Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയ വിദ്യാഭ്യാസനയം: ഉള്ളടക്കവും സമീപനവും

ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച്, പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം

Janmabhumi Online by Janmabhumi Online
Aug 2, 2020, 03:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

വിദ്യ അറിവും, അഭ്യാസം പ്രയോഗവുമാണ്. അറിവും പ്രയോഗവും ചേരുന്നതാണ് വിദ്യാഭ്യാസം. അറിവില്ലാത്ത പ്രയോഗം സംശയത്തിന് കാരണമാകും. പ്രയോഗമില്ലാത്ത അറിവ് സങ്കല്പം മാത്രമാണ്. രണ്ടും ചേരുമ്പോഴാണ് പരിവര്‍ത്തനം ഉണ്ടാകുന്നത്. വ്യക്തിയിലും അതുവഴി രാജ്യത്തും ഇപ്രകാരം മാറ്റം കൊണ്ടുവരുന്നതിനുള്ളതാണ് പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസം. ദേശസംസ്‌കൃതിയിലധിഷ്ഠിതമാകുമ്പോഴാണ് അതിനെ1 ദേശീയ വിദ്യാഭ്യാസം എന്നു പറയുന്നത്. അറിവും അധികാരവും സമ്പത്തും ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നേടുന്നതിലേക്ക് ഓരോ വ്യക്തിയേയും നയിക്കുന്നതിനുള്ള സങ്കല്പമാണ് ദേശീയ വിദ്യാഭ്യാസ നയം. ശാസ്ത്ര സാങ്കേതികം, ആരോഗ്യം, തൊഴില്‍, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ രംഗങ്ങളില്‍ ലോകത്തുണ്ടായിട്ടുള്ള മാറ്റങ്ങളെക്കൂടി ഉള്‍ക്കൊണ്ട് അതത് കാലങ്ങളില്‍ വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് രാജ്യം ഭരിക്കുന്നവരുടെ പ്രധാന ചുമതലകളിലൊന്നാണ്. 1948 മുതല്‍ നിരവധി വിദ്യാഭ്യാസ കമ്മീഷനുകള്‍ വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ദേശീയവിദ്യാഭ്യാസ കമ്മീഷന്‍ 2019. മാറുന്ന ലോകത്തില്‍ മാറാത്ത ശാശ്വത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയെടുക്കുമ്പോഴാണ് വിദ്യ പ്രബുദ്ധമാകുന്നത്. ‘വിദ്യാഭ്യാസം’ എന്നതിന് വിജ്ഞാനത്തെ പ്രബുദ്ധമാക്കുന്നത് എന്നാണര്‍ത്ഥം. പ്രബുദ്ധരായവര്‍ തന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നേറുന്നവരാണ്.  

ഭൂതകാലത്തിന്റെ നന്മകള്‍ ആഗിരണം ചെയ്ത് ഭാവിയെ ലക്ഷ്യമാക്കിയായിരിക്കണം വിദ്യാഭ്യാസം രൂപകല്പന ചെയ്യേണ്ടത് എന്നാണ് പ്രഗല്ഭന്മാര്‍ എന്നും പങ്കുവെച്ചിട്ടുള്ള ആശയം. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കവും സമീപനവും ഈ കാഴ്ചപ്പാടിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ജനാധിപത്യമൂല്യത്തിന്റെയും ഭരണഘടന മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുന്ന മനുഷ്യവിഭവ വികസനത്തിലൂടെയാണ് സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ വികസനമെന്ന സങ്കല്പം  സാക്ഷാത്കരിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം ഏതു രാജ്യത്തിന്റെയും വളര്‍ച്ചയുടെ ഗതിനിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാകുന്നത്. രാജ്യതാല്പര്യത്തിലും സംസ്‌കാരത്തിലും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനു മാത്രമെ നാടിനെ  മുന്നോട്ട് നയിക്കാനാവൂ.  

സ്വാതന്ത്ര്യത്തിനുശേഷം ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമം നമ്മുടെ വിദ്യാഭ്യാസ കമ്മീഷനുകളുടെ ഉള്ളടക്കമായിരുന്നു. ഡോ: രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സര്‍വകലാശാല കമ്മീഷന്‍ 1948-49, ഡോ: ലക്ഷ്മണസ്വാമി മുതലിയാര്‍ അധ്യക്ഷനായുള്ള സെക്കന്‍ഡറി വിദ്യാഭ്യാസ കമ്മീഷന്‍ (1950, 53) ഡോ: ഡി.എസ് കോത്താരി അധ്യക്ഷനായ വിദ്യാഭ്യാസ കമ്മീഷന്‍ (1964-66) എന്നിവയാണ് അതില്‍ പ്രമുഖമായവ.

വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ഥമായ മേഖലകളെ സംബന്ധിച്ച് ജനാധിപത്യപരമായ ഒട്ടേറെ ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും മുന്‍ വിദ്യാഭ്യാസ കമ്മീഷനുകളുടെയും അടിസ്ഥാനത്തില്‍ വിശേഷിച്ച് കോത്താരി കമ്മീഷന്‍ ശുപാര്‍ശകളുടെ സഹായത്തോടെയും തയ്യാറാക്കിയ ഒന്നാണ് 2019 ലെ ദേശീയ വിദ്യാഭ്യാസ നയരേഖ. 2017 ജൂണ്‍ 24 ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ പത്മവിഭൂഷന്‍ ഡോ: കെ. കസ്തൂരി രംഗന്‍ അധ്യക്ഷനായി നിയോഗിക്കപ്പെട്ട സമിതിയാണ് ഇത് തയ്യാറാക്കിയത്. ഡോ. ഷക്കീല ടി. ഷംസു കമ്മിറ്റിയില്‍ സെക്രട്ടറിയായിരുന്നു.  

വസുധ കമ്മത്ത്, മുന്‍ വൈസ് ചാന്‍സ്‌ലര്‍, ടചഉഠ വിമന്‍സ് യൂണിവേഴ്‌സിറ്റി, മൂംബൈ, കെ.ജെ. അല്‍ഫോണ്‍സ് (ഫോര്‍മര്‍ ഐ.എ.എസ്), മഞ്ജുള്‍ ഭാര്‍ഗവ, ആര്‍. ബ്രന്‍ഡന്‍ ഫ്രഡ്, പ്രൊഫസ്സര്‍ ഓഫ് മാത്തമാറ്റിക്‌സ്, പ്രിന്‍സ്റ്റന്‍ സര്‍വകലാശാല, യു.എസ്.എ, ഡി.രാം ശങ്കര്‍ കുരീല്‍, മുന്‍ വൈസ് ചാന്‍സലര്‍, ബാബാ സാഹെബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ഓഫ് സോഷ്യല്‍ സയന്‍സ്, മധ്യപ്രദേശ്, പ്രൊഫ. ടി.വി. കട്ടിമണി, വൈസ് ചാന്‍സലര്‍, ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി, അമര്‍കണ്ടക്, മധ്യപ്രദേശ്, എഫ്. കൃഷ്ണമോഹന്‍ ത്രിപാഠി, ഉത്തര്‍പ്രദേശ് ഹൈസ്‌കൂള്‍ ആന്‍ഡ് ഇന്റര്‍മീഡിയറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡ്, ഉത്തര്‍പ്രദേശ്, മഷര്‍ ആസിഫ്, പ്രൊഫസ്സര്‍, സെന്റര്‍ ഫോര്‍ പേര്‍ഷ്യന്‍ ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ന്യൂ ദല്‍ഹി, ജി.എം.കെ. ശ്രീധര്‍, മുന്‍ മെമ്പര്‍ സെക്രട്ടറി, കര്‍ണ്ണാടക നോളഡ്ജ് കമ്മീഷന്‍, ബംഗളൂരു, കര്‍ണാടക എന്നിവരാണ് മറ്റംഗങ്ങള്‍.  

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ 2019 മെയ് 30ന് മാനവശേഷി വിഭവവികസന വകുപ്പ് മന്ത്രി ഡോ. രമേശ് പൊക്രിയാലിന് കസ്തൂരിരംഗന്‍ സമര്‍പ്പിച്ചു. യു.ജി.സി, എന്‍.സി.ആര്‍.ടി, എ.ഐ.സി.ടി.ഇ തുടങ്ങിയ വിദ്യാഭ്യാസ രംഗത്ത് ഗവേഷണാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ കരട് രേഖ കേന്ദ്രസര്‍ക്കാറിന്റെ നയരേഖയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്രയേറേ ചര്‍ച്ചകളും, വാദങ്ങളും, മറുവാദങ്ങളും നടന്നിട്ടുള്ള ഒരു വിദ്യാഭ്യാസ രേഖ ഭാരതത്തിലിന്നോളം ഉണ്ടായിട്ടില്ല. ലോകചരിത്രത്തിലും ഇതുപോലെ മറ്റൊന്ന് ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്. വിദ്യാഭ്യാസം ഈ രാജ്യത്തെ പൊതുസമൂഹത്തെയും വരാനിരിക്കുന്ന തലമുറയേയും ആഴത്തില്‍ സ്പര്‍ശിക്കാന്‍ പോകുന്നുവെന്ന ബോധ്യം തന്നെയാണ് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് ഇപ്രകാരം വഴിവെച്ചത്. രാജ്യത്തിന്റെ വൈവിധ്യത്തെ കണക്കിലെടുത്തുകൊണ്ട് മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ തുടങ്ങിയ മതന്യൂനപക്ഷങ്ങളില്‍ നിന്നും ഭാഷാ ന്യൂനപക്ഷങ്ങളില്‍ നിന്നും മറ്റ് പിന്നോക്ക വിഭാഗം, ഭിന്ന ലിംഗം, ഭിന്ന ശേഷിക്കാര്‍ എന്നിവരില്‍നിന്നും ഇതിനുവേണ്ടി അഭിപ്രായങ്ങള്‍ സ്വരൂപിച്ചിരുന്നു. ഇതില്‍ അനുകൂലമായും പ്രതികൂലമായും വിമര്‍ശനാത്മകവുമായും പ്രതികരിച്ചവര്‍ ഏറെയാണ്.  നയരേഖ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്മീഷന്‍ 74 വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും, മന്ത്രാലയങ്ങളുടെയും  217 പ്രമുഖ വ്യക്തികളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു.

2020 അവസാനത്തോടെ ദേശീയ പാഠ്യപദ്ധതിയുടെ രൂപരേഖ വിലയിരുത്തലുകള്‍ക്ക് ശേഷം പരിഷ്‌കരിച്ച് എല്ലാ ഭാഷകളിലും ലഭ്യമാക്കുകയും അതനുസരിച്ചിട്ടുള്ള പാഠപുസ്തകങ്ങള്‍ വിവിധ ഭാഷകളില്‍ തയ്യാറാക്കുകയും ചെയ്യും. 2022 ആകുമ്പോഴേയ്‌ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയും ബോധന ശാസ്ത്ര സമീപനവും പൂര്‍ണ്ണമായും പുതിയ നയത്തിന്റെ അടിസ്ഥാനത്തിലായി മാറും. 2030ല്‍ സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ലക്ഷ്യവും കൈവരിക്കാനാവുമെന്ന പ്രത്യാശ നയരേഖ പ്രകടിപ്പിക്കുന്നു. 2040കളോടെ പൂര്‍ണ്ണമായും നടപ്പിലാക്കാനുദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയരേഖ 2019 ഓരോ വര്‍ഷവും വിലയിരുത്തലിനും, നിര്‍ദ്ദേശത്തിനും, പരിഷ്‌കരണത്തിനുമുള്ള ‘ഇടം’ ഉണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്. വിദ്യാഭ്യാസത്തിലെ ജനാധിപത്യമെന്നത് അതിന്റെ രൂപകല്പനയുടെ ഘട്ടങ്ങളില്‍ പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം വിമര്‍ശകന്മാര്‍ പോലും സമ്മതിച്ചിട്ടുള്ളതാണ്.  

ദേശീയ പ്രാധാന്യമുള്ള മറ്റേതു വിഷയങ്ങളോടും എന്നതു പോലെ കേരളം ഇക്കാര്യത്തിലും തികച്ചും നിഷേധാത്മകവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുമുള്ള പരിപാടികള്‍ സംഘടിപ്പിച്ചാണ് ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.  മുഖ്യധാരാ മാധ്യമങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്ത വിദഗ്ധന്മാരെന്നു പറയുന്നവരാകട്ടെ രാഷ്‌ട്രീയക്കാരന്റെ ഭാഷ ഉപയോഗിച്ച് മറ്റാരുടെയൊക്കെയോ അജണ്ടകള്‍ വിവരിച്ചുകൊണ്ടാണ് പ്രതികരിച്ചത്.  കുറവുകളില്ലാത്ത ഒന്നാണ് വിദ്യാഭ്യാസ നയരേഖയെന്ന് അതിനെ പിന്തുണയ്‌ക്കുന്നവര്‍ പോലും കരുതുന്നില്ല. കരടുരേഖ എപ്പോഴും കുറവുകളുള്ളതായിരിക്കും. ആശങ്കകളും സംശയങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. അവ ചര്‍ച്ച ചെയ്ത് പരിഹരിച്ചാണ് മുന്നോട്ട് പോകേണ്ടത്. ഉദാ:- ഗവേഷണത്തിന്റെ തുടക്ക കോഴ്‌സ് എന്ന നിലയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന എം.ഫില്‍ കോഴ്‌സ് ഗവേഷണ രീതി ശാസ്ത്രത്തെക്കുറിച്ചും അതത് വിഷയവുമായി ബന്ധപ്പെട്ട ആഴത്തിലുള്ള പഠനാനുഭവം പങ്കുവെക്കുന്നതും ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നതിന് വിദ്യാര്‍ത്ഥിയെ പ്രാപ്തമാക്കുന്നതുമാണ്. പ്രസ്തുത കോഴ്‌സ് ഇനി ഉണ്ടാവില്ല എന്ന തീരുമാനം ആശങ്ക നിറഞ്ഞതാണ്. നിലവിലെ സിസ്റ്റത്തെ ബാധിക്കുന്നതുകൊണ്ടും ഗവേഷണത്തിലേക്ക് നയിക്കുന്ന കോഴ്‌സ് നിര്‍ത്തലാക്കുകയും, ഗവേഷണ യൂണിവേഴ്‌സിറ്റികള്‍ വരുമെന്ന് പറയുകയും ചെയ്യുന്നത് ഒത്തുപോകാനാവാത്ത ഒന്നാണ്. അതുപോലെ നിലവില്‍ അദ്ധ്യാപക ശിക്ഷണ കേന്ദ്രങ്ങളിലെ പ്രൊഫസര്‍മാരെ നിയോഗിക്കാനുള്ള യോഗ്യത ഡിഗ്രി, പി.ജി, ബി.എഡ്, എം.എഡ്, ഗവേഷണം എന്നിവ കഴിഞ്ഞവര്‍ക്കാണ്. അതായത് +2 കഴിഞ്ഞ് 12 വര്‍ഷം ഇതിനുവേണ്ടി വരും, ബി.എഡ് കോളേജിലെ അദ്ധ്യാപക നിയമനത്തിന്. ഇതിനുപകരം 4 വര്‍ഷത്തെ ബി.എഡ് മാത്രം മതിയാകുമെന്ന സമീപനം ഒരുതരത്തിലും യോജിച്ചുപോകുന്നതല്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ സാഹചര്യം പലകാര്യങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നു. വിദ്യാഭ്യാസത്തിന്റെ ഒട്ടേറെ മേഖലകളില്‍ കേരളം മാതൃകയാണ് എന്ന് കേന്ദ്ര ഏജന്‍സികള്‍ പോലും അംഗീകരിച്ചിട്ടുണ്ട്.  ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍കൊണ്ടുവരുവാനും ആരോഗ്യകരമായ നിര്‍ദ്ദേശം നല്‍കേണ്ടതും ഭരിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണ്.  

വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയും മത്സരാധിഷ്ഠിതമാക്കുകയും ചെയ്യുന്നു. അറിവിന്റെ കോര്‍പറേറ്റ് വത്കരണമാണിത്. തൊഴില്‍ വിപണിയിലേക്ക് കുട്ടികളെ വലിച്ചെറിയുന്നു. ദേശീയതയില്‍ പൊതിഞ്ഞ പടിഞ്ഞാറന്‍ മോഡലാണ്, അധ്യാപന കേന്ദ്രീകൃത ബോധന രീതിയാണ്, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരില്‍ മതാധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടുവരുന്നു. തീവ്രദേശീയത അടിച്ചേല്‍പ്പിക്കുന്നു. കോത്താരി കമ്മീഷന് വിരുദ്ധമാണ്, 10+2 എന്ന സമ്പ്രദായത്തെ തകര്‍ക്കുന്നു, വിദ്യാഭ്യാസത്തിലെ ജനാധിപത്യത്തെ അട്ടിമറിക്കുന്നു. ഇങ്ങനെയുള്ള സ്ഥിരം വായ്‌ത്താരികളുടെ ചൊല്ലിയാട്ടത്തോടെ നടത്തുന്ന ഒരനുഷ്ഠാനം പോലെയാണ് ഇപ്പോഴും കേരളത്തില്‍ ഇത് സംബന്ധിച്ച പരിപാടികള്‍ അരങ്ങേറുന്നത്. ഇവരിലേറെ പേരേയും പ്രകോപിപ്പിക്കുന്ന പ്രധാന ഘടകം ഈ നയരേഖ ഇന്ത്യന്‍ ജ്ഞാനവിജ്ഞാന ത്തിന്റെയടിസ്ഥാനത്തില്‍ രൂപകല്പന ചെയ്യുന്നു എന്നതാണ്. ഇന്ത്യന്‍ ഭാഷകള്‍, പ്രത്യേകിച്ച് സംസ്‌കൃതം, കൂടാതെ, യോഗ, ആയുര്‍വേദം, തനത് ജീവിത സംസ്‌കാരങ്ങള്‍, കല, ദര്‍ശനം, ശാസ്ത്രം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്നതുമാണ്. മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളും ധാര്‍മ്മിക മൂല്യങ്ങളും പഠിപ്പിക്കണം. അതിന് ഗാന്ധിജി, വിവേകാനന്ദന്‍, ഗുരുനാനാക്ക്, മഹാവീരന്‍, ബുദ്ധന്‍, അരവിന്ദന്‍, ടാഗോര്‍, അംബേദ്കര്‍, എ.പി.ജെ. അബ്ദുള്‍ കലാം, സി.വി. രാമന്‍, ഭാരത രത്‌നം നേടിയ മറ്റ് മഹാന്മാര്‍ എന്നിവരുടെ ഉപദേശങ്ങളും ഉള്‍ക്കൊള്ളണം എന്നുകൂടി കേള്‍ക്കുമ്പോള്‍ ഇവര്‍ക്കുണ്ടാകുന്ന അസ്വസ്ഥത ചെറുതല്ല. എന്തുകൊണ്ടാണ് സ്വന്തം നാടിന്റെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ഇങ്ങനെ അവമതിപ്പോടെ ഇക്കൂട്ടര്‍ കാണുന്നത് എന്ന ചോദ്യത്തിന് കൃത്യമായ കാരണമുണ്ട് ” രക്തത്തിലും വര്‍ണ്ണത്തിലും ഭാരതീയരും അഭിരുചികള്‍, അഭിപ്രായങ്ങള്‍, സദാചാരം എന്നിവയില്‍ ഇംഗ്ലീഷ് മനോഭവമുള്ള വരുമായ ഒരു ജനവര്‍ഗത്തെ സൃഷ്ടിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ വിദ്യാഭ്യാസക്രമത്തിലൂടെ കടന്നുവന്നവരായതു കൊണ്ടാണ് ഇവര്‍ ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത്.

സാഹിത്യപരമോ ശാസ്ത്രീയമോ ആയ വിജ്ഞാനം ഉള്‍ക്കൊള്ളാത്തതും ഏറ്റവും ദരിദ്രവും സംസ്‌കാരശൂന്യവും ഏതെങ്കിലും തരത്തില്‍ പ്രയോജനകരമായ കൃതികള്‍ ഭാഷാന്തരം ചെയ്യാന്‍ പോലും കഴിവില്ലാത്തതുമായ നാട്ടുഭാഷകള്‍ (ഭാരതീയ ഭാഷകള്‍) വിദ്യാഭ്യാസമേഖലയില്‍ ഒരു തരത്തിലും പരിഗണിക്കേണ്ടതില്ല. അതിനു പകരം ഇംഗ്ലീഷ് ഭാഷയും, യൂറോപ്യന്‍ കലകളും, സംസ്‌കാരവും, ശാസ്ത്രവും മാത്രം പഠിപ്പിച്ചാല്‍ മതി എന്നായിരുന്നു ഇന്ത്യയില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസനയരേഖ രൂപകല്പന ചെയ്തവരുടെ കാഴ്ചപ്പാട്. അതായത് ഇനിവരുന്ന തലമുറ ഇങ്ങനെ മാത്രമെ പ്രതികരിക്കാവൂ എന്ന് മുമ്പെതന്നെ അവര്‍ പ്രോഗ്രാം ചെയ്തിരുന്നു. പ്രസ്തുത പദ്ധതിയുടെ ഇന്നും ജീവിക്കുന്ന തിരുശേഷിപ്പുകളാണ് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്.  2001-ല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാഠ്യപദ്ധതിക്കെതിരെ ഇതിലും ശക്തമായാണ് അന്ന് പ്രതികരിച്ചത്. ഭരണഘടനയുടെ 28-ാം വകുപ്പിന്റെ ലംഘനമാണ് എന്ന് പറഞ്ഞുകൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ഇന്ത്യയിലുടനീളവും വലിയ ബഹളമാണ് അന്നവര്‍ സംഘടിപ്പിച്ചത്. മാത്രമല്ല അരുണാ റോയിയെയും പത്രപ്രവര്‍ത്തകനായ വി.ജി. വര്‍ഗ്ഗീസിനെയും മുന്നില്‍ നിര്‍ത്തി സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കി. പ്രസ്തുത ഹര്‍ജി പരിഗണിച്ച സുപ്രീം

കോടതിയിലെ  ഡിവിഷന്‍ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എം.ബി. ഷാ, ജസ്റ്റിസ് ഡി.എം. ധര്‍മ്മാധികാരി, ജസ്റ്റിസ് സെമ എന്നിവരടങ്ങുന്നവരുടെ വിധി പ്രസ്താവം (2002 സെപ്റ്റംബര്‍ 12) ഇവര്‍ പറഞ്ഞതിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്. 5 തരത്തിലുള്ള തന്ത്രങ്ങളും ഒളിപ്പോരുമാണ് എക്കാലത്തും ദേശീയവിദ്യാഭ്യാസ നയത്തിനെതിരെ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 1) തെരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവമതിപ്പോടെ വിഷയം അവതരിപ്പിക്കുക. 2) തങ്ങള്‍ക്കനുഗുണമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുക. 3) വരാനിരിക്കുന്ന ഗുണം അനുഭവിക്കാന്‍ കഴിയുന്നവിധം പദ്ധതികള്‍ ആവിഷ്‌കരിക്കുക. 4) കോടതികളിലൂടെ നിയമപോരാട്ടം നടത്തുക. 5) രാഷ്‌ട്രീയ നീക്കത്തിലൂടെ പ്രൈവറ്റ് സ്‌കൂള്‍ അടക്കമുള്ളവയുടെ ഭരണരംഗത്തേക്ക് കടന്നുകൂടുക. ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡിന്റെ ചാവേറുകളും അതിനുവേണ്ടി പമ്പുചെയ്ത കള്ളപ്പണവുമായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും എന്ന് ഇതുസംബന്ധിച്ച് പഠിച്ചിട്ടുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.  

ആയുര്‍വേദം, സംസ്‌കൃതം, യോഗ, ദേശീയ വിദ്യാഭ്യാസം എന്നിവയൊക്കെ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ പരാജയപ്പെടുത്തുന്നതിനുവേണ്ടി ഇത്തരത്തിലുള്ള വിധ്വംസക ശക്തികളായിരുന്നു മുന്നിലുണ്ടായിരുന്നത്. ജൂണ്‍ 21 അന്തര്‍ദേശീയ യോഗ ദിനമായി യുനസ്‌കോ അംഗീകരിക്കുകയും ലോകത്തെമ്പാടും ഇത് സംബന്ധിച്ച പുതിയ പഠന അവസരങ്ങളും തൊഴിലവസരങ്ങളും ഉടലെടുത്തപ്പോള്‍ ഇന്ത്യയില്‍ യോഗ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുവേണ്ടി എന്‍.സി.ടി.യുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും രാജ്യത്തെ 18,000 അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലൂടെ പതിനാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഗുണകരമാകുന്ന തരത്തില്‍ പാഠ്യപദ്ധതി രൂപീകരിക്കുകയും ഉണ്ടായതാണ്. എന്നാല്‍ അത് നടപ്പിലാക്കാന്‍ ഇന്നോളം സാധിച്ചില്ല. അതുപോലെ തന്നെ മുന്‍ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാനായിരുന്ന എന്‍. ഗോപാലസ്വാമി അദ്ധ്യക്ഷനായി തയ്യാറാക്കിയ സംസ്‌കൃത കമ്മീഷന്‍ സംസ്‌കൃതത്തെ സംബന്ധിച്ച് ഒട്ടേറെ പു

തിയ ആശങ്ങള്‍ പങ്കുവെക്കുന്ന സ്വതന്ത്രഭാരതത്തിലുണ്ടായ മൂന്നാമത്തെ കമ്മീഷനാണ്. അതും നടപ്പിലാക്കാന്‍ സാധിച്ചില്ല. ഇതുപോലെ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചത് നടപ്പിലാക്കാന്‍ സാധിക്കാത്തതിനു പിന്നില്‍ എതിര്‍പ്പിനോടൊപ്പം വേണ്ടത്ര ചര്‍ച്ചയും പദ്ധതികളും കാഴ്ചപ്പാടും ഇല്ലാതിരുന്നതുകൊണ്ടാണ്. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുവേണ്ടി രാജ്യത്തെ ജനങ്ങളേവരും പ്രത്യേകിച്ച് ഇതുമായി ബന്ധപ്പെട്ട മേഖലയിലുള്ളവര്‍ പുതിയ വിദ്യാഭ്യാസ മേഖലയിലെ ശുപാര്‍ശകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒപ്പം പിഴവുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും വേണം.

സ്‌കൂള്‍ വിദ്യാഭ്യാസം

സ്‌കൂള്‍ തലത്തിലെ ഘടനാ മാറ്റവും ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രധാനമാണ്. അതിപ്രകാരമാണ്. 5+3+3+4. അതായത് മൂന്നു വര്‍ഷത്തെ പ്രീപ്രൈമറി തലവും ഒന്ന്, രണ്ട് ക്ലാസും ചേര്‍ന്ന അഞ്ചു വര്‍ഷത്തെ അടിസ്ഥാനഘട്ടം എട്ട് വയസ്സുവരെ നീണ്ടു നില്‍ക്കുന്നതാണ്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളടങ്ങുന്ന പ്രിപ്പറേറ്ററി ഘട്ടം പതിനൊന്ന് വയസ്സുവരെ നീളുന്നു. ആറ്, ഏഴ്, എട്ട് ക്ലാസുകളടങ്ങിയ മധ്യഘട്ടം പതിനാല് വയസ്സുവരെ നീണ്ടു നില്‍ക്കുന്നു. ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ അടങ്ങിയ സെക്കന്‍ഡറി ഘട്ടം പതിനെട്ട് വയസ്സുവരെ നീണ്ടു നില്‍ക്കുന്നു. നിലവിലെ 10+2 എന്ന ഘടനയില്‍ വരുന്ന പ്രധാനപ്പെട്ട മാറ്റമിതാണ്. പ്രീ

പ്രൈമറി, ലോവര്‍ പ്രൈമറി പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്ന ഘടന നിലവിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ക്രമത്തിലുണ്ട് എന്ന കാര്യവും മറക്കരുത്.  

1.   2025 ന് മുമ്പ് രാജ്യത്തെ മൂന്ന് മുതല്‍ ആറുവയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവും സുരക്ഷിതവും  ഗുണമേന്മയുള്ളതും അഭിവൃദ്ധികരവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക. 2030 ന് മുമ്പ് 3 മുതല്‍ 18 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പ്രക്രിയയില്‍ പങ്കാളിത്തം കൊണ്ടുവരുക. ആദ്യത്തെ അഞ്ചു വര്‍ഷം വരുന്ന അടിസ്ഥാനഘട്ടം സംബന്ധിച്ച പ്രധാന കാഴ്ചപ്പാടാണിത്. ഭരണഘടന പ്രാബല്യത്തില്‍ വന്ന പത്തു വര്‍ഷത്തിനകം എല്ലാ കുട്ടികള്‍ക്കും 14 വയസ്സുവരെ സൗജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കാന്‍ രാഷ്‌ട്രം ശ്രമിക്കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ 45-ാം വകുപ്പിലെ നിര്‍ദ്ദേശത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള നയമാണിത്.  

നിര്‍ദ്ദിഷ്ട ശുപാര്‍ശയിലെ ആദ്യത്തെ അഞ്ചു വര്‍ഷത്തെ ഫൗണ്ടേഷന്‍ സ്റ്റേജ് കഥകളിലൂടെയും കളികളിലൂടെയും അന്വേഷണത്തിലൂടെയും മറ്റ് രസകരമായ പഠന പ്രവൃത്തികളിലൂടെയും വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതാണ്. മനഃശാസ്ത്രത്തിന്റെയും ബോധന ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടില്‍ ഈ കാലഘട്ടത്തില്‍ ഗണിതത്തിനും ഭാഷയ്‌ക്കും പ്രാധാന്യം നല്‍കുന്നതോടൊപ്പം ശുചിത്വം, സഹകരണം, നേതൃത്വ പരിശീലനം എന്നിവയ്‌ക്കും മുന്‍തൂക്കം കൊടുക്കുന്നുണ്ട്. കുട്ടിയുടെ മസ്തിഷ്‌ക വികാസത്തിന്റെയും  ഹൃദയ വികാസത്തിന്റെയും സവിശേഷതകളെ പരിഗണിച്ചു കൊണ്ടുള്ളതാണ് ഈ അഞ്ചു വര്‍ഷത്തെ പഠന പാഠന പ്രവര്‍ത്തനങ്ങള്‍. ബാല്യകാല പരിചരണവും വിദ്യാഭ്യാസവും ഒരു വ്യക്തിയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നതിനാല്‍ ഇവിടെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രാദേശിക ആവശ്യങ്ങളും ഭൂപ്രകൃതിയും പരിചരണം, പരിരക്ഷണം, പോഷകാഹാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മാനസിക-സാമൂഹിക അന്തരീക്ഷം എന്നിവയും നിലവിലുള്ള ഭൗതിക സാഹചര്യങ്ങളും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബഹുതല സമീപനമാണ് ഇവിടെ സ്വീകരിക്കുന്നത്.  

മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍ ചേര്‍ന്ന പ്രിപാരിറ്ററി സ്റ്റേജിലാണ് ഔപചാരികമായി വിദ്യാഭ്യാസം തുടങ്ങുന്നത്. എഴുത്ത്, വായന, ഭാഷണം, കായിക വിദ്യാഭ്യാസം, കലകള്‍, ഭാഷകള്‍, സയന്‍സ്, ഗണിതം എന്നിവ പഠിപ്പിക്കുന്നതിനു വേണ്ടി പുസ്തകങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാഠനം ഈ ഘട്ടത്തിലാണ് തുടങ്ങുന്നത്. സംവാദ രൂപത്തിലുള്ളതും പ്രായോഗികമായിട്ടുള്ളതുമായ പഠന പ്രക്രിയക്കാണ് ഇവിടെയും പ്രാധാന്യം നല്‍കുന്നത്.  

ആറ്, ഏഴ്, എട്ട് ക്ലാസുകളടങ്ങിയ മിഡില്‍ സ്റ്റേജില്‍ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, മാനവിക വിഷയങ്ങള്‍ എന്നിവയിലെ ഉയര്‍ന്ന സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള മാനസികവും ഭൗതികവുമായ വളര്‍ച്ചയെത്തിയിട്ടുള്ളവരായിരിക്കും കുട്ടികള്‍. അതുകൊണ്ട് കൂടുതല്‍ ഭാഷകളും വിവിധ സംസ്‌കാരങ്ങളും അടുത്തറിയുന്നതിനുവേണ്ടി ‘ഭാരതീയ ഭാഷകള്‍’ എന്നൊരു വിശേഷമായ പാഠ്യക്രമം ഈ ഘട്ടത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്.  

ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയുള്ള നാലുവര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വൈവിധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരിക്കും. വിദ്യാര്‍ത്ഥിയുടെ കഴിവിനും അഭിരുചിക്കും വിമര്‍ശനാത്മക ചിന്തയ്‌ക്കും അനുയോജ്യമായ തരത്തില്‍ ഇതില്‍നിന്ന് വിഷയങ്ങള്‍ തെരഞ്ഞെടുക്കാവുന്ന സ്വാതന്ത്ര്യവും മുന്നോട്ടുവെക്കുന്നുണ്ട്. കലകള്‍ക്കും കായിക വിഷയങ്ങള്‍ക്കും മറ്റു ഭാഷാ ശാസ്ത്രവിഷയങ്ങള്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സമഗ്രമായൊരു സമീപനം പുതിയ വിദ്യാഭ്യാസ നയരേഖ എല്ലാ ഘട്ടത്തിലും പ്രത്യേകിച്ച് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നല്‍കുന്നുണ്ട്. ഇവിടെയെല്ലാം ബോധന മാധ്യമം പ്രാദേശിക ഭാഷയിലോ മാതൃഭാഷയിലോ ആയിരിക്കും.  

2.   ഉന്നതവിദ്യാഭ്യാസ രംഗത്താവട്ടെ നിലവിലുള്ള ബി.എ, ബി.എസ്.സി, ബി.കോം എന്നീ ഡിഗ്രികള്‍ മൂന്നുവര്‍ഷം / നാലുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ബി.എല്‍.എ. (ബാച്ചിലര്‍ ഓഫ് ലിബറല്‍ ആര്‍ട്‌സ്) എന്ന നിലയില്‍ മാറും. ബിരുദതലത്തില്‍ ശാസ്ത്രം, കല, മാനവിക വിഷയങ്ങള്‍, ഗണിതം മറ്റ് പ്രൊഫഷണല്‍ മേഖലകള്‍ എല്ലാം ചേര്‍ന്ന് ലിബറല്‍ ആര്‍ട്‌സ് എന്ന പേരിലായി മാറും. ഇതില്‍ വിവിധ വിജ്ഞാന ശാഖകളുടെ സര്‍ഗ്ഗാത്മകമായ സമന്വയം വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ ഏകീകരണം എന്നിവ കൂടാതെ ഓരോ തലങ്ങളിലും എന്‍ട്രി എക്‌സിറ്റ് പോയിന്റുകളും ഉണ്ടായിരിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരാന്‍ പോകുന്ന പ്രധാനപ്പെട്ട മൂന്ന് നിര്‍ദ്ദേശങ്ങളുണ്ട്.  1) ഗവേഷണ യൂണിവേഴ്‌സിറ്റികള്‍, 2) അദ്ധ്യാപക പരിശീലന യൂണിവേഴ്‌സിറ്റികള്‍, 3) ബിരുദ ബിരുദാനന്തര കോളേജുകള്‍. ഇവിടെ അദ്ധ്യാപകരെ സന്നദ്ധരാക്കുന്ന അദ്ധ്യാപക പരിശീലന യൂണിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം നീണ്ടുനില്‍ക്കുന്ന ബി.എഡ് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറുന്നതാണ്. രണ്ടുവര്‍ഷത്തെ ബി.എഡ് കോഴ്‌സ് നിലനില്‍ക്കുകയും ചെയ്യും. ഇതിലൂടെ വിദ്യാഭ്യാസ നിര്‍വ്വഹണത്തിന് കഴിവും കാര്യപ്രാപ്തിയുമുള്ള അദ്ധ്യാപക സമൂഹത്തെ വാര്‍ത്തെടുക്കലാണ് ലക്ഷ്യം. ബിരുദാനന്തരബിരുദം ഒരു വര്‍ഷത്തെയും രണ്ടു വര്‍ഷത്തെയും ആയി മാറും. അതുപോലെ 5 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സും ഉണ്ടായിരിക്കുന്നതാണ്. കൃഷിയും അനുബന്ധ വിഷയങ്ങളും പുനരുജ്ജീവിപ്പിക്കുകയും ആ മേഖലയില്‍ ഗുണനിലവാരമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.  

രാജ്യത്തിന്റെ വികസനത്തിനടിസ്ഥാനം കാര്‍ഷികമേഖലയുടെ ശാക്തീകരണമാണ് എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി കൃഷി, മൃഗചികിത്സ എന്നീ മേഖലകളിലെ വിദഗ്‌ദ്ധന്മാരെ പൊതുവിദ്യാഭ്യാസവുമായി സമന്വയിപ്പിച്ച് ഈ മേഖലയെ ശക്തിപ്പെടുത്തും. ഇവിടെ പാരമ്പര്യ വിജ്ഞാനവും നൂതന ശാസ്ത്ര- സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ട് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയ്‌ക്ക് പരിഹാരം കാണുന്നതിനും വേണ്ടിയുള്ളതാക്കും. കാര്‍ഷിക വിദ്യാഭ്യാസത്തിന്റെ രൂപരേഖ മാറ്റുകയും അതത് സമൂഹത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന തരത്തില്‍ കാര്‍ഷിക സാങ്കേതികവിദ്യ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യും. ഇതിനുവേണ്ടി കാര്‍ഷിക ടെക്‌നോളജി പാര്‍ക്ക് എന്ന പുതിയ സംവിധാനവും നിലവില്‍ വരും.

ആരോഗ്യപരിപാലന വിദ്യാഭ്യാസത്തിന്റെ കാലദൈര്‍ഘ്യം, ഘടന, രൂപരേഖ എന്നിവ പുനഃക്രമീകരിക്കും. എല്ലാ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുവായിവരുന്ന കാലഘട്ടം എന്ന നിലയിലായിരിക്കും ആരോഗ്യ വിദ്യാഭ്യാസ കോഴ്‌സിന്റെ ആദ്യത്തെ രണ്ടുവര്‍ഷം. അതിനുശേഷം എം.ബി.ബി.എസ്, ബി.ഡി.എസ്, നേഴ്‌സിംഗ് തുടങ്ങിയ മേഖലകളിലേക്ക് ഇവര്‍ക്ക് പോകാവുന്നതാണ്. ഒരു മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യത ഫ്രെയിം വര്‍ക്ക് ഇതിനായി നിലവില്‍ വരും. അലോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ആയുര്‍വേദം, യോഗ, നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) തുടങ്ങിയവയെപ്പറ്റി അടിസ്ഥാനപരമായ അറിവ് ഉണ്ടാകുന്ന തരത്തില്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തും. ആരോഗ്യ വിദ്യാഭ്യാസത്തില്‍ പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കും.    

ഭാരതീയ ഭാഷ പ്രോത്സാഹിപ്പിക്കും;  ഇംഗ്ലീഷിനെ കൈവിടാതെ

ഇന്ത്യയുടെ സമ്പന്നമായ ഭാഷകളും സാഹിത്യവും അവയുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ നയരേഖയുടെ സവിശേഷതയാണ്.  

   ഭരണഘടനയിലെ എട്ടാം പട്ടികയിലെ എല്ലാ ഭാഷകളും സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ പഠിപ്പിക്കുന്നതിനുവേണ്ട നടപടി നയരേഖ ശുപാര്‍ശ ചെയ്യുന്നു. ദേശീയ ഗവേഷണപദ്ധതിയുടെ ഭാഗമായി ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണം. അതിന് വേണ്ട സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. പാലി, പ്രാകൃതം പേര്‍ഷ്യന്‍ എന്നിവയുടെയും, സംസ്‌കൃതം, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒഡിയ തുടങ്ങിയ ക്ലാസിക്കല്‍ ഭാഷകളുടെയും സവിശേഷമായ പഠനത്തിന് ഒരു ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശവുമുണ്ട്.  

ഭാഷാപഠനവുമായി ബന്ധപ്പെടുത്തി ഒട്ടേറെ ആക്ഷേപങ്ങളും ആശങ്കകളും പുതിയ വിദ്യാഭ്യാസ പദ്ധതിയിലുണ്ടെന്ന തരത്തില്‍ പ്രചാരണം നടക്കുന്നു. പ്രധാന ആക്ഷേപം ഇനി മുതല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ ഇംഗ്ലീഷ് ഭാഷയോ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളോ ഉണ്ടാവില്ല എന്നതാണ്. ഈ സ്ഥാനത്ത് സംസ്‌കൃതഭാഷ നടപ്പിലാക്കുകയും, നിര്‍ബന്ധമാക്കുകയും ചെയ്യുമെന്നും പ്രചരിക്കും. ഇക്കാര്യം ഇത് തയാറാക്കിയ വിദഗ്ധ സമിതിയോ അതിന് നിയോഗിച്ച സര്‍ക്കാരോ ചിന്തിച്ചിട്ടില്ല. വിദ്യാഭ്യാസ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ. കസ്തൂരിരംഗന്‍ ഇക്കാര്യം പിന്നീട് നടന്ന ചര്‍ച്ചകളില്‍ പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് അധ്യയന സമ്പ്രദായം മാറ്റണമെന്ന് പുതിയ വിദ്യാഭ്യാസ നയത്തില്‍ ഒരിടത്തും നിര്‍ബന്ധമായി പറഞ്ഞിട്ടില്ല. പ്രാദേശിക ഭാഷയോ മാതൃഭാഷയോ സാധ്യമായ തലങ്ങളില്‍ വിശേഷിച്ച്, അഞ്ചാംതരം വരെ നിര്‍ബന്ധമാക്കണമെന്ന സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ട് നിലവിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെയോ കേന്ദ്രീയ വിദ്യാദലയങ്ങളെയോ ഒരുതരത്തിലും ബാധിക്കില്ല.

ലോകത്തിന് ഭാരതം നല്‍കിയ ഏറ്റവും വലിയ സംഭാവന ഭാഷയെക്കുറിച്ചും ഭാഷാശാസ്ത്രത്തെ സംബന്ധിച്ചുമുള്ള അറിവുകളാണ്. ആദിവാസി ഗോത്രഭാഷകളും ആദിദ്രാവിഡ ഭാഷയായ തമിഴും അറിവിന്റെ ഭാഷയായ സംസ്‌കൃതവുമെല്ലാം ഇൗ രംഗത്ത് നല്‍കിയ സംഭാവന വലുതാണ്. പുത്തന്‍ രീതി കേന്ദ്രീകൃതമായ രീതിയിലേക്ക് പോകുകയും ഫെഡറല്‍ സങ്കല്‍പ്പങ്ങളെ തകര്‍ക്കുകയും ചെയ്യുമെന്ന വാദമുന്നയിക്കുന്നവര്‍ മനസിലാക്കേണ്ടത്, എന്‍സിഇആര്‍ടിയും അതതു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എസ്‌സിഇആര്‍ടിയും ചേര്‍ന്ന് രാജ്യത്തെ ഭാഷാ പണ്ഡിതന്മാരുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കിയതെന്ന വസ്തുതയാണ്.

സംസ്‌കൃതഭാഷയെ സംബന്ധിച്ചാണല്ലോ കൂടുതല്‍ ആക്ഷേപം ഉന്നയിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സംസ്‌കൃതം പഠിക്കുന്നതിനുള്ള അവസരം മറ്റ് ഭാഷയെപ്പോലെതന്നെ കൊടുത്തിട്ടുണ്ട്. ഇതല്ലാതെ ഒരു ഘട്ടത്തിലും നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുന്ന നിര്‍ദ്ദേശമില്ല. സംസ്‌കൃതഭാഷയെ സംബന്ധിച്ച് സ്വതന്ത്രഭാരതത്തില്‍ മൗലാനാ അബ്ദുള്‍കലാം ആസാദ് (കേന്ദ്ര വിദ്യാഭ്യാസമന്ത്രി) 1957ല്‍ നിയോഗിച്ച സുനീത്കുമാര്‍ ചാറ്റര്‍ജി അധ്യക്ഷനായ ‘സംസ്‌കൃത വിദ്യാഭ്യാസ കമ്മീഷന്‍’ മുന്നോട്ടുവയ്‌ക്കുന്ന പുരോഗമനപരവും ധൈഷണികവുമായ നിലപാടുണ്ട്. അതാണ് പില്‍ക്കാലത്ത് സുപ്രീംകോടതിയടക്കമുള്ള നീതിപീഠങ്ങളും ഭാഷാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതന്മാരും സ്വീകരിച്ചത്. ഇതിന് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ യുപിഎ സര്‍ക്കാര്‍ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ സത്യവ്രതശാസ്ത്രി അധ്യക്ഷനായ രണ്ടാം സംസ്‌കൃത കമ്മീഷനെ നിയോഗിച്ചു. ഇതിന്റെ രണ്ടിന്റെയും തുടര്‍ച്ചയായി നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍കൂടിയായിരുന്ന ഗോപാലസ്വാമി അധ്യക്ഷനായ മൂന്നാം സംസ്‌കൃത കമ്മീഷന്‍ രൂപീകരിച്ചു. ഈ മൂന്ന് കമ്മീഷനുകളും മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ അംഗീകാരം കൊടുക്കുക മാത്രമാണ് ചെയ്തത്.  

ആയുര്‍വേദം, യോഗ, വാസ്തുവിദ്യ, ഭാരതീയ ഗണിതം, ഭാരതീയ കലകള്‍, ദര്‍ശനങ്ങള്‍, ഭാഷാശാസ്ത്രം എന്നിവയെ സംബന്ധിച്ച് വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ പോലും നമ്മുടെ തലമുറക്ക് അന്യമാകാന്‍ കാരണം വികലമായ ഭാഷാനയമാണ്. അതിനൊരു മാറ്റമാണ് പുതിയ വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്യുന്നത്.

പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസം  

പ്രധാനമന്ത്രി തലവനായുള്ള രാഷ്‌ട്രീയ ശിക്ഷാ ആയോഗിന്റെ നേതൃത്വത്തില്‍ മൊത്തം വിദ്യാഭ്യാസ മണ്ഡലത്തിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയും ഏകോപിപ്പിക്കുകയും ചെയ്യും. ദേശീയതലത്തില്‍ വരുന്ന ആയോഗിന്റെ മാതൃകയില്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചെയര്‍മാനായുള്ള സംസ്ഥാന വിദ്യാഭ്യാസ കമ്മീഷന്‍ ഇതിന്റെ ഭാഗമാകും. ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് സംഭാവനകള്‍ ചെയ്തിട്ടുള്ള ഇരുപത് മുതല്‍ മുപ്പത് വരെ പേരടങ്ങുന്ന ഉപദേശക സമിതി ശിക്ഷാ ആയോഗിന്റെ നയരൂപീകരണത്തിനും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനുമായി നിലവില്‍ വരും.  

ഡോ. എം.വി. നടേശന്‍

Tags: ദേശീയ വിദ്യാഭ്യാസ നയം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

മികച്ച വിദ്യാലയങ്ങള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി 630 കോടി പ്രഖ്യാപിച്ചു

India

രാജ്യത്തിന്റെ ഭാഗധേയം മാറ്റാനുളള ശക്തി വിദ്യാഭ്യാസത്തിനുണ്ടെന്ന് പ്രധാനമന്ത്രി ; വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്തുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം

Article

ദേശീയ വിദ്യാഭ്യാസ നയം: വിജ്ഞാനവിപ്ലവത്തിലേയ്‌ക്കുള്ള പാത

പാലാ സെന്റ് തോമസ് കോളജില്‍ നടന്ന ദേശീയവിദ്യാഭ്യാസനയം സംബന്ധിച്ച ഏകദിന സെമിനാര്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

പുതിയ നയം വിദ്യാഭ്യാസത്തിന് അന്താരാഷ്‌ട്ര നിലവാരം നല്കും: മാര്‍ കല്ലറങ്ങാട്ട്

Education

ദേശീയ വിദ്യാഭ്യാസ നയം : വിജ്ഞാനവിപ്ലവത്തിലേയ്‌ക്കുള്ള ഇന്ത്യയുടെ പാത

പുതിയ വാര്‍ത്തകള്‍

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

ജ്യോതികയ്‌ക്കും സൂര്യയ്‌ക്കും ഇത് ഭക്തിക്കാലം

ബിബിസി മേധാവി ടിം ഡേവി (ഇടത്ത്)

ടിവി ചാനലുകള്‍ വെള്ളാനകള്‍….വരാന്‍ പോകുന്നത് ഓണ്‍ലൈന്‍ ടിവിക്കാലം…ടിവി ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ച് ബിബിസി

യൂണിയന്‍ ബാങ്കിന്റെ ഓഹരിവില കൂപ്പുകുത്തിച്ച രണ്ടു ലക്ഷം പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള വിവാദം; പ്രശ്നപരിഹാരത്തോടെ ഓഹരി കുതിച്ചു

ആകാശ് ഭാസ്കരന്‍ (ഇടത്ത്)

വെറുമൊരു സഹസംവിധായകനായി വന്ന ആകാശ് ഭാസ്കരന്‍, പിന്നെ നിര്‍മ്മാതാവായി കോടികളുടെ സിനിമകള്‍ പിടിക്കുന്നു…ഇഡി എത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies