Categories: Thiruvananthapuram

വീട് ‘പഞ്ചറായാലും’ ജാക്കിവച്ചുയര്‍ത്തി പരിഹരിക്കാം

Published by

നെടുമങ്ങാട്: വാഹനങ്ങളുടെ ടയര്‍ പഞ്ചറായാല്‍ നമ്മള്‍ ജാക്കിവെച്ചുയര്‍ത്തി ടയര്‍ മാറും. എന്നാല്‍ വീടിന്റെ അറ്റകുറ്റപണിക്ക് ജാക്കി ഉപയോഗിക്കാനാവുമോ. സംശയിക്കണ്ട് വീടിന്റെ ഉയരം കൂട്ടുന്നതിന് ഇരുനില വീട് അപ്പാടെ ജാക്കി വെച്ചുയര്‍ത്തുകയാണ്.

നെടുമങ്ങാട് പറണ്ടോട് തെക്കുംകരയില്‍  വിനോദിന്റെ വീടാണ് 250 ലധികം ജാക്കികള്‍ വച്ച് ഉയര്‍ത്തുന്നത്. കഴിഞ്ഞ പ്രളയകാലത്തു വീട്ടിലേക്കു വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായിരുന്നു. കൂട്ടത്തില്‍ പാമ്പുകളായിരുന്നു കനത്ത ഭീഷണി. അടുത്ത മഴയ്‌ക്കു മുമ്പ് പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന ആലോചനയ്‌ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് ജാക്കി വച്ചുയര്‍ത്തി വീടിന്റെ ഉയരം കൂട്ടാം എന്ന തീരുമാനത്തിലെത്തിയത്.

ഇതിനായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭൂമി ഹൗസ് ലിഫ്റ്റിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് മുന്നോട്ടുവന്നത്. കമ്പനി ഉടമ ഷിബുവും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഈ കഠിനപരിശ്രമത്തിനു പിന്നില്‍. 1100 സ്‌ക്വയര്‍ ഫീറ്റുള്ള ഇരുനില വീടാണ് ആറടിപ്പൊക്കത്തില്‍ ഉയര്‍ത്തുന്നത്. അടിസ്ഥാനത്തിനു തൊട്ടടുത്തു വച്ച് ചുവരുകള്‍ അറുത്തുമാറ്റി. തുടര്‍ന്ന് ജാക്കികള്‍ വച്ച് നാലുഭാഗവും ഒരുപോലെ ഉയര്‍ത്തും. ഓരോ അടി പൊക്കുന്നതിനനുസരിച്ച് കല്ലുകെട്ടും. പടിപടിയായാണ് ഉയര്‍ത്തുന്നത്.  

മഴവെള്ളം കയറാത്തത്ര പൊക്കത്തില്‍. വിനോദും കുടുംബവും തല്‍ക്കാലത്തേക്ക് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ അടിസ്ഥാനത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി പൊക്കമുള്ള വീട്ടിലേക്ക് മാറാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. പഴക്കമുള്ള കെട്ടിടങ്ങള്‍ ആണെങ്കിലും ജാക്കികള്‍ വെച്ചുയര്‍ത്തി ഉയരം കൂട്ടാമെന്നാണ് ഭൂമി ഹൗസ് ലിഫ്റ്റിങ് ഉടമ ഷിബു പറഞ്ഞത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by