Categories: Samskriti

വ്യക്തിയും സമൂഹവും

മക്കളേ,  

ധര്‍മ്മബോധമുള്ള ജനതയാണ് ഒരു രാഷ്‌ട്രത്തെ ഉയര്‍ച്ചയിലേയ്‌ക്കു നയിക്കുന്നത്. ഇന്നു നമ്മുടെ രാജ്യത്തെ അലട്ടുന്ന അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ, സംഘര്‍ഷങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണമെന്തെന്നു ചിന്തിച്ചാല്‍ അതു ജനങ്ങളുടെ ധര്‍മ്മബോധത്തിലുള്ള കുറവാണ് എന്നു മനസ്സിലാക്കുവാന്‍ കഴിയും.  

സ്വധര്‍മ്മാചരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ്. രണ്ടും ചേര്‍ന്നാലെ ശരിയായ പുരോഗതി സാധ്യമാവുകയുള്ളു. എന്നാല്‍ ഒരു കാര്യമുണ്ട്, സമൂഹത്തിലെല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ വേണ്ടപോലെ നിര്‍വഹിച്ചാല്‍ ഓരോരുത്തരുടെയും അവകാശങ്ങള്‍ സ്വാഭാവികമായി സംരക്ഷിക്കപ്പെട്ടുകൊള്ളും. മറിച്ച് ഓരോരുത്തരും അവരവരുടെ അവകാശങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ സമൂഹത്തിന്റെ താളലയം നഷ്ടമാകും. അരാജകത്വം നടമാടും. അതിനാ ല്‍ ഓരോരുത്തരും സ്വന്തം ക്ഷേമത്തിനുവേണ്ടി പ്രയത്‌നിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടിയും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.  

ഒരു വിളവെടുത്തുകഴിഞ്ഞാല്‍ അതില്‍ ഒരു ഭാഗം അടുത്ത തവണ നടാനായി കൃഷിക്കാര്‍ മാറ്റിവെക്കാറുണ്ട്. അതൊരു നഷ്ടമല്ല എന്നവര്‍ക്കറിയാം. പിന്നീട് അതുകൊണ്ടു കൃഷിചെയ്താല്‍ നൂറുമേനിയായി അവര്‍ക്കു തിരിച്ചു കിട്ടുകയും ചെയ്യും. മറിച്ച് അതുകൂടി തിന്നുതീര്‍ത്താല്‍ പിന്നീട് ദുരിതമനുഭവിക്കേണ്ടിവരും. അതുപോലൊരു  ത്യാഗമെങ്കിലും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. നമ്മുടെ സമയവും ഊര്‍ജ്ജവും മുഴുവനായി നമുക്കുവേണ്ടി മാത്രം ചെലവഴിക്കാതെ, കുറച്ചുസമയമെങ്കിലും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും പൊതുനന്മയ്‌ക്കായി ഉപയോഗിക്കാന്‍ നമ്മള്‍ തയ്യാറാകണം.

ഇതു പറയുമ്പോള്‍ ചൈനയിലെ വന്‍മതിലിന്റെ കാര്യമാണ് ഓര്‍മ്മ വരുന്നത്. ചൈനയിലെ വന്‍മതില്‍ ലോകത്തിലെ അത്ഭുതങ്ങളിലൊന്നാണല്ലോ. ചന്ദ്രനില്‍ നിന്നു പോലും നോക്കിയാല്‍ അതു കാണാമെന്നു പറയപ്പെടുന്നു. ആ മതില്‍ പൂര്‍ത്തിയായപ്പോള്‍ അന്നാട്ടുകര്‍ വിചാരിച്ചു ഇനിയൊരു ശത്രുവിനും തങ്ങളെ തോല്‍പിക്കാന്‍ കഴിയില്ല എന്ന്. എന്നാല്‍ അധികം താമസിയാതെ ഒരു ശത്രുരാജ്യം ചൈനയെ ആക്രമിച്ചു. ശത്രുക്കള്‍ അന്നാട്ടുകാരെ അമ്പരിപ്പിച്ചുകൊണ്ടു മതിലിനുള്ളില്‍ കടക്കുകയും പെട്ടെന്നു് അവരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. എന്താണു സംഭവിച്ചതെന്നോ. മതില്‍ സംരക്ഷിച്ചിരുന്ന ഭടന്മാര്‍ കൈക്കൂലി വാങ്ങി ശത്രുക്കളെ കടത്തിവിടുകയായിരുന്നു.  

സ്വാര്‍ത്ഥതയിലൂടെയും അധര്‍മ്മത്തിലൂടെയും നേടുന്ന സുഖം താല്ക്കാലികമാണ്. തീര്‍ച്ചയായും അതു പിന്നീടു ദുഃഖകാരണമായിത്തീരും. നേരെ മറിച്ച്, നിസ്വാര്‍ത്ഥമായ പ്രവൃത്തികള്‍ തുടക്കത്തില്‍ അല്പം ദുഃഖകരമായി തോന്നിയാലും പിന്നീട് സ്ഥായിയായ നന്മയെ അതു പ്രദാനം ചെയ്യും. അധര്‍മ്മത്തില്‍നിന്നു ലഭിക്കുന്ന സുഖം ദുഃഖത്തിന്റെ ബീജമാണെന്നു നാം മറക്കരുത്.  

പണ്ട് വിദ്യാഭ്യാസം തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കു ധര്‍മ്മത്തെക്കുറിച്ചായിരുന്നു ആദ്യം പഠിപ്പിച്ചുകൊടുത്തിരുന്നത്. ധര്‍മ്മമെന്നാല്‍ വ്യക്തിയും സമൂഹവും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പരപോഷണത്തിന്റെ തത്ത്വമാണ്. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ആരോഗ്യകരമായ വീക്ഷണമാണത്. വ്യക്തിയുടെ ധര്‍മ്മനിഷ്ഠയിലൂടെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആ വ്യക്തിക്കും നന്‍മ വരും, സമൂഹത്തി

നും നന്മ വരും. ഒരാളുടെ തെറ്റായ മാതൃക മറ്റനേകം പേര്‍ക്കു തെറ്റു ചെയ്യാനുള്ള പ്രേരണ ഉണ്ടാക്കും. അതു മുഴുവന്‍ സമൂഹത്തിനും ദോഷകരമാകും. അതുപോലെതന്നെ ഒരാളുടെ നല്ല മാതൃക മറ്റനേകംപേര്‍ക്കു ധാര്‍മ്മികമായി ജീവിക്കാനുള്ള പ്രേരണ നല്‍കും. അതു മുഴുവന്‍ സമൂഹത്തിനും ഗുണകരമാകും. ഒരു വ്യക്തിക്കുപോലും ഒറ്റയ്‌ക്ക് ഒരിക്കലും പുരോഗതി പ്രാപിക്കുവാന്‍ കഴിയില്ല. മറ്റുള്ളവരുടെ വളര്‍ച്ചയിലൂടെ മാത്രമേ നമുക്കു വളരാന്‍ കഴിയൂ. സമൂഹത്തിന്റെ നന്മയിലൂടെ മാത്രമേ വ്യക്തിക്കു നന്മ കൈവരൂ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക