Categories: Varadyam

വാനരം

വള്ളുവനാടന്‍ കഥകള്‍-3

രാവിലെത്തന്നെ ആര്‍പ്പുവിളി. എന്തിനാണെന്നറിയില്ല. ഒരു കൂട്ടം ആളുകള്‍ ഈറമ്പനയുടെ കീഴെ നിന്ന് കൂവുന്നു. കുറച്ചു പേര്‍ പറങ്കിക്കാടുകളില്‍ ഓലപ്പടക്കം പൊട്ടിക്കുന്നു. ബഹളമയമായ അന്തരീക്ഷത്തില്‍ അച്ഛനും തലക്കെട്ടുകെട്ടി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ചെറിയമ്മമാരും ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാടിറങ്ങിയ കുരങ്ങന്‍മാരുടെ ഒരു ജൈത്രയാത്ര നടക്കുകയാണ്.

ഈറമ്പനയുടെ മുകളില്‍ നിന്ന് അവ കൊഞ്ഞനം കുത്തുന്നു. ഈറമ്പനയിലൂടെ ഊര്‍ന്നിറങ്ങി വന്ന് താഴെ നൃത്തം വെയ്‌ക്കുന്നു. ഓലപ്പടക്കത്തിന്റെ മുഴക്കം ചെറിയ ഞെട്ടല്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അതു കഴിഞ്ഞാല്‍ കരിമ്പനയില്‍ അഭ്യാസികളെപ്പോലെ ഓടിക്കയറുന്നു. കരിമ്പനയില്‍ നിന്ന് കരിമ്പനപ്പഴം അടര്‍ത്തി താഴെ നില്‍ക്കുന്ന ജനക്കൂട്ടത്തെ ലക്ഷ്യമാക്കി എറിയുന്നു. ജനങ്ങളുടെ പരക്കംപാച്ചില്‍ കണ്ട് ആര്‍ത്ത് കൈക്കൊട്ടിച്ചിരിക്കുന്ന വാനര വര്‍ഗങ്ങള്‍.

മനോഹരമായ തെങ്ങിന്‍ തോപ്പുകള്‍ കൊണ്ടു നിറഞ്ഞ വെളളാറക്കോളനിയിലെ ഓരോ വീടുകളിലും കുരങ്ങന്‍മാര്‍ തേര്‍വാഴ്ച നടത്തുകയാണ്. തെങ്ങിനു മുകളിലെ ഇളനീരും നാളികേരവും മച്ചിങ്ങയും എല്ലാം താഴെ വീഴ്‌ത്തി കൊട്ടിഘോഷങ്ങള്‍ നടത്തുകയാണ് വാനര സംഘം .വാനരസംഘത്തെ നിയന്ത്രിക്കുന്നതിനും ആട്ടി ഓടിക്കുന്നതിനുമായി പെടാപ്പാടുപെടുകയാണ് വെള്ളാറക്കോളനിയിലെ ജനങ്ങള്‍.

നാലുഭാഗവും കുന്നുകളാല്‍ ചുറ്റപ്പെട്ട വെള്ളാറക്കോളനിയിലെ കാടുകളില്‍ സൈ്വരവിഹാരം നടത്തിയിരുന്ന വാനരന്‍മാരും കിടാങ്ങളും കാടിറങ്ങി തൊടികളിലും വീടുകളിലും ഭയമില്ലാതെ നെട്ടോട്ടമോടുന്നത് അവയുടെ വിശപ്പകറ്റാന്‍ വേണ്ടിത്തന്നെയാണ്. മാത്രമല്ല മരങ്ങളും കുറ്റിക്കാടുകളും നശിച്ച് തരിശായി തീര്‍ന്ന മലമേടുകള്‍ അവയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. വെള്ളം തേവി നനച്ചിട്ട തെങ്ങിന്‍ തോപ്പുകളുടെ കുളിര്‍മ തേടിയും ആഹാരം തേടിയും അവ തൊടികളും തോപ്പുകളും താണ്ടിയിറങ്ങുന്നു.

ഓടുകൊണ്ടു മേഞ്ഞ വീടുകളുടെ ഓടിളക്കി നിലത്തിട്ട് തട്ടിന്‍പുറത്തു കയറി താമസമാക്കാനും അവയ്‌ക്കു മടിയില്ലാതായി.തങ്ങളുടെ മലമുകള്‍ കൈയ്യേറിയ മനുഷ്യവര്‍ഗ്ഗത്തിന്റെ താമസസ്ഥലം അവരും കൈയ്യേറിയിരിക്കുകയാണ്. മുന്‍പ് മനുഷ്യനെ കണ്ടാല്‍ ഓടിയൊളിച്ചിരുന്ന കപികുലം ഇന്ന് അവനെ നോക്കി പല്ലിളിക്കുന്നു.

പട്ടണത്തില്‍ നിന്ന് വെള്ളാറ ക്കോളനിയിലേക്കുള്ള യാത്രയില്‍ പൂളച്ചോട് കഴിഞ്ഞാല്‍ തുടങ്ങും കുരങ്ങന്‍മാരുടെ ശല്യം. കാറിനു മുകളില്‍ ചാടി നൃത്തം ചെയ്യുന്നത് സ്ഥിരം പതിവാണ്. വഴിയിലുള്ള ചെറിയ ചില്ലകളില്‍ തൂങ്ങിയാടി അവ കാറിനെ അനുഗമിക്കും.

കാറില്‍ നിന്നിറങ്ങി തറവാടായ വെള്ളാറക്കളത്തിന്റെ ഗേയ്റ്റ് തുറക്കുമ്പോഴുള്ള ശബ്ദം കേട്ടാല്‍ മാത്രം അവ കുറച്ചു നേരം പകച്ചു നില്‍ക്കും. പിന്നീട് മനുഷ്യനു പിന്നാലെ അവയും ഒത്തുചേരും. തെങ്ങിന്‍ തോപ്പില്‍ കുരങ്ങന്‍മാര്‍ നശിപ്പിച്ച ഇളനീരുകളുടേയും തേങ്ങകളുടേയും കണക്കെടുക്കുന്ന അച്ഛന്‍ ആരുടെ വരവും അറിയുകയില്ല. കുരങ്ങന്മാര്‍ നശിപ്പിച്ച ഇളനീരുകള്‍ കൂട്ടിയിട്ടതിനു സമീപം ഇച്ഛാഭംഗത്തോടു കൂടി ഇരിക്കുന്ന അച്ഛന്റെ ദുഃഖം ഊഹിക്കാവുന്നതാണ്. അതിനുസമീപം

മറുവശത്ത് കാര്യസ്ഥന്‍ രാമനാരായണനും താടിക്ക് കൈകൊടുത്ത് ഇരിക്കുന്നതു കാണാം. ഇളനീര്‍ വിളഞ്ഞ് പാകം വന്ന് നാളികേരം വില്‍ക്കേണ്ടതാണ്. കോങ്ങാട് ചന്തയില്‍ കൊണ്ടുപോയി നാളികേരം വിറ്റുവരുമ്പോള്‍ വാസു വാങ്ങിക്കൊണ്ടു വരുന്ന നാരങ്ങാമിഠായിയുടെ രുചി ഇന്നും രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നവ തന്നെയാണ്.

വെള്ളാറക്കളം തറവാട്ടിലേക്കു കയറിയാല്‍ ഇരുണ്ട മുറികളിലെ ശീതം സുഖകരമായൊരു അവസ്ഥ സൃഷ്ടിക്കും. ഫാനും എസിയും  ഒന്നുമില്ലാതെ ആ തറവാട്ടില്‍ സുഖമായി വാഴാം. നാലുപാടും തഴച്ചു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ സ്ഥിരം ഏത്തം ഉപയോഗിച്ച് നനയ്‌ക്കുന്നതുമാണ്. തെങ്ങിന്‍തോപ്പിലെ കുളിര്‍മ തറവാട്ടിനകത്തേക്കും പരന്നൊഴുകും. അച്ഛനും ചെറിയമ്മമാരും തൊടിയിലെ കുരങ്ങുകളെ ചുറ്റിപ്പറ്റിയുള്ള ഗവേഷണങ്ങള്‍ തന്നെയാണ്. ഓലപ്പടക്കവും മാലപ്പടക്കവും ഒന്നും കുരങ്ങുകളുടെ മേലെ ഏശുന്നില്ലെന്നതില്‍ ദുഃഖിതരാണ് അവര്‍. ഞങ്ങള്‍ ഇതൊക്കെ എത്ര കണ്ടതാണെന്ന ഭാവമാണ് കുരങ്ങുകള്‍ക്ക്.

ഓരോ തെങ്ങിന്‍തടിയിലും പടര്‍ന്നു കയറിയ കുരുമുളകു വള്ളികളും അതില്‍ പച്ച പളുങ്കുതിരി കൊളുത്തിയതുപോലെ കുരുമുളകു തിരികളും. കാണേണ്ട കാഴ്ചയാണത്. കുരങ്ങുകള്‍ തെങ്ങിനു മുകളില്‍ വലിഞ്ഞുകയറുമ്പോള്‍ ഈ പച്ചവള്ളികള്‍ അലങ്കോലമാവും. തടിയില്‍ നിന്ന് ക്രമം തെറ്റി താഴെ വീഴും. പച്ച പളുങ്കു തിരികളില്‍ നിന്ന് പച്ചമുത്തുകള്‍ ഉതിര്‍ന്നു വീഴും.താഴെ തൊടിയിലെ നന്ദുവേട്ടന്‍ പൂളക്കിഴങ്ങ് കൃഷി നടത്തുന്നുണ്ട്. കാട്ടുപന്നികള്‍ രാത്രി കാലങ്ങളില്‍ പൂളക്കിഴങ്ങ് കുത്തിമറിച്ചിട്ട് നശിപ്പിക്കും. മയിലുകളും മണ്ണിന്നടിയിലെ പൂളക്കിഴങ്ങുകള്‍ കൊത്തിവലിച്ച് പുറത്തിടും. കോട്ടയത്തുനിന്നു വന്ന് വെള്ളാറക്കോളനിയിലെ മലമുകള്‍ കുറഞ്ഞ ചെലവില്‍ വാങ്ങി മലമേടില്‍ കുടില്‍ കെട്ടിത്താമസിക്കുന്ന ബേബിച്ചേട്ടന്‍ കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് അതിന്റെ മാംസം വെള്ളാറക്കോളനിയില്‍ വിതരണം ചെയ്യും.

അന്നു രാത്രി വെള്ളാറ ക്കോളനിയിലെ എല്ലാ കുടിലുകളിലും കാട്ടുപന്നിയുടെ മാംസം വേവുന്ന ഗന്ധം പരക്കും. തേങ്ങാക്കൊത്തും കറിവേപ്പിലയും ഇട്ട് വരട്ടിയ കറി കൂട്ടി കുടിലുകളില്‍ അത്താഴം വിളമ്പും. തെങ്ങു ചെത്തി കള്ളും തൊട്ടുകൂട്ടാന്‍ കാട്ടുപന്നിവരട്ടിയതും. നാട്ടിലെ കുടിലുകളില്‍ സ്ത്രീ പുരുഷഭേദമന്യേയുള്ള അടിയാളരുടെ അത്താഴം കുശാലാണ്.

അച്ഛമ്മ പറയും, ചേട്ടന്‍മാര്‍ വെള്ളാറക്കോളനിയില്‍ വന്നതിനു ശേഷം അത്താഴപഷ്ണിക്കാരില്ല.

മലമുകളില്‍ ചേട്ടന്‍മാര്‍ക്ക് എന്നും എന്തെങ്കിലും ചെയ്യുവാനുണ്ടാകും. അടിയാളന്മാര്‍ക്കും അവിടെ അല്ലറച്ചില്ലറ പണി കിട്ടും. അടിയാളരുടെ ജീവിതം മെച്ചപ്പെട്ടതായി. അന്നന്നത്തേക്ക് അരിയും ഉപ്പും മുളകും വാങ്ങി ജീവിതം സന്തോഷപൂര്‍വ്വം കൊണ്ടു പോകുന്ന മണ്‍കുടിലുകള്‍. ഓരോ വര്‍ഷവും കരിമ്പന പട്ടകൊണ്ട് മണ്‍കുടിലുകള്‍ മേയും.

ബാല്യത്തില്‍ ആ കുടിലില്‍ പോയിട്ടുണ്ട്. അച്ഛമ്മയുടെ കണ്ണുവെട്ടിച്ച് വെള്ളച്ചിയെ കാണാന്‍. തറവാട് വൃത്തിയാക്കുവാന്‍ വരുന്ന വെള്ളച്ചിയെ ഒരാഴ്ചയായിട്ടും കാണാതെയായപ്പോള്‍ അന്വേഷിച്ചിറങ്ങിയതാണ്. ആ കുടിയില്‍ കയറി വെള്ളച്ചി സ്‌നേഹപൂര്‍വ്വം നല്‍കിയ കൂവപ്പായസവും കഴിച്ചു. കുടിലില്‍ വെള്ളച്ചിയുടെ പേരക്കുട്ടികള്‍ വട്ടത്തില്‍ കൈകോര്‍ത്തു പാടുന്നു.

”ഞാനെന്റളിയനും പാടെ

വല്യമ്പത്തൂടെ പോമ്പോ

അതാ കടക്കണ തുണ്ടം ചക്കത്തുണ്ടം…

ആട്ടളിയാ പോട്ടളിയാ

ടെത്തൂട്ടളിയാ…

അത് കുട്യേമ്പില് കൊണ്ടുപോയി

തിന്നൂട്ടളിയോ…”

ആ വായ്‌മൊഴി പാട്ടിന്റെ ഇമ്പവും താളവും യാന്ത്രികമായ ചുവടുവെപ്പുകളും ആലോചിച്ച് തറവാട്ടില്‍ തിരിച്ചെത്തിയത് ഇരുചെവിയറിഞ്ഞിട്ടില്ല.

അന്നു രാത്രി നാടന്‍ വായ്‌മൊഴിപ്പാട്ടിന്റെ അര്‍ത്ഥം നിരീച്ച് കിടന്നു. ചക്കയും മാങ്ങയും  പ്രകൃതിയും എല്ലാം വിശപ്പിന്റെ വിളികള്‍ തിരിച്ചറിഞ്ഞ കാലം. കുടിയില്‍ കൊണ്ടുപോയി ചക്കയുടെ തുണ്ടം സൗഹാര്‍ദ്ദപരമായി പങ്കിട്ടെടുത്ത കാലം.

പട്ടണത്തിലേക്കു തിരിച്ചുള്ള യാത്ര. അച്ഛനോട് യാത്ര പറയണം. തറവാടിന്റെ മുക്കിലും മൂലയിലും അച്ഛനെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അച്ഛന്‍ രാവിലെത്തന്നെ തെങ്ങുകളെ പ്രണയിക്കുവാന്‍ പോയിട്ടുണ്ടാകും എന്ന അമ്മയുടെ കളിയാക്കല്‍ കേട്ടു തെങ്ങിന്‍ തോപ്പിലെത്തി. പറഞ്ഞതുപോലെ അച്ഛന്‍ തെങ്ങുകളോടും അതിനു മുകളില്‍ കയറിപ്പറ്റിയ കുരങ്ങുകളോടും കുശലം പറയുന്നു. ഒരു നിമിഷം കഴിഞ്ഞ് കുരങ്ങന്‍മാര്‍ നശിപ്പിച്ച ഇളനീര് കൂട്ടിയിട്ടതിനു സമീപം ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കുന്നു. അച്ഛനോട് തങ്ങളോടൊപ്പം പട്ടണത്തിലേക്കു വരുന്നുണ്ടോ എന്ന് തിരക്കണം..

പെട്ടെന്ന് ഒരു കൂട്ടം കുരങ്ങന്‍മാര്‍ എവിടെ നിന്നോ പാഞ്ഞെത്തി തെങ്ങില്‍ കയറുന്നു. തെങ്ങില്‍ കയറി സ്ഥാനം പിടിച്ചിരിക്കുന്ന കപി കുലത്തെ ആക്രമിച്ചുകൊണ്ട് ഒരു വലിയ സംഘം വാനരന്മാര്‍ അവരുടെ ആധിപത്യം സ്ഥാപിച്ചെടുക്കുകയാണ്. അച്ഛന്‍ കൂകി വിളിച്ച് ബഹളമുണ്ടാക്കി. കാര്യസ്ഥന്‍ രാമനാരായണനും സഹായത്തിനെത്തിച്ചേര്‍ന്നു. ഓലപ്പടക്കത്തിന്റെ മുഴക്കം മാറ്റൊലിക്കൊണ്ടു. ആ ശബ്ദഘോഷങ്ങളില്‍ യാത്ര പറച്ചില്‍ നേര്‍ത്തുനേര്‍ത്തില്ലാതെയായി.

രജനി സുരേഷ്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: കഥ