സമീപകാലത്ത് അപൂര്‍വ്വമായി മാത്രമേ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി നടപടികള്‍ ഇത്ര വേഗത്തില്‍ സൂക്ഷ്മ , ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) പുനരുജ്ജീവനത്തിനായി സ്വീകരിക്കപ്പെട്ടിട്ടുള്ളു.
ഇന്ത്യയിലെ 6.33 കോടി എംഎസ്എംഇ യൂണിറ്റുകള്‍ രാജ്യത്തിന്റെ ജിഡിപിയുടെ 30 ശതമാനവും, കയറ്റുമതിയുടെ 50 ശതമാനവും സംഭാവന ചെയ്യുകയും, 11 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു.
കൊറോണ കാലത്ത്, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരിയും, ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും ഒരുമിച്ച് എംഎസ്എംഇ മേഖലയെ സഹായിക്കുവാനായി നിരവധി നടപടികള്‍ സ്വീകരിച്ചു എന്നത് സ്വാഗതാര്‍ഹം. ഇതിന്റെ നടത്തിപ്പിലാണ് ശരിക്കും ഇനി നാം ശ്രദ്ധിക്കേണ്ടത്. ഒരു മന്ത്രിയോ സെക്രട്ടറിയോ ഒരു ബാങ്ക് ചെയര്‍മാനോ മാത്രം വിചാരിച്ചാല്‍ ഒരു പദ്ധതിയും വിജയിക്കില്ല.
ഉദാഹരണത്തിന് എസ്ബിഐ ചെയര്മാന് തന്റെ അവലോകനങ്ങളുടെ പകുതി സമയം എംഎസ്എംഇ വായ്പ പദ്ധതികള്‍ക്കായും അവയുടെ ഫലപ്രാപ്തി എത്രത്തോളം ഉണ്ടെന്നറിയാനും മാത്രമായി ചെലവഴിക്കുന്നു.
മറ്റ് ബാങ്ക് മേധാവികളും ഇതേ രീതി തന്നെ പിന്തുടരുന്നു. 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ പാക്കേജില്‍ കുറഞ്ഞത് 3.90 ലക്ഷം കോടി രൂപയാണ് എംഎസ്എംഇ മേഖലയ്ക്ക് മാത്രമായി വകയിരുത്തിയിരിക്കുന്നത്. എംഎസ്എംഇകളുടെ, അധിക വായ്പകള്‍ക്ക് സര്‍ക്കാര്‍, ബാങ്കുകള്‍ക്ക് ഗ്യാരന്റി നല്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ഗ്യാരണ്ടീഡ് ക്രെഡിറ്റ് സ്കീം സ്റ്റാന്‍ഡേര്‍ഡ് നോണ്‍ സ്ട്രെസ്സ്ഡ് യൂണിറ്റുകളെ സഹായിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപ്രകാരം,15 ശതമാനം വരെ ഇക്വിറ്റിക്ക് തുല്യമായ തുകയോ, അല്ലെങ്കില്‍ 75 ലക്ഷം രൂപയോ 2018 ഏപ്രില്‍ ഒന്നിന് ശേഷം പ്രതിസന്ധിയിലായ അല്ലെങ്കില്‍ എന്‍പിഎ (നിഷ്ക്രിയ ആസ്തി)കളായി മാറിയ എംഎസ്എംഇകളുടെ പ്രമോട്ടര്‍മാര്‍ക്ക് വായ്പയായി ലഭിക്കും. വായ്പ പ്രമോട്ടര്‍മാരുടെ പേരിലായിരിക്കും. അത് പിന്നീട് സബോര്‍ഡിനേറ്റഡ് കടമായി മാറ്റാന്‍ കഴിയും. 7 വര്‍ഷത്തെ മൊറട്ടോറിയം ലഭിക്കുന്ന ഈ വായ്പയുടെ തിരിച്ചടയ്ക്കാനുള്ള കാലാവധി 10 വര്‍ഷമായിരിക്കും. ഇതിനായി ബാങ്കുകള്‍ക്ക് 90 ശതമാനം ഗ്യാരണ്ടി കവര്‍ ലഭിക്കും. സ്ട്രെസ്ഡ് അക്കൗണ്ടുകള്‍ക്കായി ആത്മനിര്‍ഭര്‍ പാ
ക്കേജ് വഴി 20,000 കോടി രൂപ നല്കുന്നു. 25 കോടി രൂപ വരെ വായ്പയുള്ള എംഎസ്എംഇ യൂണിറ്റുകളുടെ പുനരുദ്ധാരണം, വായ്പകളെ എന്‍പിഎകളായി തരംതിരിക്കാതെ ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ചെയ്യാമെന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ പറഞ്ഞിരുന്നു (സാധാരണ ഗതിയില്‍, ഏതെങ്കിലും വായ്പയെ റീ സ്ട്രക്ച്ചര്‍ ചെയ്യുമ്പോള്‍ അക്കൗണ്ടിനെ എന്‍പിഎയായി തരംതാഴ്ത്തുന്നതിന് ഇടയാക്കും). ഡിസംബര്‍ 31, 2020 വരെ ഈ സൗകര്യം ലഭ്യമായിരിക്കും
എസ്ബിഐ ഉള്‍പ്പടെയുള്ള പല ബാങ്കുകളും പുന:സംഘടനയ്ക്ക് വളരെ ഉദാരമായ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫണ്ടഡ് ഇന്റെറസ്റ്റ് ടേം ലോണ്‍ (എഫ്ഐടിഎല്), വര്‍ക്കിങ് ക്യാപിറ്റല്‍ ടേം ലോണ്‍ (ഡബ്ല്യുസിടിഎല്) എന്നിവയ്ക്ക് ആദ്യത്തെ വര്‍ഷം പലിശ ഈടാക്കില്ല. കാരണം ആദ്യ വര്‍ഷം മൊറട്ടോറിയം ആയിട്ടാണ് പരിഗണിക്കുന്നത്. പുന:സംഘടനയ്ക്കുശേഷം ആദ്യ വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ധനനഷ്ടം പരിഹരിക്കുന്നതിന് ഡബ്ല്യുസിടിഎല്ലിന്റെ രണ്ടാമതൊരു ഗഡുവിനും
ഈ യൂണിറ്റുകള്‍ക്കും അര്‍ഹതയുണ്ട് .25 കോടി രൂപ വരെ വായ്പയുള്ള എംഎസ്എംഇ യൂണിറ്റുകളില്‍ ഭൂരിഭാഗവും ഈ സ്കീം വഴി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപ അധികം നല്‍കുകയും 116 ജില്ലകളിലെ തൊഴിലാളികള്‍ക്ക് 125 ദിവസത്തെ വര്‍ക് ഷീറ്റും നല്‍കുക വഴി ജനങ്ങളുടെ കയ്യില്‍ പണം നേരിട്ടെത്തുമെന്നും അതുവഴി ഡിമാന്‍ഡ് സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിനാല്‍ പണം ആളുകളുടെ കൈകളിലെത്തുക എന്നതാണ് പ്രധാനം.
സംരംഭകര്‍ക്ക് വേണ്ടിയുള്ള എമര്‍ജന്‍സി ഗ്യാരണ്ടി വായ്പയോ സബോര്‍ഡിനേറ്റഡ് കടമോ ആകട്ടെ, നടപ്പാക്കല്‍ സുഗമമായിരിക്കണം. വ്യവസായം, സേവനം, ബിസിനസ് എന്നിവ ഉള്‍പ്പെടുന്ന പുനഃസംഘടന നടത്തുവാന്‍ ബാങ്ക് ശാഖകള്‍ക്ക് അടുത്ത 5 മുതല്‍ 8 വര്‍ഷത്തേക്ക് സാമ്പത്തിക പ്രസ്താവനകളും വിശകലനങ്ങളും ആവശ്യമാണ്
പുനഃസംഘടന പാക്കേജ് നടപ്പിലാക്കുന്നത് 5 ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു
- പുന:സംഘടന കാലയളവിലെ ലാഭനഷ്ടം സംബന്ധിച്ച് വായ്പക്കാരന്റെ വിശകലനം എന്താണ്? അടിസ്ഥാനപരമായ വിശകലനത്തിനൊപ്പം അനുമാനിക്കപ്പെടുന്ന ബാലന്‍സ് ഷീറ്റും അത്യാവശ്യമാണ്
- ഇവിടെ, വായ്പയുടെ വലുപ്പം പരിഗണിക്കാതെ, എല്ലാവര്ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുള്പ്പെടുന്ന സാമ്പത്തിക വിദഗ്ധരുടെ ഉപദേശം ആവശ്യമായി വന്നേക്കാം. കടം വാങ്ങുന്നയാളുടെ ബിസിനസ് ആന്തരികമായി ലാഭകരമാണോയെന്നും വരും വര്‍ഷങ്ങളിലെ വിറ്റുവരവിനെ കുറിച്ചുള്ള അനുമാനങ്ങള്‍, പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാണോ എന്നും ബാങ്കുകള്‍ വേഗത്തില്‍ വിലയിരുത്തേണ്ടതാണ് .
- ലാഭകരമാണെന്ന് കണ്ടെത്തിയാല്‍, ബാങ്കുകള്‍ക്ക് ഉദാരമായ പുന:സംഘടനയ്ക്ക് അവസരം നല്കുകയാണെങ്കില് വായ്പക്കാരന് സുഗമമായ തിരിച്ചടവിന് സമയം ലഭിക്കും .
- മിക്കപ്പോഴും, കടുത്ത വ്യവസ്ഥകള്‍ പരിഹാരത്തെ രോഗത്തെക്കാള്‍ ഗുരുതരമാക്കുന്നു. ബലൂണിംഗ് തിരിച്ചടവ്, കുറഞ്ഞ പലിശനിരക്ക്, അധിക ധനലഭ്യതയ്ക്കുള്ള അവസരം പോലുള്ള ഉപയോഗപ്രദമായ ഓപ്ഷനുകള്‍ക്കായി ബാങ്കുകള്‍ തയ്യാറാവണം
- ‘യെസ്’ അല്ലെങ്കില്‍ ‘നോ’ എന്ന് പെട്ടെന്ന് പറയാന്‍ ബാങ്കുകള്‍ തയ്യാറാവണം. 6 മാസത്തിനു ശേഷം ‘യെസ്’ എന്ന് പറയുന്നതിനേക്കാള്‍ നല്ലതാണ് ഒരാഴ്ചയ്ക്കുളില്‍ ‘നോ’ എന്ന് പറയുന്നതെന്നും ബാങ്കുകള്‍ ഓര്‍ക്കണം. കാരണം സമയത്തിന് പണത്തിനോളം ഇന്നത്തെ കാലത്ത് പ്രാധാന്യമുണ്ട് .
സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതികളുടെ നടത്തിപ്പ് ഏകോപിപ്പിക്കാനും മോണിറ്റര്‍ ചെയ്യാനുമായി ഒരു സെല്‍ രൂപീകരിച്ചു കഴിഞ്ഞു. നല്ല കാര്യം. കേന്ദ്രത്തോട് കൈകോര്‍ത്തു നമ്മുടെ ചെറിയ സംരംഭകരെ സഹായിക്കാന്‍ സംസ്ഥാനത്തിന് കഴിയട്ടെ.
50,000 കോടി രൂപ വരെയുള്ള ഇക്വിറ്റി സപ്പോര്‍ട്ടിനായുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് അറിവ്. എംഎസ്എംഇകളെ നന്നായി പരിപാലിക്കാനുള്ള നടപടികളാണിതെല്ലാം. നടപ്പാക്കുന്ന ഘട്ടത്തില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: