കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് നവീകരിച്ച് ഒരുവര്‍ഷം പിന്നിടുമ്പോഴേക്കും വഴിയോരവിളക്കുകള്‍ കണ്ണടച്ചു. 55 ഇരുകൈവിളക്കുകളും 344 ഒറ്റക്കൈവിളക്കുകളുമാണ് 28 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലുള്ളത്. അതില്‍ 90 ശതമാനവും ഇപ്പോള്‍ കത്തുന്നില്ല. ഇതേ അവസ്ഥയാണ് ട്രാഫിക് നിയന്ത്രണത്തിനായി സ്ഥാപിച്ച സിഗ്‌നല്‍ വിളക്കുകള്‍ക്കും സംഭവിച്ചത്. വിരലെണ്ണാവുന്നവ മാത്രമാണ് ഇപ്പോള്‍ കത്തുന്നത്. സൗരോര്‍ജത്തില്‍ പാനലും ബറ്ററികളും ഉപയോഗിച്ച് ഓട്ടോമറ്റിക്കായി പ്രവര്‍ത്തിക്കുന്നവയാണ് വിളക്കുകളെല്ലാം. തെരുവുവിളക്കുകള്‍ക്ക് കൃത്യമായ പരിപാലനമില്ലാത്തതിനാലാണ് നശിക്കാന്‍ കാരണമായത്. തൂണുകളും ബറ്ററിപ്പെട്ടികളുമടക്കം തുരുമ്പെടുത്തുകൊണ്ടിരിക്കുകയാണ്.
സിഗ്‌നല്‍ വിളക്കുകളാകട്ടെ വാഹനങ്ങള്‍ ഇടിച്ചും മറ്റുമാണ് തകര്‍ന്നത്. 136 കോടി അടങ്കലുള്ള റോഡ് നിര്‍മാണത്തില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ മാത്രം ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട. മുന്‍പ് റോഡ് കടന്നുപോകുന്ന വഴിയില്‍ തദ്ദേശസ്ഥാപനങ്ങളൊരുക്കിയിരുന്ന തെരുവുവിളക്കുകള്‍ നവീകരണത്തോടെ സൗരോര്‍ജ വിളക്കുകള്‍ക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു. ഇപ്പോള്‍ പലയിടത്തും രണ്ടും ഇല്ലാത്ത അവസ്ഥയാണ്. ആകെയുള്ളത് വിവിധ പദ്ധതികളിലായി പ്രധാന കവലകളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ്. നവീകരണത്തോടെ ദേശീയപാത വഴി സഞ്ചരിച്ചിരുന്ന അന്യസംസ്ഥാനത്തുനിന്നുമുള്ള വാഹനങ്ങള്‍ മിക്കവയും ചന്ദ്രഗിരിപ്പാത വഴിയാണ് കടന്നുപോകുന്നത്. ഇങ്ങനെ രാപകല്‍ ഭേദമില്ലാതെ വാഹനതിരക്കേറിയ പാതയിലാണ് സിഗ്‌നല്‍ വിളക്കുകളടക്കം ഭൂരിഭാഗം വിളക്കുകളും കണ്ണുചിമ്മിയത്. അമിതവേഗം കാരണം വാഹനാപകടം കൂടിയ ചന്ദ്രഗിരിപ്പാതയില്‍ വിളക്കുകള്‍ ഇല്ലാത്തത് ദുരന്തം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നാണ് യാത്രക്കാരും വ്യാപാരികളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: