അടുത്ത ശ്ലോകത്തോടെ ആത്മസ്വരൂപ വിവരണം അവസാനിക്കുന്നു.
ശ്ലോകം -225
സത്യം ജ്ഞാനമനന്തം ബ്രഹ്മ
വിശുദ്ധം പരം സ്വതഃസിദ്ധം
നിത്യാനന്ദൈകരസം പ്രത്യഗ-
ഭിന്നം നിരന്തരം ജയതി
സത്യവും ജ്ഞാനവും അനന്തവും വിശുദ്ധവും പരവും സ്വതഃസിദ്ധവും നിത്യാനന്ദ ഏകരസവും പ്രത്യഗഭിന്നവും ആയ ബ്രഹ്മം എപ്പോഴും വിജയിച്ചിരിക്കുന്നു.
പരമാത്മാവിന്റെ പേരുകളോ വിശേഷണപദങ്ങളോ ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
സത്യം- ത്രികാല അബാധിതമായതാണ് സത്യം. മൂന്ന് കാലത്തും ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നത്. കാലത്രയേപി തിഷ്ഠതി എന്നും പറയാം. കഴിഞ്ഞ കാലം (ഭൂതം) ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാലം (വര്‍ത്തമാന), വരാന്‍ പോകുന്ന കാലം (ഭാവി) എന്നിവയിലെല്ലാം ഒരു തരത്തിലുള്ള മാറ്റവും സംഭവിക്കാതെ ഒരു പോലെ നിലനില്‍ക്കുന്നതാണ് സത്യം.
ജ്ഞാനം- അറിവ് തന്നെ. എല്ലാ അറിവുകളേയും ബോധിക്കുന്ന ശുദ്ധ ജ്ഞാനമാണിത്. ജ്ഞാനം എന്നാല്‍ വിഷയജ്ഞാനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ആത്മജ്ഞാനം തന്നെയാണ് ശരിയായ ജ്ഞാനം. അത് അനുഭവമായി മാറുകയും വേണം.
അനന്തം- അവസാനമില്ലാത്തത്. തുടക്കവും ഒടുക്കവും അറിയില്ല. ഉണ്ടായതല്ല, എന്നുമുള്ളതാണ് എന്നും അറിയണം. സാധാരണ നാം അറിയുന്ന എല്ലാം എപ്പോഴെങ്കിലും ഉണ്ടായി നില നിന്ന് നശിക്കുന്നതാണ്. ഇവയ്‌ക്കെല്ലാം അപ്പുറമാണ് അത്.
സത്യം ജ്ഞാനമനന്തം ബ്രഹ്മ എന്നാണ് ഉപനിഷത്ത് പ്രഖ്യാപിക്കുന്നത്. സത്യവും ജ്ഞാനവും അനന്തവുമാണ് ബ്രഹ്മം. എന്നും എപ്പോഴും യാതൊരു മാറ്റവുമില്ലാതെ സ്ഥിരമായിരിക്കുന്നതും ശുദ്ധ ബോധസ്വരൂപമായിരിക്കുന്നതും ഒരിക്കലും നാശമില്ലാത്ത സ്വഭാവത്തോടു കൂടിയതുമാണത്.
വിശുദ്ധം- ഒരു തരത്തിലുള്ള മാലിന്യവും ഏല്‍ക്കാത്തത്. ഒരു കളങ്കവുമേല്‍ക്കാത്തത്. അതില്‍ നിന്ന് വേറിട്ട് മറ്റൊന്നണ്ടെങ്കിലല്ലേ. ഭൗതിക വസ്തുക്കളുടെ സ്പര്‍ശമേല്‍ക്കാതെ അവയ്‌ക്ക് അതീതമായിരിക്കുന്നതിനാലാണ് വിശുദ്ധം എന്ന് പറയുന്നത്. അതില്‍ കലരാനായി ഒന്നുമില്ല. അത് മാത്രമേയുള്ളൂ. ജീവന്റെ മാലിന്യം വാസനകളാണ്. അവ നീങ്ങിയാല്‍ ജീവന്‍ വിശുദ്ധമായി.
പരം- എല്ലാറ്റിനും മേലെയുള്ളത്. ശരീരം, മനസ്സ്, ബുദ്ധി എന്നിവയ്‌ക്കെല്ലാം അതീതമായിരിക്കുന്നത്. എല്ലാ ഉപാധികള്‍ക്കും മേലെയാണ്. ഉപാധികളില്‍ അഭിമാനിക്കന്ന ജീവനും അനുഭവമണ്ഡലമായ ജഗത്തുമൊക്കെ നിസ്സാരം.
സ്വതഃസിദ്ധം- തന്നത്താന്‍ കിട്ടുന്നത്. മറ്റൊന്നിന്റെ സഹായമില്ലാതെ അറിയാവുന്നത്. അറിയാന്‍ വേണ്ടതായ കരണങ്ങളൊന്നും ഇവിടെ വേണ്ട. സ്വയം വെളിവാക്കുന്നതിനാല്‍ ഇതിനെ അറിയാന്‍ മറ്റൊന്ന് വേണ്ടേ വേണ്ട. സ്വയം പ്രകാശവും ശുദ്ധ ബോധവുമായ അത് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നു.
നിത്യാനന്ദൈകരസം- നിത്യാനന്ദമായ ഏക രസമാണ്. നിത്യവും ആനന്ദവും ഏകരസവുമാണ്.നിത്യം ആനന്ദത്തെ നല്‍കുന്ന ഏക രസമാണ്.
നിത്യാനന്ദമെന്നാല്‍ എന്നുമുള്ള ആനന്ദം.
ബ്രഹ്മസ്വരൂപം വെറും ആനന്ദമല്ല അത് ആനന്ദ രസമാണ്. അതുപോലെ മറ്റൊന്നില്ല. ഏക രസം തന്നെ അത്. സാധാരണ നമ്മള്‍ അനുഭവിക്കുന്നത് വിഷയാനന്ദമാണ്. അതിന് തുടര്‍ച്ചയില്ല.അനുഭവിക്കുമ്പോഴേക്കും തീര്‍ന്നു. ക്ഷണികമാണ്. ഓരോ വസ്തുവുമായും ബന്ധപ്പെട്ട ആനന്ദം ഓരോ തരത്തിലാണ്. ഓരോന്നും ഓരോ തോതിലും അളവിലുമാണ്. എന്നാല്‍ ബ്രഹ്മാനന്ദം നിത്യവും ഏക രസവുമാണ്. അത് ഇടതടവില്ലാതെ, നിരന്തരമായുള്ള സാന്ദ്രാനന്ദം തന്നെ.
പ്രത്യഗഭിന്നം- പ്രത്യഗാത്മാവ് എന്നറിയപ്പെടുന്ന ജീവാത്മാവില്‍ നിന്ന് ഭിന്നമല്ലാത്തത്. തന്നില്‍ നിന്ന് ആത്മാവില്‍ നിന്ന് വേറിട്ടതല്ല ബ്രഹ്മം.എല്ലാറ്റിന്റേയും ആത്മസ്വരൂപമായുള്ളതാണത്. എല്ലാവരിലും കുടികൊള്ളുന്ന സര്‍വാത്മാവാണ് ബ്രഹ്മം.അങ്ങനെയുള്ള ബ്രഹ്മം എല്ലാ ജീവജാലങ്ങളിലും അന്തര്യാമിയായി നിരന്തരം വിജയിച്ച് വിരാജിക്കുന്നു. ബ്രഹ്മമല്ലാതെ മറ്റൊന്നിനെ എങ്ങും കാണാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക