Categories: Main Article

രാജ്യത്തെ ഉണര്‍ത്തിയ ആ കര്‍സേവ

അയോധ്യ വീണ്ടും ദീപാലംകൃതയാവുമ്പോള്‍ രാജ്യത്തെ അനേകായിരം ശ്രീരാമ കര്‍സേവകര്‍ ആത്മനിര്‍വൃതിയിലാണ്. 1990ലും 92ലും ലോകം ശ്രദ്ധിച്ച കര്‍സേവകള്‍ക്ക് നേതൃത്വം നല്‍കിയവരാണവര്‍. രാമജന്മഭൂമി വിമോചനത്തിന് വേണ്ടി സമീപകാലത്ത് നടന്ന ഏറ്റവും ശക്തമായ സമരരൂപമായിരുന്നു കര്‍സേവ. അത് ഭാരതത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ചു. 90ലും 92ലും നടന്ന കര്‍സേവയില്‍ കേരളത്തില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. കര്‍സേവകരുടെ ആ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വി.കെ. വിശ്വനാഥന്‍ എന്ന വിശ്വംപാപ്പ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. ആര്‍എസ്എസ് പ്രാന്ത കാര്യകാരിയംഗവും ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറിയുമാണ് വിശ്വംപാപ്പ.

”ആധുനിക കാലത്തെ രാമജന്മഭൂമി വിമോചന സമരത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന സമരങ്ങളെയെല്ലാം അന്നത്തെ സര്‍ക്കാര്‍ ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. 1989 നവംബര്‍ പത്തിനാണ് രാമജന്മഭൂമിയില്‍ ഇന്നത്തെ ക്ഷേത്ര നിര്‍മ്മാണത്തിന് ശിലാന്യാസം നടത്തിയത്. ബിഹാറില്‍ നിന്നുള്ള പിന്നാക്ക നേതാവ് കാമേശ്വര്‍ ചൗപ്പാലായിരുന്നു ശിലയിട്ടത്. അന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ശിലാന്യാസം ഭംഗിയായി നടന്നു.

90 ആയപ്പോള്‍ സ്ഥിതിയാകെ മാറി. കേന്ദ്ര സര്‍ക്കാരും യുപിയിലെ മുലായം സര്‍ക്കാരും എന്തുവന്നാലും കര്‍സേവ അനുവദിക്കില്ലെന്ന നിലപാടില്‍. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കര്‍സേവകര്‍ എത്തണമെന്നാണ് നിശ്ചയിച്ചിരുന്നത്. കേരളത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ പോകാന്‍ തയാറായി അഞ്ഞൂറോളം പേര്‍ സ്വയം മുന്നോട്ടുവന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ആഹ്വാനമെന്ന നിലയിലായിരുന്നു ഇത്. എന്നാല്‍ കേരളം പോലെ സംഘ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ പ്രവര്‍ത്തനമുള്ള സംസ്ഥാനത്തുനിന്ന് ഇത്രയും പേര്‍ പോരായെന്ന് മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. സൂര്യനാരായണ്‍ റാവു (സുരുജി) പങ്കെടുത്ത ബൈഠക്കില്‍ ഇക്കാര്യം ചര്‍ച്ചയായി. കൂടുതല്‍ പേര്‍ പങ്കെടുക്കണമെന്ന സംഘ നിര്‍ദ്ദേശം വന്നു. അങ്ങനെ കേരളത്തില്‍ നിന്ന് 2500 പേരാണ് തൊണ്ണൂറിലെ ആദ്യ കര്‍സേവക്ക് കേരളത്തില്‍ നിന്ന് തിരിച്ചത്. കര്‍സേവകരുടെ സംഘം പുറപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പ് തന്നെ നിര്‍ദ്ദേശിച്ച പ്രകാരം ഞങ്ങള്‍ മൂന്ന് പേര്‍ അയോധ്യയിലെത്തി. സംഘത്തിന്റെ പ്രാന്ത ചുമതലയുണ്ടായിരുന്ന എ. ഗോപാലകൃഷ്ണന്‍, പെരുമ്പാവൂരില്‍ നിന്നുള്ള രാജശേഖരനെന്ന മുതിര്‍ന്ന സ്വയം സേവകന്‍ എന്നിവരായിരുന്നു കൂടെയുണ്ടായിരുന്നത്. കര്‍സേവകരായി വരുന്നവര്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ ഒരുക്കാനാണ് നേരത്തെ എത്തിയത്. പക്ഷേ അവിടെ സ്ഥിതി അനുകൂലമായിരുന്നില്ല.

അയോധ്യയുടെ ഇരട്ട നഗരമായ ഫൈസാബാദിലാണ് ഞങ്ങള്‍ ട്രെയിനിറങ്ങിയത്. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ യുപി പോലീസിന്റെ കര്‍ശന നിരീക്ഷണവും നിയന്ത്രണവും. അയോധ്യയിലെങ്ങും കര്‍ഫ്യൂവാണ്. രാമജന്മഭൂമിയിലേക്കുള്ള റോഡുകളെല്ലാം കമ്പിവേലി കൊണ്ട് കെട്ടിയടച്ചിരിക്കുന്നു. നിയന്ത്രിതമായ രീതിയില്‍ ദര്‍ശനം അനുവദിക്കുന്നുണ്ട്. ഞങ്ങള്‍ ഒരു കുതിര വണ്ടിയില്‍ ക്ഷേത്രത്തിനടുത്ത് വരെ പോയി. പിന്നെ അടുത്തുകണ്ട പോലീസുകാരോട് ചോദിച്ച് അനുവാദം വാങ്ങി അകത്തുകയറി ദര്‍ശനം നടത്തി. രാംലല്ലയുടെ ചെറിയ വിഗ്രഹമാണ് പ്രതിഷ്ഠ. അവിടെക്കണ്ട പോലീസുകാരനോട് ഇവിടെ പള്ളിയെവിടെയെന്ന് അന്വേഷിച്ചു. അയാള്‍ സമീപത്തെ ഒരു കര്‍ട്ടന്‍ നീക്കി കാണിച്ചുതന്നു. ഒരു ചെറിയ ഹാള്‍. അവിടെ മതപരമായ ഒരു ചടങ്ങുകളും പതിറ്റാണ്ടുകളായി നടക്കാറില്ല. അയോധ്യയിലെ മുസ്ലിം വിശ്വാസികള്‍ക്കും ഇവിടെ മനോഹരമായ ക്ഷേത്രം പണിയണമെന്നാണ് ആഗ്രഹം. അവരാരും ഇതൊരു പള്ളിയായി കാണുന്നില്ല. പുറമേനിന്ന് എത്തുന്നവരാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം.

1934ല്‍ അയോധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള വലിയ ശ്രമം നടന്നു. അന്ന് അമീര്‍ അലി, രാമചന്ദ്ര ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ വിജയിക്കുകയും ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനമാവുകയും ചെയ്തതായിരുന്നു. പക്ഷേ ബ്രിട്ടീഷുകാര്‍ സമ്മതിച്ചില്ല. ഭിന്നിപ്പിച്ച് ഭരിക്കലായിരുന്നല്ലോ അവരുടെ രീതി. സ്വാതന്ത്ര്യം കിട്ടിയിട്ടും അയോധ്യ പ്രശ്നം പരിഹരിക്കപ്പെടാത്തതിനു പിന്നില്‍ ചില രാഷ്‌ട്രീയക്കാരാണെന്നാണ് ഇവിടെയുള്ളവരുടെ പക്ഷം. പോലീസുകാരുള്‍പ്പെടെ ജയ് ശ്രീരാം വിളികളോടെയാണ് കര്‍സേവകരെ സ്വീകരിച്ചത്. ഞങ്ങള്‍ കേരള വേഷമായ മുണ്ടും ഷര്‍ട്ടുമാണ് ആദ്യ ദിവസം ധരിച്ചത്. ഒരു മലയാളി പോലീസുകാരന്‍ തന്നെ ഇത് മാറ്റണമെന്ന് ഞങ്ങളോട് പറഞ്ഞു. പിറ്റേന്ന് മുതല്‍ പൈജാമയും കുര്‍ത്തയുമാക്കി വേഷം.

ഒക്ടോബര്‍ 30നാണ് കര്‍സേവ നിശ്ചയിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പ് തന്നെ കേരളത്തില്‍ നിന്നുള്ള സംഘം പുറപ്പെട്ട വിവരം ലഭിച്ചു. പക്ഷേ അവര്‍ക്ക് ഝാന്‍സി വരെ മാത്രമേ എത്താനായുള്ളു. അവിടെ പോലീസ് തടഞ്ഞു. എന്തു വന്നാലും കര്‍സേവ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മുലായംസിംഗിന്റെ ഭരണകൂടം. 30ന് അയോധ്യയില്‍ രണ്ട് വലിയ പരിക്രമകള്‍ നടക്കുന്നുണ്ട്. ഒന്ന് നഗരത്തെയാകെ വലംവയ്‌ക്കുന്ന ചൗധകോശി പരിക്രമയും രണ്ടാമത്തേത് ക്ഷേത്രഭൂമിയെ വലം വയ്‌ക്കുന്ന പഞ്ചകോശി പരിക്രമയും. കര്‍സേവകര്‍ ഭക്തരെന്ന നിലയില്‍ പരിക്രമകളില്‍ അണിചേരണമെന്നായിരുന്നു നിര്‍ദ്ദേശം. ഈ വിവരം എങ്ങനേയോ സര്‍ക്കാരറിഞ്ഞു. അവര്‍ രണ്ട് പരിക്രമകളും നിരോധിച്ചു. പോലീസ് കാവല്‍ ശക്തമാക്കി.

29ന് തയാറാവാന്‍ നിര്‍ദ്ദേശം വന്നു. രണ്ട് ദിവസത്തേക്ക് കഴിക്കാന്‍ അവില്‍, ശര്‍ക്കര, വെള്ളം എന്നിവ കരുതണം. ഞങ്ങള്‍ താമസിച്ചിരുന്നിടത്തു നിന്ന് ക്ഷേത്രഭൂമിയിലേക്ക് കുറച്ചു ദൂരമുണ്ട്. ശരിയായ റോഡിലൂടെ പോകാന്‍ കഴിയില്ല. രാത്രിയായതോടെ ഇരുട്ടിന്റെ മറപറ്റി ഞങ്ങള്‍ യാത്ര തുടങ്ങി. കൃഷിയിടങ്ങളും താമസസ്ഥലങ്ങളും ചാടിക്കടന്നാണ് യാത്ര. പോലീസുകാരുടെ കണ്ണില്‍പ്പെട്ടാല്‍ തടയും, തിരിച്ചയക്കും. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് നൂറു കണക്കിനാളുകള്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഏതാണ്ട് നാലരയോടെ ഞങ്ങള്‍ ക്ഷേത്രഭൂമിയിലേക്കുള്ള ഇടവഴികളിലൊന്നിലെത്തി. ക്ഷേത്രഭൂമിക്ക് ചുറ്റും ബാരിക്കേഡുകളും അതിര്‍ത്തിയിലൊക്കെ കാണുന്നത് പോലെയുള്ള കമ്പിവേലികളും. ഇടവഴികളിലും നിറയെ പോലീസുകാര്‍. പോലീസുകാരുടെ കൈകളില്‍ വലിയ ലാത്തി. ക്ഷേത്രഭൂമിക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ കയ്യില്‍ മെഷീന്‍ ഗണ്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍.

രാവിലെ ഒന്‍പത് മണിയോടെ സമീപ പ്രദേശമെല്ലാം ആയിരക്കണക്കിന് കര്‍സേവകരെക്കൊണ്ട് നിറഞ്ഞു. അവര്‍ ആവേശത്തോടെ ഭജനകള്‍ പാടുകയും നാമംജപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചിലര്‍ തര്‍ക്കമന്ദിരത്തിനടുത്തേക്ക് കടക്കാനുള്ള ശ്രമമാണ്. പോലീസുകാര്‍ തടയുന്നുണ്ട്. ചെറിയതോതില്‍ ഉന്തും തള്ളും. ഞങ്ങള്‍ നില്‍ക്കുന്നിടത്ത് നിന്ന് നോക്കിയാല്‍ തര്‍ക്കമന്ദിരം കാണാം. അകലെ നിന്നേ കാട് വളര്‍ന്ന നിലയില്‍ പഴകി ജീര്‍ണിച്ച കെട്ടിടത്തിന്റെ മൂന്ന് താഴികക്കുടങ്ങള്‍ കാണാം.

ഒന്‍പതരയോടെ അശോക് സിംഘാള്‍ജി എത്തി. ശ്രീരാമ മന്ത്രം ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ആവേശം വളര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് വലയങ്ങള്‍ ഭേദിക്കപ്പെട്ടു. ബാരിക്കേഡുകള്‍ വഴിമാറി. ജയ് ശ്രീറാം വിളികളോടെ ആയിരങ്ങള്‍ ക്ഷേത്രഭൂമിയില്‍ പ്രവേശിച്ചു. വളരെപ്പെട്ടെന്ന് ചിലര്‍ തര്‍ക്കമന്ദിരത്തിന് മുകളിലേക്കെത്തി. നാലഞ്ച് പേരുണ്ടായിരുന്നു. അവര്‍ പവിത്രമായ കാവി പതാക ഉയര്‍ത്തി. ജയ് ശ്രീറാം മുഴക്കി. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഈ ദൃശ്യം ഒപ്പിയെടുത്തു. ഈച്ച പോലും പറന്നെത്തില്ലെന്ന് ഭരണാധികാരികള്‍ വീമ്പിളക്കിയിടത്ത് ആയിരക്കണക്കിന് ശ്രീരാമഭക്തരെത്തിയിരിക്കുന്നു. അവര്‍ പ്രതീകാത്മകമായി വിജയക്കൊടി നാട്ടിയിരിക്കുന്നു. ഭരണകൂടം കലിതുള്ളി. മുകളിലുണ്ടായിരുന്നവര്‍ക്കുനേരെ തുരുതുരാ നിറയൊഴിച്ചു. അവര്‍ ജയ്ശ്രീറാം വിളികളോടെ വെടിയേറ്റ് നിലത്ത് മരിച്ചു വീണു. അതോടെ രംഗം മാറി. ആഹ്ലാദത്തിന്റെ അന്തരീക്ഷത്തിലും ദു:ഖം തളം കെട്ടി. കര്‍സേവ വിജയിച്ചെങ്കിലും പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണം എല്ലാവരുടെ മനസിലും വേദനയായി. ഞങ്ങള്‍ മടങ്ങിപ്പോകുമ്പോള്‍ വെടിയേറ്റു വീണവരെ സ്ട്രക്ചറില്‍ നീക്കുന്നത് കാണാമായിരുന്നു. റോഡിലെങ്ങും കര്‍സേവകരുടെ നിര. എല്ലാവരോടും മടങ്ങാന്‍ പോലീസുകാരും നേതാക്കളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

പ്രതീകാത്മക കര്‍സേവ വിജയിച്ചത് മുലായം സിങ് സര്‍ക്കാരിന് വലിയ നാണക്കേടായി. അവര്‍ പ്രതികാര ബുദ്ധിയോടെ കര്‍സേവകരെ വേട്ടയാടാന്‍ തക്കം പാര്‍ത്തു. കര്‍സേവകര്‍ക്ക് നേരെയുണ്ടായവെടിവയ്‌പ്പില്‍ പ്രതിഷേധിച്ച് നവംബര്‍ രണ്ടിന് അയോധ്യയില്‍ നാമജപ യാത്ര നിശ്ചയിച്ചു. തീര്‍ത്തും സമാധാനപരമായി ശ്രീരാമ നാമം ജപിച്ചുകൊണ്ടായിരുന്നു യാത്ര. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വെടിവയ്‌പ്പ് തുടങ്ങി. കോത്താരി സഹോദരന്മാര്‍ ഉള്‍പ്പെടെ മുന്‍നിരയില്‍ നിന്ന ഒട്ടേറെപ്പേര്‍ വെടിയേറ്റുവീണു. മുലായം സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയായിരുന്നു. വോട്ടായിരുന്നു അവരുടെ ലക്ഷ്യം.

മുന്നോട്ടു പോകാനാകാതെ നാമജപയാത്ര പിരിച്ചുവിട്ടു. കര്‍സേവകരെ പോലീസ് പിന്തുടര്‍ന്ന് വേട്ടയാടി. ചിലര്‍ വെടിവയ്‌പ്പില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ സരയൂ നദിയിലേക്ക് ചാടി. പലരും മുങ്ങി മരിച്ചു. നദികളില്‍ ചാടി നീന്തിയവര്‍ക്കു നേരെയും കരയില്‍നിന്ന് പോലീസ് വെടിയുതിര്‍ത്തു. കര്‍സേവകരോട് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശമെത്തിയതോടെ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. കേരളത്തില്‍ നിന്നുള്ള മറ്റ് സംഘങ്ങളെയെല്ലാം നേരത്തെ തന്നെ പോലീസ് പലയിടങ്ങളിലും വച്ച് തടഞ്ഞിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക