതയുടെ സ്വപ്‌നസങ്കല്‍പ്പവുമായിരിക്കാം.
എത്ര ശ്രേഷ്ഠനായാലും സത്വഗുണസമ്പന്നനായാലും ഭൗതികസമ്പത്തില്‍ മുങ്ങിക്കുളിച്ചാലും അഹങ്കാരം ഒരുവനെ പാതാളത്തിലേക്ക് താഴ്‌ത്തുമെന്നു പ്രതീകാത്മകമായി കാണിച്ചുതരികയാണ് വാമനകഥാപാത്രം. വാമനാവതാരം മഹാവിഷ്ണുവിന്റെതാണ്. ഭൗതിക സമ്പത്തു നിറഞ്ഞുനില്‍ക്കുന്നതില്‍ മൂന്നുലോകങ്ങളും തനിക്കു കീഴിലാണെന്ന് അഹങ്കരിക്കുന്ന ബലിചക്രവര്‍ത്തിക്ക് ദാനമാവശ്യപ്പെടുന്നവന് മൂന്നടി മണ്ണുപോലും നല്‍കാനുള്ള കെല്‍പ്പില്ലെന്ന് കാണിച്ചുകൊടുക്കുകയാണ് വാമനന്‍. തന്റെ നിസ്സാരത മനസ്സിലാക്കിയ ശ്രേഷ്ഠ ചക്രവര്‍ത്തി വാമനബാലനു മുന്നില്‍ തലകുനിച്ച് തന്റെ അഹങ്കാരം ശമിപ്പിക്കണമേയെന്ന് അപേക്ഷിക്കുന്നു. വാമനന് അപ്രകാരം മഹാബലിയുടെ അഹങ്കാരത്തിന്റെ തലക്കനം പാതാളത്തിലേക്ക് താഴ്‌ത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: