തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശിയും അധികാരിയും തിരുവിതാംകൂര്‍ രാജകുടുംബമാണെന്ന വിധിയിലേക്കെത്താന്‍ സുപ്രീം കോടതിയെ സഹായിച്ചത് ക്ഷേത്രത്തിന്റെ സുവ്യക്തമായ ചരിത്രം തന്നെ. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നടന്ന വിശദമായ ചര്‍ച്ചയിലെ പ്രസക്ത ഭാഗങ്ങള്‍ സുപ്രീം കോടതി വിധിയില്‍ എടുത്ത് പറഞ്ഞിട്ടുമുണ്ട്.
ക്ഷേത്രത്തിന്റെ ഉത്ഭവം അവ്യക്തമാണെങ്കിലും ആധുനിക ചരിത്രം തിരുവിതാംകൂര്‍ രാജ്യത്തിന്റെ (വേണാട്) സ്ഥാപകന്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ സ്ഥാപിക്കുന്നതിന് 200 കൊല്ലം മുമ്പ് ക്ഷേത്രത്തിന്റെ നിയന്ത്രണം എട്ടരയോഗത്തിനായിരുന്നു. ഓരോ വോട്ടു വീതമുള്ള ഏഴു പോറ്റിമാരും നായര്‍ പ്രമാണിയും അരവോട്ടു മാത്രമുള്ള രാജാവും. ക്ഷേത്രസ്വത്ത് നോക്കി നടത്തിയിരുന്നത് എട്ടു വീട്ടില്‍ പിള്ളമാര്‍ ആയിരുന്നു. അന്ന് രാജാവിന് ക്ഷേത്രത്തില്‍ വലിയ അധികാരമൊന്നും ഉണ്ടായിരുന്നില്ല.
പോറ്റിമാരും എട്ടുവീട്ടില്‍ പിള്ളമാരും ചേര്‍ന്ന് പരമ്പരാഗതമായി, രാജാവിന്റെ അനന്തരവന് ലഭിച്ചിരുന്ന രാജാവകാശം (മരുമക്കത്തായം) അന്നത്തെ രാജാവിന്റെ മകന് നേടി നല്‍കാന്‍ ശ്രമമായി, യുദ്ധമായി. കിരീടാവകാശി മാര്‍ത്താണ്ഡവര്‍മ്മയും അനുകൂലികളും ഒരു വശത്തും എട്ടുവീട്ടില്‍ പിള്ളമാരും പോറ്റിമാരും രാജാവിന്റെ മകനും മറുവശത്തും. വളരെയേറെ നീണ്ട പോരില്‍ വിജയിച്ചത് മാര്‍ത്താണ്ഡവര്‍മ്മ. തീപിടിത്തത്തില്‍ തകര്‍ന്നു നശിച്ചു കിടന്ന ക്ഷേത്രം അദ്ദേഹം ഏറ്റെടുത്ത് നവീകരിച്ചു. പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചു. പിന്നീട് രാജാവ് അധികാരവും രാജ്യം തന്നെയും ശ്രീപദ്മനാഭന് അടിയറ വച്ച് ‘പദ്മനാഭ ദാസ’നായി മാറി. 1729 മുതല്‍ 1758 വരെയാണ് മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറും പദ്മനാഭസ്വാമി ക്ഷേത്രവും ഭരിച്ചത്. തൃപ്പടി ദാനം എന്നായിരുന്നു രാജ്യം തന്നെ ശ്രീപദ്മനാഭന് അടിയറ വച്ച ആ മഹല്‍ പ്രവര്‍ത്തിയുടെ പേര്. 1750 ജനുവരി20 (മലയാള മാസം 925 മകരം 5) കന്യാകുമാരി മുതല്‍ പറവൂര്‍ വരെ വളര്‍ന്നു പന്തലിച്ച രാജ്യമാണ് പദ്മനാഭന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചത്. അങ്ങനെ തിരുവിതാംകൂര്‍ രാജാവിന്റെ നിയന്ത്രണത്തിലും ഭരണത്തിലുമായിരുന്നു പദ്മനാഭസ്വാമി ക്ഷേത്രം.
പിന്നീട് തികച്ചും ദുര്‍ബ്ബലരായിരുന്ന ഗൗരി ലക്ഷ്മി ബായി (1810 മുതല്‍ 15 വരെ) ഗൗരി പാര്‍വ്വതീ ബായി (1815 മുതല്‍ 1829 വരെ) എന്നിവരുടെ കാലത്ത് ദിവാന്റെ അധികാരം കൈക്കലാക്കിയ കേണല്‍ മണ്‍ട്രോയാണ് തിരുവിതാംകൂറിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ രാജ്യത്ത് സ്വകാര്യ ക്ഷേത്രങ്ങള്‍ അടക്കം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെ ഗൗരി ലക്ഷ്മി ബായിയാണ് 17.09.1811 ല്‍ ക്ഷേത്രങ്ങള്‍ ഏറ്റെടുത്ത് പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളും ക്ഷേത്ര സ്വത്തുക്കളും എല്ലാം തിരുവിതാംകൂറിന്റെയായി. അവ ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുമായി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ടു. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സമ്പത്തിക നിലയും അഭിവൃദ്ധിപ്പെട്ടിരുന്നു.
പണം ആവശ്യമുള്ള സമയത്തെല്ലാം രാജകുടുംബം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പണം വായ്പയായി എടുക്കുകയും കൃത്യസമയത്ത് അത് പലിശ സഹിതം മടക്കി നല്‍കുകയും ചെയ്തിരുന്നു. 1950ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ടിസി ആക്ട്പ്രകാരം ക്ഷേത്രങ്ങള്‍ ഏറ്റെടുത്തു. ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്താണ് ക്ഷേത്രങ്ങള്‍ ബോര്‍ഡ് ഏറ്റെടുത്തത്.
എന്നാല്‍ പദ്മനാഭസ്വാമി ക്ഷേത്രം തിരുവിതംകൂര്‍ രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ തന്നെ തുടര്‍ന്നു. പക്ഷെ പൊതു ക്ഷേത്രമായിട്ടാണ് കരുതിയിരുന്നത്. തിരുവിതാംകൂര്‍ രാജാവിന്റേയോ രാജകുടുംബത്തിന്റേയോ സ്വകാര്യ സ്വത്തായി ഒരിക്കലും കണക്കാക്കിയിരുന്നില്ല. 1949 ല്‍ തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ച് ഇന്ത്യാമഹാരാജ്യവുമായി ലയിപ്പിക്കുന്ന സമയം വരെ ഇങ്ങനെ തന്നെ തുടര്‍ന്നു. ഇക്കാര്യം ലയനത്തില്‍ മുഖ്യപങ്കുവഹിച്ച വി.പി. മേനോന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാശനം നല്‍കാന്‍ തീരുമാനിച്ചപ്പോഴും ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണം മഹാരാജാവിന് തന്നെ നല്‍കി. അദ്ദേഹം നിയമിക്കുന്ന എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഭരണം നിര്‍വ്വഹിക്കേണ്ടത്. തിരുക്കൊച്ചിയെ ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിക്കുന്നതു സംബന്ധിച്ച കവനന്റില്‍ (ഉടമ്പടി) ഇക്കാര്യം ചേര്‍ത്തിട്ടുമുണ്ട്. കവനന്റ് പ്രകാരം തിരുക്കൊച്ചിയുടെ ഭരണാധിപനായി രാജപ്രമുഖനെ നിയമിച്ചു. തിരുവിതാംകൂര്‍ രാജാവായിരുന്നു ആദ്യ രാജപ്രമുഖന്‍. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണവും രാജപ്രമുഖനില്‍ തന്നെയായി. കവനന്റില്‍ ഒപ്പിട്ടിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1991 ജൂലൈ 20 ന് മരണമടഞ്ഞു. അതിനു ശേഷം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയായി തിരുവിതാംകൂര്‍ രാജാവും ക്ഷേത്ര ഭരണാധികാരിയും.
പിന്നീട് ക്ഷേ്രതസ്വത്ത് ചിലര്‍ കടത്തുന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് വിവാദം ഉടലെടുത്തതും ബി നിലവറ തുറന്ന് സ്വത്ത് കണക്കാക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നതും. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. അതിനെതിരെ നല്‍കിയ അപ്പീലില്‍ പോലും ക്ഷേത്രവും ക്ഷേത്ര സ്വത്തും തങ്ങളുടെയാണെന്ന വാദം രാജകുടുംബം ഉന്നയിച്ചിട്ടില്ലെന്നും ക്ഷേത്രത്തിന്റെ ഭരണാധികാരം തങ്ങള്‍ക്കാണെന്നു മാത്രമാണ് രാജകുടുംബം അവകാശപ്പെട്ടതെന്നും സുപ്രീം
കോടതി അന്തിമവിധിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഇത് പൊതുക്ഷേത്രമാണെന്ന് വ്യക്തമാക്കാന്‍ രാജകുടുംബം മടിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പഴയ കാലം മുതല്‍ക്കെ രാജകുടുംബമാണ് ഭരണം നിര്‍വ്വഹിച്ചിരുന്നതെന്നും കോടതി രേഖകള്‍ ഉദ്ധരിച്ച് വ്യക്തമാക്കി. നാശോന്മുഖമായ ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയതും രാജാവാണ്. അതിനു മുന്‍പും ക്ഷേത്രഭരണത്തില്‍ രാജാവിന് പങ്കുണ്ടായിരുന്നു. ക്ഷേത്രത്തിനു വേണ്ടി സ്വത്തും അവര്‍ നല്‍കി. മാത്രമല്ല കുടുംബ ദേവനായിട്ടാണ് അവര്‍ പദ്മനാഭ സ്വാമിയെ കണ്ടിരുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇന്നും കുടുംബത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ ക്ഷേത്ര ശ്രീകോവിലിനു മുന്‍പില്‍ എത്തിച്ച് പദ്മനാഭ ദാസനായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടത്തിവരുന്നുണ്ട്. പെണ്‍കുട്ടികളെ സേവിനിയായും പ്രഖ്യാപിക്കും. ദിവസവും പദ്മനാഭ ദാസന്മാര്‍ ശ്രീ പദ്മനാഭനെ ഒറ്റയ്‌ക്ക് ദര്‍ശിക്കുന്ന പതിവുമുണ്ട്. ക്ഷേത്രച്ചടങ്ങുകളില്‍ പോലും പദ്മനാഭ ദാസന്മാര്‍ അവിഭാജ്യ ഘടകമാണ്. തൃപ്പടിദാനവും കോടതി പരാമര്‍ശിച്ചു. ചരിത്രമായാലും വിശ്വാസമായാലും ക്ഷേത്രച്ചടങ്ങുകള്‍ ആയാലും എല്ലാത്തിലും രാജകുടുംബത്തിന്റെ സജീവ സാന്നിധ്യം അനിവാര്യമായിരുന്നു. ക്ഷേത്രത്തിന് മേല്‍ രാജകുടുംബത്തിനുള്ള അവകാശവും സുപ്രീം കോടതി വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: