മുന്‍ സംഘപ്രചാരക് തൃപ്പൂണിത്തുറ ഏരൂര്‍ ഉണ്ണിച്ചേട്ടന് (വി.ആര്. ഉണ്ണികൃഷ്ണന്) അന്തരിച്ച വിവരം ജ്യേഷ്ഠ സ്വയംസേവകനായ പുരുഷോത്തമന് ചേട്ടനില്‍ നിന്നറിഞ്ഞപ്പോള്‍ നഷ്ടബോധം മാത്രമല്ല, പതിറ്റാണ്ടുകള്‍ പഴക്കമുള്ള അടിയന്തിരാവസ്ഥ കാലത്തെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളും മനസ്സിലെത്തി. ഉണ്ണിച്ചേട്ടനെ ആദ്യമായി കാണുന്നത് 1970 മെയ് മാസത്തില്‍ അന്നത്തെ പ്രാന്തകാര്യാലയത്തില്‍ വച്ചാണ്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് കിഴക്ക് വശം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ട്മുക്കിലെ പഴയ ഒരു വീടായിരുന്നു കാര്യാലയം. അന്നത്തെ കാര്യാലയ പ്രമുഖായിരുന്ന മോഹന്‍ജിയാണ് ഉണ്ണിച്ചേട്ടനെ പരിചയപ്പെടുത്തിയത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയിട്ട് കേവലം ഒരുമാസം പോലും തികയാത്ത കൗമാരക്കാരന് ഏരൂര്‍ എവിടെയാണ് എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ, ഇരുപതു തികയാത്ത ഒരു കോളേജ് വിദ്യാര്‍ഥി പ്രചാരകനായി വരുന്നു എന്നു കേട്ടപ്പോള്‍ കൗതുകമായി.
ആ വര്‍ഷം നാല് പ്രചാരകന്മാരാണ് എറണാകുളത്തു നിന്നു വന്നത്. ആലുവായില്‍ നിന്നു നാരായണന് ചേട്ടനും (മുന്‍ വിഭാഗ് പ്രചാരക്, ഇപ്പോള്‍ തൃശ്ശൂര്‍ കാര്യാലയത്തില്‍) രാജപ്പന് ചേട്ടനും (മുന്‍ മലപ്പുറം ജില്ല പ്രചാരക്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല), ഉണ്ണിച്ചേട്ടന്, എറണാകുളം കലൂരിലെ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സി.എസ്. മുരളിച്ചേട്ടന്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ പുതിയ പ്രചാരകന്മാര് മുന്നോട്ട് വന്നത് എറണാകുളം ജില്ലയില്‍ നിന്നായിരുന്നു. പിന്നീട് എറണാകുളത്ത് പ്രചാരകന്മാരുടെ ബൈഠക് നടക്കുമ്പോള്‍ ഞാന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. എങ്കിലും ഉണ്ണിച്ചേട്ടനുമായി സൗഹൃദം ഒന്നും ഉണ്ടായില്ല. കാലം മുന്നോട്ടു നീങ്ങി. അടിയന്തിരാവസ്ഥ വന്നു. ആരൊക്കെ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്നു അടിയന്തിരാവസ്ഥയിലെ കടുത്ത അണ്ടര്‍ഗ്രൗണ്ട് നിയമങ്ങള്‍ മൂലം അറിഞ്ഞിരുന്നില്ല. അടിയന്തിരാവസ്ഥ വിരുദ്ധ സത്യഗ്രഹവും അതിന്റെ ഭാഗമായ കടുത്ത പോലീസ് മര്‍ദ്ദനവും കഴിഞ്ഞിരിക്കുമ്പോള്‍ എനിക്കു കിട്ടിയ ‘റിവാര്‍ഡ്’ ആയിരുന്നു കണയന്നൂര്‍ താലൂക്കിലെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തന ചുമതല. അങ്ങനെ, 1976ല്‍ ഒരു ദിനം ഉണ്ണിചേട്ടന് പ്രചാരക വൃത്തിയില്‍ നിന്നു പിരിഞ്ഞു വീട്ടിലെത്തി. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദം ആരംഭിച്ചു. താലൂക്കിലെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തില്‍ അദ്ദേഹം എന്നോടൊപ്പം ചേര്‍ന്നു. വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം തുറന്നു പറയുന്ന വിധത്തില്‍ ഞങ്ങളുടെ സൗഹാര്‍ദ്ദം വളര്‍ന്നു.
കൊല്ലം,ആലപ്പുഴ ജില്ലകളിലായിരുന്നു അദ്ദേഹത്തിന്റെ അഞ്ചര വര്‍ഷത്തെ പ്രചാരക വൃത്തി. ആലപ്പുഴ ജില്ലാ പ്രചാരക് വൈക്കം ഗോപന്‍ച്ചേട്ടനും( വൈക്കം ഗോപകുമാര്‍) ജില്ലയിലെ ഒരു താലൂക് പ്രചാരകനായിരുന്ന കോഴിക്കോട് ശിവദാസന്‍ ചേട്ടനും അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു മരണസമാനരായി മാറുകയും ചെയ്ത കാലത്ത്, അദ്ദേഹം അതേ ജില്ലയില്‍ താലൂക് പ്രചാരകനായിരുന്നു. കൊല്ലത്ത് താലൂക് പ്രചാരകനായിരിക്കുമ്പോള്‍ അന്നത്തെ വിഭാഗ് പ്രചാരക് വി.പി. ജനേട്ടന്റെ ഇഷ്ടഭാജനമായിരുന്നു. ഉണ്ണിചേട്ടന് പ്രചാരക് ഷിപ്പില്‍ നിന്നു തിരിച്ചു വന്നു വീട്ടില്‍ കഴിയുമ്പോള്‍ അടിയന്തിരാവസ്ഥ കാലത്ത് ജനേട്ടന്റെ ആഗ്രഹപ്രകാരം ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ട്.
അടിയന്തിരാവസ്ഥയുടെ അന്തിമ പാദത്തില്‍ ജനതപാര്‍ട്ടിക്ക് വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം എന്നോടൊപ്പം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ്സ്-സിപിഐ മുന്നണിക്കെതിരെ ഒറ്റ സ്ഥാനാര്‍ഥി എന്നായിരുന്നു അന്നത്തെ അഖിലഭാരതീയ തീരുമാനം. അങ്ങനെ തൃപ്പൂണിത്തുറയില്‍ നിന്നു സിപിഎം നേതാവ് ടി.കെ. രാമകൃഷ്നെ വിജയിപ്പിക്കുക എന്ന ദൗത്യത്തില്‍ ഉണ്ണിചേട്ടനുമുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്ക് ശേഷം അദ്ദേഹം ജനതപാര്‍ട്ടിയിയിലും പിന്നീട് ബിജെപിയിലും സജീവമായി. ഒന്നര വര്‍ഷത്തോളം ബിജെപി
യുടെ എറണാകുളം റവന്യൂ ജില്ല അധ്യക്ഷനുമായി. 1982 മുതല്‍ രണ്ടു വട്ടം അദ്ദേഹം തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലറായി തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപി രൂപീകരിച്ച ശേഷം ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ട കൗസിലര്‍മാരില്‍ ഒരാളാണ് ഉണ്ണിചേട്ടന്. കഴിഞ്ഞ വര്‍ഷം, എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വാര്‍ഷികത്തില്‍ ഉണ്ണിച്ചേട്ടനെ ആദരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: