Categories: Varadyam

കമ എന്നൊരക്ഷരം

എന്റെ കൂടെ നീ വരുന്നത് കൊള്ളാം.

Published by

എന്റെ കൂടെ നീ വരുന്നത് കൊള്ളാം.

പക്ഷേ അവിടെ ചെന്ന് ‘കമ’ എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്.

ഈ വാചകം നമ്മളില്‍ പലരും ഇത് കേട്ടിട്ടുണ്ട് / പറഞ്ഞിട്ടുണ്ട്.  

എന്താണ് ഈ ‘കമ’?  

ഒരക്ഷരം ആണോ?

അതോ ഒരു വാക്കോ?

കേരളത്തില്‍ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ് ആണ് കടപയാദി ‘അഥവാ’ പരല്‍പ്പേര് ‘അഥവാ’ അക്ഷരസംഖ്യ  എന്നത്.  

സംഖ്യകള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത്.  

മലയാളത്തിലെ അന്‍പത്തി ഒന്ന് അക്ഷരങ്ങള്‍ക്ക് പകരം പൂജ്യം മുതല്‍ ഒന്‍പതുവരെയുള്ള അക്കങ്ങള്‍ നല്‍കി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ  എളുപ്പം ഓര്‍ത്തു വയ്‌ക്കത്തക്ക വിധം വാക്കുകള്‍ ആയും/കവിതകള്‍ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം/  ജ്യോതിശാസ്ത്രം/തച്ചുശാസ്ത്രം/ ആയുര്‍വേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്.  

യുദ്ധ വേളകളില്‍ മാര്‍ത്താണ്ഡവര്‍മ്മ/പാലിയത്തച്ഛന്‍ എന്നിവര്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറിയിരുന്നത് ‘കടപയാദി’ രേഖകളില്‍ ആയിരുന്നു എന്ന്കേട്ടിട്ടുണ്ട് .

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്.

ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5.

ച 6 / ഛ 7 / ജ 8 / ഝ 9 /  ഞ 0.

ട 1 / ഠ 2 / ഡ 3 /  ഢ 4 / ണ 5.

ത 6 / ഥ 7 / ദ 8 / ധ 9 / ന 0 .

പ1 / ഫ 2 / ബ 3 / ഭ 4 / മ 5.

യ 1 /  ര 2 / ല 3 / വ 4 / ശ 5 /  ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0.

സ്വരാക്ഷരങ്ങള്‍ക്ക് എല്ലാം പൂജ്യം  ആണ് മൂല്യം.

കൂട്ടക്ഷരങ്ങളില്‍ അവസാനത്തെ അക്ഷരത്തിനു മാത്രം വില.  

(ഉദാഹരണം: ‘ക്ത’ എന്നതില്‍ ‘ത’ക്ക് മാത്രം വില)

ചില്ലക്ഷരങ്ങള്‍ക്ക് വിലയൊന്നുമില്ല.

ഈ കണ്‍വേര്‍ഷന്‍ നടത്തിയതിനു ശേഷം അര്‍ത്ഥവത്തായ വാക്കുകള്‍ ഉണ്ടാക്കി  വലത്തു നിന്നും ഇടത്തേക്ക് വായിക്കുക.

ഇത് പ്രകാരം ‘കമ’ എന്നത്  ക1/മ5.  

തിരിച്ചു വായിച്ചാല്‍ 51.  

മലയാളത്തിലെ 51 അക്ഷരങ്ങളില്‍ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്‍പ്പന!

ഉദാഹരണങ്ങള്‍ നോക്കുക.

കമലം : 351 ( ക1 / മ 5 / ല 3 )

ഭാരതം : 624 ( ഭ 4 / ര 2 / ത 6 )

രഹസ്യം: 182 ( ര 2 / ഹ 8 / യ1)

രാജ്യരക്ഷ:  6212 ( ര 2 / യ 1 / ര 2 / ഷ 6 )

ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം  കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്‍ തന്റെ  ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക.

‘പലഹാരേ പാലു നല്ലൂ

പുലര്‍ന്നാലോ കലക്കിലാം

ഇല്ല പാലെന്നു ഗോപാലന്‍

ആംഗ്ലമാസം ദിനം ക്രമാല്‍’

ഇവിടെ  പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30

പുലര്‍ 31/  ന്നാലോ 30 /  കല 31/  ക്കിലാം 31

ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലന്‍ 31

എത്ര രസകരമായ / മനോഹരമായ അവതരണം.

കര്‍ണ്ണാടക സംഗീതത്തിലെ എഴുപത്തിരണ്ട്  മേളകര്‍ത്താ രാഗങ്ങളുടെ പേരുകള്‍ കടപയാദിയില്‍ ആണെന്ന് നമ്മുക്ക് എത്ര പേര്‍ക്കറിയാം?  

ഉദാഹരണങ്ങള്‍ നോക്കുക

കനകാംഗി: ക 1 ന 0 = ഒന്നാമത്തെ രാഗം.

ഖരഹരപ്രിയ: ഖ 2 ര 2 = ഇരുപത്തിരണ്ടാമത്തെ രാഗം.

ധീരശങ്കരാഭരണം: ധ 9 ര 2 = ഇരുപത്തിഒന്‍പതാമത്തെ രാഗം.

ഹരി കാംബോജി:  ഹ 8 ര 2 = ഇരുപത്തിഎട്ടാമത്തെ രാഗം.

കലിവര്‍ഷം/കൊല്ലവര്‍ഷം/ക്രിസ്തുവര്‍ഷം എന്നിവയുടെ കണ്‍വേര്‍ഷന്‍ നടത്തുന്നത് കാണുക.

”കൊല്ലത്തില്‍ തരളാംഗത്തെ കൂട്ടിയാല്‍ കലിവത്സരം കൊല്ലത്തില്‍ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം.”

തരളാംഗം: 3926.

ശരജം: 825.

കൊല്ലവര്‍ഷത്തോട് 3926 കൂട്ടിയാല്‍ കലിവര്‍ഷവും/825 കൂട്ടിയാല്‍ ക്രിസ്തു വര്‍ഷവും ലഭിക്കും.

വിദ്യാരംഭത്തില്‍ കുറിക്കുന്ന ”ഹരിശ്രീ ഗണപതയെ നമ” എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാല്‍ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ( അമ്പത്തൊന്നക്ഷരാളീ)

ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 /  പ1 / ത 6 / യ1 / ന 0 / മ 5.

28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51.

മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി തന്റെ കൃതിയായ ‘നാരായണീയം’ അവസാനിപ്പിക്കുന്നത് ”ആയുരാരോഗ്യ സൗഖ്യം കൃഷ്ണാ ” എന്നു പറഞ്ഞു കൊണ്ടാണ്. ഇതില്‍ ‘ആയുരാരോഗ്യസൗഖ്യം’ എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്.  

ഈ കലിദിനസംഖ്യയ്‌ക്ക് തുല്യമായ കൊല്ല വര്‍ഷദിനം 762 വൃശ്ച്ചികം 28.  

മേല്‍പ്പത്തൂര്‍ ‘നാരായണീയം’ എഴുതി പൂര്‍ത്തിയാക്കിയ ദിവസം.

മഹാകവി ഉള്ളൂര്‍ മരിച്ചപ്പോള്‍  കൃഷ്ണവാരിയര്‍ എഴുതിയ ശ്ലോകത്തിന് പേര് നല്‍കിയത് ‘ദിവ്യ തവ വിജയം’ എന്നാണ്.  

( ദ 8 / യ1 / ത 6 / വ 4 / വ 4 / ജ 8 / യ 1 )  1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വര്‍ഷമാക്കിയാല്‍ 1949 ജൂണ്‍ 15 -ആണ് ലഭിക്കുക.  

ഉള്ളൂരിന്റെ ചരമദിനം  

ഗണിത ശാസ്ത്രത്തിലെയും/ജ്യോതിശാസ്ത്രത്തിലെയും ചില കണക്കുകള്‍ നോക്കുക.

1 / അനന്തപുരി-21600 = വൃത്തത്തിന്റെ അംഗുലര്‍ ഡിഗ്രി 360 ത 60.

2/  അനൂനനൂന്നാനനനുന്നനിത്യം (1000000000000000 ) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി/ചണ്ഡാം ശുചന്ദ്രാധമകുംഭിപാല ( 31415926536 ) ആയിരിക്കും എന്ന്.  

പൈയുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങള്‍ക്കു ശരിയായി ഇതുനല്‍കുന്നു.

3/ ഭൂമിയുടെ അംഗുലര്‍ വെലോസിറ്റി-‘ഗോപാജ്ഞയാ ദിനധാമ’

ഗ 3 / പ1 / ഞ 0 / യ1 / ദ 8 / ന 0  / ധ 9 / മ 5.

അതായത് 59 മിനിറ്റ് / 08 സെക്കന്റ് / 10 ഡെസി സെക്കന്റ് / 13 മൈക്രോ സെക്കന്റ്.

നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകള്‍ എത്ര പേര്‍ക്കറിയാം?

സുമലത

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Malayalam