തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തില്‍ ഉള്‍പ്പെട്ട എ.പി. ഷൗക്കത്ത് അലി സംസ്ഥാന പോലീസില്‍ നിന്ന് ഐപിഎസ് ശുപാര്‍ശയ്‌ക്ക്്. 2018 എസ്പി ബാച്ചില്‍ ഉള്‍പ്പെട്ടതാണ് ഷൗക്കത്തലി. ഈ ബാച്ചിലെ എസ്പിമാരില്‍ 11 പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഐപിഎസ് നല്‍കേണ്ടത്.
ടിപി വധക്കേസ് ഉള്‍പ്പടെ നിരവധി പ്രമുഖ കേസുകള്‍ അന്വേഷിച്ചിട്ടുള്ള വ്യക്തികൂടിയാണ് ഷൗക്കത്തലി. പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ടിപി വധക്കേസ് അന്വേഷിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ കെ.വി. സന്തോഷ് പട്ടികയിലെ പതിമൂന്നാമനാണ്. സംസ്ഥാന പോലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെന്ന നിലയില്‍ ഇരുവര്‍ക്കും ഐപിഎസ് ലഭിക്കാനാണ് സാധ്യത.
ഡിജിപി നല്‍കിയ പട്ടികയ്‌ക്കൊപ്പം ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുമുണ്ട്. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. സര്‍ക്കാരിന്റെ ശുപാര്‍ശയോടെയാകും പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുക.
അതേസമയം 2017ലെ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് എസ്പിമാര്‍ക്ക് കേന്ദ്രം ഇപ്പോഴും ഐപിഎസ് നല്‍കിയിട്ടില്ല. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ചില ഉദ്യോഗസ്ഥരും 2018 ലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ടിപി വധക്കേസിലെ അന്വേഷണത്തിന് ശേഷം സിപിഎമ്മിന്റെ കണ്ണിലെ കരടാണ് ഷൗക്കത്ത് അലി. നിലവില്‍ എന്‍ഐഎയില്‍ ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം. കെ.വി. സന്തോഷ് കുമാര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് എസ്പിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: