ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയും സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങള്‍ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഫൊക്കാന കണ്‍വന്‍ഷനോ, തെരഞ്ഞെടുപ്പോ നടത്തുന്നത് സ്ഥിതിഗതികള്‍ വിലയിരുത്തി , സാഹചര്യം അനുകൂലമാകുന്ന അവസസരത്തില്‍ ജനറല്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊണ്ട ശേഷമായിരിക്കുമെന്ന് പ്രസിഡന്റ് മാധവന് ബി.നായര്‍ , സെക്രട്ടറി ടോമി കൊക്കാട്ട്, കണ്വന്ഷന് ചെയര്മാന് ജോയി ചാക്കപ്പന് എന്നിവര്‍ അറിയിച്ചു.
കൊറോണ പ്രതിരോധ നിയന്ത്രണ നിയമങ്ങള്‍ ഔചിത്യബോധത്തോടെ പിന്തുടരാന് ഓരോ പ്രവാസിയും ബാധ്യസ്ഥനായിരിക്കുമ്പോള്‍ ഫൊക്കാനയും സാമൂഹിക ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ട സമയമാണിത്. ഈ സന്ദര്‍ഭത്തില്‍ ഫൊക്കാന തെരഞ്ഞെടുപ്പും കണ്‍വന്‍ഷനും നടത്തുന്നുവെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തിയ ബോധപൂര്‍വ്വമായ ശ്രമമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. മപോമകദകോവിഡ് മഹാമാരി ലോക ജനതയെയാകെ നിലനില്പിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന പശ്ചാത്തലം മദമാത്സര്യങ്ങള്‍ക്കുള്ള തല്ല, ദുരിതമനുഭവിക്കുന്ന വര്‍ക്ക് സഹായങ്ങളും സേവനങ്ങളും നല്‍കേണ്ട സന്ദര്‍ഭത്തില്‍ ആഘോഷങ്ങളും മത്സരങ്ങളും നടത്തുന്നത് അനുചിതവും അധാര്‍മ്മികതയുമാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഫൊക്കാന ഒട്ടേറെ പ്രതിരോധ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.
ഫൊക്കാന നിര്‍വഹിച്ചു വരുന്ന സന്നദ്ധ ക്ഷേമ സേവന പ്രവര്‍ത്തനങ്ങളെ പ്രവാസി സമൂഹവും അധിവാസ രാഷ്ട്രവും മാതൃരാജ്യത്തെ ഭരണകൂടവും ശ്ലാഘിക്കുമ്പോള്‍ പ്രസ്ഥാനത്തിന് ഉള്ളില്‍ നിന്ന് ന്യൂനപക്ഷമായ ചില തല്പരകക്ഷികള് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുന്നതും അനധികൃതവും അനൗദ്യോഗിക വുമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള അവരുടെ പുറപ്പാടും ഫൊക്കാനയുടെ യശസ്സിന് കളങ്കം ചാര്‍ത്താന്‍ മാത്രമേ ഉപകരിക്കു.
ഫൊക്കാനയുടെ ഔദ്യോഗിക ഭരണ നിര്‍വഹണം നടത്തുന്നത് എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണല്‍ കമ്മിറ്റി, ട്രസ്റ്റി ബോര്‍ഡ് എന്നിവ ചേര്‍ന്നാണ്. ഇതില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണപരമായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. നാഷണല്‍ കമ്മിറ്റി ഒരു വിശാല അംഗത്വ സമിതിയാണ്. ഇതില്‍ എക്സിക്യൂട്ടീവ് അംഗങ്ങളും ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് – സെക്രട്ടറി, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ , റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന മൂന്ന് സമിതികളും ഉള്‍പ്പെടുന്നു. ഫൊക്കാന ഭരണ ഘടന പ്രകാരം ജനറല്‍ കൗണ്‍സില്‍ (ഓരോ സംസ്ഥാനത്തെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി ) ആണ് സംഘടനാ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടതും മറ്റ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതും. ഫൊക്കാന ബൈ ലാ പ്രകാരം പ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്വസാന്നിധ്യത്തിലൂടെ മാത്രമേ വോട്ടുരേഖപ്പെടുത്താനാകൂ.
കൊറോണ വൈറസ് വ്യാപനത്തോടനുബന്ധിച്ചുള്ള നിയന്ത്രണ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനറല്‍ കൗണ്‍സില്‍ ചേരുവാനോ തീരുമാനങ്ങള്‍ എടുക്കുവാനോ, തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടപ്പാക്കാനോ കഴിയാത്ത സാഹചര്യത്തില്‍ ഫൊക്കാനയുടെ നിയമാവലി അനുസരിച്ച് നാഷണല്‍ കമ്മിറ്റിയാണ് അടുത്ത നിര്‍വഹണ അധികാര കേന്ദ്രം.
ഫൊക്കാന ട്രസ്റ്റി ബോര്‍ഡിന്റെ കര്‍ത്തവ്യം നിലനില്‍ക്കുന്ന നിയമാവലിയും വ്യവസ്ഥകളും നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക എന്നതുമാത്രമാണ്. അലിഖിതമായ മറ്റ് അധികാരങ്ങളൊന്നും തന്നെ ട്രസ്റ്റി ബോര്‍ഡില്‍ നിക്ഷിപ്തമല്ല.
മഹാമാരിയുടെ ഇക്കാലത്ത് ആഘോഷങ്ങളും കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും ഒഴിവാക്കി മൂന്ന് മാസങ്ങള്‍ക്ക് ശേഷം യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്നാണ് നാഷണല്‍ കമ്മിയിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഏക കണ്ഠമായി തീരുമാനിച്ചത്. എന്നാല്‍ ട്രസ്റ്റി ബോര്‍ഡിലെ ചില അംഗങ്ങള്‍ ഉപരി സമിതികളുടെ അംഗീകാരമോ, അറിവോ ഇല്ലാതെ അനധികൃതമായി ഫൊക്കാനയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമം നടത്തിയിരിക്കുകയാണ്. ഇതിനെതിരെ ഫൊക്കാന നാഷണല്‍ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. മാത്രമല്ല വിമത ശബ്ദമുയര്‍ത്തിയ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെ അനുരഞ്ജന സംഭാഷണത്തിനും ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏഴ് നിര്‍ദ്ദേശങ്ങള്‍ ഫൊക്കാന ഔദ്യോഗിക നേതൃത്വം മുന്നോട്ടുവച്ചെങ്കിലും ഭിന്നിപ്പിന്റെ വക്താക്കള്‍ക്ക് മുന്നോട്ടു വയ്ക്കുവാനോ അവതരിപ്പിക്കുവാനോ വാദഗതികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗതീരുമാനങ്ങള്‍ എല്ലാം വ്യക്തമായി തന്നെ അംഗങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
സംഘടനയ്ക്ക് പുതിയ ഭാരവാഹികള്‍ വരുന്നതു വരെ സംഘടനാ കാര്യങ്ങള്‍ സുതാര്യമായി തന്നെ നിലവിലെ സാരഥികള്‍ നോക്കി നടത്തുമെന്ന് പ്രസിഡന്റ്, സെക്രട്ടറി, കണ്വന്ഷന് ചെയര്മാന് എന്നിവര്‍ അറിയിച്ചിട്ടുള്ളതാണ്. നേരത്തെ സൂചിപ്പിച്ച പ്രകാരം കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും നടത്തുന്നതിന് സെപ്തബറില്‍ ജനറല്‍ കമ്മിറ്റി വിളിച്ച് നടപടികള്‍ സ്വീകരിക്കും. ഇതിനിടയില്‍ ഫൊക്കാന ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന കൊറോണ പ്രതിരോധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.ഫെക്കാനയുടെ ഔദ്യോഗിക സെക്രട്ടറിയും പ്രസിഡന്റും ഭാരവാഹികളും ഉള്‍പ്പെടുന്ന നാഷണല്‍ കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ പ്രസ്ഥാനത്തില്‍ വിഭാഗീയത സൃഷ്ടിച്ച് അനധികൃതമായി തെരഞ്ഞെടുപ്പ് നടത്താനാണ് അധികാരമില്ലാത്ത ട്രസ്റ്റി ബോര്‍ഡിലെ ചില അംഗങ്ങളുടെ നീക്കം. ഇവരുടെ നീക്കം ഫൊക്കാനയെന്ന മഹനീയ പ്രസ്ഥാനത്തെ സമൂഹത്തിന് മുന്നില്‍ കളങ്കപ്പെടുത്തുവാനാണ്.
ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ മത്സരത്തിനും വിഭാഗീയതയ്ക്കും വേണ്ടിയുള്ള ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളുടെ നീക്കം പ്രവാസി സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. യു എസിലെ മലയാളി സമൂഹത്തെയും മാതൃ സംഘടനയായ ഫൊക്കാനയേയും കരി തേക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയണം. അതേസമയം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സംഘടനയുടെ കീഴിലുള്ള മെംബര്‍ അസോസിയേഷനുകള്‍ ഓഗസ്റ്റ് 15 ന് അകം അംഗത്വം പുതുക്കേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.പ്രസിഡന്റ് ബി മാധവന് നായര്‍ , സെക്രട്ടറി ടോമി കോക്കാട്, കണ്വെന്ഷന് ചെയര്മാന് ജോയ് ചാക്കപ്പന് , എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകുമാര്‍ ഉണ്ണിത്താന്, എബ്രഹാം കളത്തില്‍, ഡോ.സുജ ജോസ്, വിജി നായര്‍, ലൈസീ അലക്സ് ,, ഷീലാ ജോസഫ് എന്നിവര്‍ തീരുമാനങ്ങള്‍ അറിയിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: