ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന പി.കൃഷ്ണപിള്ളയുടെ 72ാം സ്മൃതിദിനാചരണം ഇന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ സ്ഥാപക നേതാവിന് പോലും നീതി ലഭിച്ചില്ലെന്ന് ആക്ഷേപത്തിനിടെയാണ് അദ്ദേഹത്തിന്റെ ചരമദിനം ആചരിക്കുന്നത്. കൃഷ്ണപിള്ള സ്മാരകത്തിനു തീയിട്ട കേസിലെ പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടയച്ചതിന് ശേഷമുള്ള ആദ്യ കൃഷ്ണപിള്ള ദിനാചരണമാണ് ഇന്ന്.
കഴിഞ്ഞ മാസം 30നാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അടക്കമുള്ള പ്രതികളെ തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2013 ഒക്‌ടോബര്‍ 31ന് അര്‍ദ്ധരാത്രിയാണ് മുഹമ്മ കണ്ണര്‍ക്കാട്ടെ കൃഷ്ണപിള്ള സ്മാരകമായ ചെല്ലിക്കണ്ടം വീട് കത്തിക്കുകയും, കൃഷ്ണപിള്ള പ്രതിമയുടെ ഒരു ഭാഗം തകര്‍ക്കുകയും ചെയ്തത്. 1948 ആഗസ്റ്റ് 19ന് കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ചത് ഇവിടെയായിരുന്നു.
പ്രതികളെ പിടികൂടുകയും, കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത് യുഡിഎഫ് ഭരണകാലത്താണ്. ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടി മണിക്കുറുകള്‍ക്കകം ഇവരെയെല്ലാം പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. പിന്നീട് പിണറായി ഭരണകാലത്താണ് കോടതിയില്‍ വിസ്താരം നടക്കുകയും, പ്രതികളെ വെറുതെ വിടുകയും ചെയ്തത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വരെ പരാതികളുയര്‍ന്നിരുന്നു.
കൃഷ്ണപിള്ള ദിനം കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ആചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകം കത്തിച്ച കേസില്‍ ഇടതുസര്‍ക്കാര്‍ അപ്പീല്‍ പോകുമോ, പുനരന്വേഷണത്തിന് തയാറാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎമ്മും സിപിഐയും പക്ഷെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സ്മാരകത്തിന്റെ ഉടമസ്ഥരായ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി, പ്രതികളെ വെറുതെ വിട്ടയച്ചുള്ള കോടതി വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത് വിധി ഇപ്രകാരമായിരിക്കുമെന്ന് അറിയാമായിരുന്നു എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: