Categories: Samskriti

ഏകമായ ബ്രഹ്മവും സൃഷ്ടികളും

എല്ലാം ബ്രഹ്മമാണെന്ന വിവരണം തുടരുന്നു.

എല്ലാം ബ്രഹ്മമാണെന്ന വിവരണം തുടരുന്നു.

ഛാന്ദോഗ്യോപനിഷത്തില്‍  വളരെ പ്രധാനമായ ഒരു വാക്യമുണ്ട്. ‘ വാചാരംഭണം വികാരോ നാമധേയം മൃത്തികേത്യേവ സത്യം’ – വാക്കിനെ ആശ്രയിച്ചുള്ള ഒരു പേരു മാത്രമാണ് കുടം മുതലായവ. വാസ്തവം മണ്ണുമാത്രമാണ്. ഈ ശ്രുതിവാക്യത്തെയാണ് ഇവിടെ സ്മരിച്ചത്. ഇതിന്റെ തുടര്‍ച്ച ഇനി കാണാം.

ശ്ലോകം 229

കേനാപി മൃദ്ഭിന്നതയാ സ്വരൂപം

ഘടസ്യ സന്ദര്‍ശയിതും ന ശക്യതേ

അതോ ഘടഃ കല്‍പ്പിത ഏവ മോഹാത്  

മൃദേവ സത്യം പരമാര്‍ത്ഥഭൂതം

മണ്ണില്‍ നിന്ന് വേറിട്ടാണ് കുടന്തിന്റെ സ്വരൂപം എന്ന് തെളിയിക്കാന്‍ ആര്‍ക്കുമാകില്ല. അതിനാല്‍ അവിവേകം മൂലം കല്പിക്കപ്പെട്ടതാണ് കുടം. വാസ്തവത്തില്‍ കുടമെന്നാല്‍ മണ്ണുതന്നെയാണ്.

മണ്ണിന് ഒരു പ്രത്യേക രൂപവും അതുവഴി ഒരു പേരും കിട്ടി എന്നത് മാത്രമാണ് മണ്‍പാത്രമായപ്പോള്‍ സംഭവിച്ചത്. മണ്ണല്ലാതെ മറ്റെന്തെങ്കിലുമൊന്നില്‍ നിന്ന് ഉണ്ടാക്കിയതാണ് മണ്‍പാത്രമെന്ന് തെളിയിക്കാനാവില്ല. മണ്‍പാത്രത്തിന്റെ എല്ലായിടത്തും മണ്ണ് തന്നെ. തുടക്കവും ഇടയ്‌ക്കും ഒടുക്കവുമൊക്കെ മണ്ണ് മാത്രമാണ്. മണ്ണില്‍ നിന്ന് വേറിട്ട് കുടത്തിന്റെ രൂപം കാണിക്കുവാന്‍ ആര്‍ക്കുമില്ല.

മണ്‍പാത്രം എന്നാല്‍ മണ്ണ് തന്നെ. മണ്ണില്‍ നിന്ന് വേറിട്ട് അതിന് സ്വതന്ത്രമായി നില നില്‍ക്കാനാവില്ല.

പാത്രത്തിന്റെ പ്രത്യേക പേരും രൂപമൊക്കെ വെറും കല്പനയാണ്. പാത്രത്തിന്റെ ഉപയോഗത്തിനനുസരിച്ച് അതിന് പല പേരുണ്ടാകും. ഒരേ രൂപമുള്ളവയ്‌ക്ക് തന്നെ പല പേര്. ഉള്ളിലുള്ള സാധനത്തിനനുസരിച്ച് ഉണ്ടായേക്കാം.പാല്‍കുടം, വെള്ളക്കുടം, തേന്‍കുടം, കള്ള് കുടം എന്നിങ്ങനെയൊക്കെ സാധാരണ ഉണ്ടല്ലോ.. പക്ഷേ അവയെല്ലാം മണ്‍കുടം തന്നെ. ഇങ്ങനെ നോക്കുമ്പോള്‍ മണ്ണ് മാത്രമാണ് സത്യം. മറ്റുള്ളതൊക്കെ അതില്‍ ആരോപിക്കപ്പെടുന്നതാണ്. അതുപോലെ ജഗത്തിന് ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് സ്വതന്ത്രമായ നിലനില്‍പ്പില്ല.

ശ്ലോകം 230

സദ്ബ്രഹ്മകാര്യം സകലം സദൈവം

തന്മാത്രമേതേന്ന തതോളന്യദസ്തി

അസ്തീതി യോ വക്തി ന തസ്യ മോഹോ

വിനിര്‍ഗതോ നിദ്രിതവത്പ്രജല്പഃ

സത്തായ ബ്രഹ്മത്തിന്റെ കാര്യമായ ജഗത്തും ബ്രഹ്മം തന്നെ. ബ്രഹ്മം മാത്രമാണ് ഇക്കാണുന്നതെല്ലാം. അതില്‍ നിന്ന് അന്യമായി ഒന്നുമില്ല. ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാളുടെ വിഭാന്തി നീങ്ങിയിട്ടില്ല. ഉറക്കത്തില്‍ പിച്ചും പേയും പോലെയാണത്. ആ വാക്കുകള്‍ക്ക് ഒട്ടുമേ വിലയില്ല.

കാരണം സത്യമാണെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന കാര്യവും സത്യമാവണം. കാര്യമെന്നത് കാരണത്തിന്റെ മറ്റൊരു രൂപമാണ്.ഗംഗാജലം നിറച്ച മണ്‍പാത്രത്തിന് ഉപയോഗത്തിന്റെ രീതിയില്‍ തീര്‍ത്ഥപാത്രമെന്ന് പറയാം. ഇനി അതില്‍ മറ്റു വല്ലതുമാണ് നിറയ്‌ക്കുന്നതെങ്കില്‍ ആ പേരില്‍ അറിയപ്പെടും.  

പാത്രത്തിന്റെ സത്ത മണ്ണ് മാത്രമാണ്.

അതുപോലെ ലോകത്തില്‍ പലതരം ആളുകളെ കാണാം. എങ്കിലും പാരമാര്‍ത്ഥിക ദൃഷ്ടിയില്‍ എല്ലാവരും എല്ലാതും ദിവ്യസ്വരൂപികള്‍ തന്നെ. ഏകമായ ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവരാണ് എല്ലാവരും. ബ്രഹ്മമല്ലാതെ മറ്റ് ചിലത് കൂടി ഉണ്ടെന്ന് ഒരാള്‍ വാദിച്ചാല്‍ അയാള്‍ വിഭ്രാന്തി മൂലം പുലമ്പന്നതാണ്. അവരുടെ വാക്കിനെ അറിവുള്ളവര്‍ വില വെക്കില്ല. എല്ലാറ്റിനും ആധാരമായി ഉപാദാനമായിരിക്കുന്ന ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് യാതൊന്നുമില്ല എന്ന് ഉറപ്പിക്കണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക