Categories: Main Article

അവസരങ്ങളുടെ നാടായി ഇന്ത്യ ഉയരുന്നു

Published by

ബിസിനസ് സുഗമമാക്കുന്നതു പോലെ ജീവിത രീതിയും സുഗമമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഓര്‍മിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. മഹാമാരി അതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ആലോചിക്കേണ്ടത്. കരുത്തുറ്റ ആഭ്യന്തര സാമ്പത്തിക ശേഷിയിലൂടെയേ അത് നേടാനാകൂ. ‘ആത്മനിര്‍ഭര്‍ ഭാരത്’ ആഹ്വാനം ചെയ്തതിലൂടെ ലോകത്തിന് മുന്നില്‍ ഇന്ത്യ മുന്നോട്ടു വെയ്‌ക്കുന്ന ആശയവും അതുതന്നെയാണ്. ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് പരിധികളില്ലാത്ത, ഇഷ്ടാനുസരണമുള്ള അവസരങ്ങളുടെ സമ്പൂര്‍ണമായ കൂടിച്ചേരലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മത്സരശേഷി, കൂടുതല്‍ സുതാര്യത, വിപുലമായ ഡിജിറ്റല്‍വത്കരണം, മഹത്തായ നവീകരണം, നയസ്ഥിരത എന്നിവ ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍, നഗരത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളേക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ അതുപയോഗിക്കുന്നവരുണ്ടെന്ന് അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ അവസരങ്ങളുടെ ഭൂമിയാണ്. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിപുലമായ അവസരങ്ങളുണ്ട്. കാര്‍ഷിക മേഖല, യന്ത്രങ്ങള്‍, കാര്‍ഷിക വിതരണ ശൃംഖല, ഭക്ഷ്യ സംസ്‌കരണ മേഖല, മത്സ്യബന്ധനം, ജൈവ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താം. ഇന്ത്യയിലെ ആരോഗ്യമേഖല എല്ലാ വര്‍ഷത്തേക്കാളും 22 ശതമാനത്തിലധികം വേഗത്തില്‍ വളരുകയാണ്. മെഡിക്കല്‍-ടെക്‌നോളജി, ടെലി-മെഡിസിന്‍, ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ അതിവേഗം മുന്നേറുന്നു.

ഊര്‍ജമേഖല, കെട്ടിടനിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, തുറമുഖങ്ങള്‍, വ്യോമയാന മേഖല തുടങ്ങി നിക്ഷേപത്തിന് നിരവധി സാധ്യതകളാണ് ഇന്ത്യയിലുള്ളത്. പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനുള്ള എഫ്ഡിഐ(വിദേശത്തു നിന്നുള്ള സ്ഥിരനിക്ഷേപം) പരിധി 74 ശതമാനമായി ഉയര്‍ത്തി. പ്രതിരോധ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രതിരോധ ഇടനാഴികള്‍  സ്ഥാപിച്ചു.

 ലോക ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ ഇന്ത്യയുണ്ടെന്ന് ഓര്‍ക്കുക. ഓരോ വര്‍ഷവും ഇന്ത്യ എഫ്ഡിഐയില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്നു. 2019-20ല്‍ ഇന്ത്യയില്‍ എത്തിയ എഫ്ഡിഐ 74 ബില്യണ്‍ ഡോളറായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 20 ബില്യണ്‍ ഡോളറിലധികം വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.  

 ആഗോള സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പിന് കരുത്തു പകരാനുള്ള കഴിവ് ഇന്ത്യയ്‌ക്കുണ്ട്. ഇന്ത്യയുടെ ഉയര്‍ച്ചയെന്നാല്‍ വിശ്വാസയോഗ്യമായ ഒരു രാജ്യവുമായുള്ള വാണിജ്യാവസരങ്ങളുടെ വര്‍ധന, തുറന്ന മനസ്സോടെയുള്ള ആഗോള ഏകീകരണത്തിന്റെ ഉയര്‍ച്ച, വിശാലമായ കമ്പോളത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന മാത്സരത്തിന്റെ വര്‍ധന, വിദഗ്ധ മാനവ വിഭവശേഷിയുടെ ലഭ്യതയ്‌ക്കൊപ്പം നിക്ഷേപത്തിനനുസൃതമായ വരുമാനത്തിന്റെ വര്‍ധന എന്നിവയാണ്. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. മഹാമാരിക്കുശേഷം ലോകത്തിന്റെ ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by