തിരുവനന്തപുരം: കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനിടെ കേരള സംസ്ഥാന മത്സ്യ വികസന ഫെഡറേഷന് ക്ലിപ്തം (മത്സ്യഫെഡ്) ലെ ഒഴിവിലേക്ക് പരീക്ഷ. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) മുഖാന്തരം കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചതിന്റെ എഴുത്ത് പരീക്ഷാ ഈ മാസം 19ന് കൊച്ചിയില്‍. തിരുവനന്തപുരം ഉള്‍പ്പെടെ ഉള്ള ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരാനാകാതെ കുഴങ്ങുന്നു.
ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെ കൊച്ചി കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എഞ്ജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് പരീക്ഷ. ഒഎംആര്‍ ഷീറ്റു ഉപയോഗിച്ചുള്ള പരീക്ഷയാണ് നടത്തുന്നത്. കഴിഞ്ഞ മെയ് 27നാണ് മത്സ്യഫെഡിലെ വിവിധ തസ്തികളിലേക്ക് വിജ്ഞാപനം ഇറങ്ങിയത്. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ജൂണ്‍ 10 ആയിരുന്നു.
മാനേജിംഗ് ട്രെയിനി (മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്), ജൂനിയര്‍ എക്സിക്യൂട്ടീവ്, ക്വാളിറ്റി സൂപ്പര്‍വൈസര്‍ തുടങ്ങി 40 ഓളം ഒഴിവുകളിലേയ്ക്ക് പതിനായിരക്കണക്കിന് പേരാണ് അപേക്ഷിച്ചിട്ടുള്ളത്. വിവിധ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്ക് അതാത് ജില്ലയില്‍ പരീക്ഷയെഴുതാന്‍ സൗകര്യം ഒരുക്കുമ്പോളാണ് കൊച്ചിയില്‍ മാത്രം ഈ പരീക്ഷകള്‍ക്ക് സെന്റര്‍ ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി പരീക്ഷയായിരുന്നെങ്കില്‍ എല്ലാ ജില്ലകളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാമായിരുന്നു. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെ പതിനാല് ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിവിധ തസ്ഥികകളിലേയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
സാധാരണ രീതിയിലുള്ള ട്രെയിന്‍ സര്‍വ്വീസും ബസ്സ് സര്‍വ്വീസും ആരംഭിക്കാത്തതിനാല്‍ കൊച്ചിയില്‍ എത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. പലരും പരീക്ഷ ഉപേക്ഷിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും പരീക്ഷ മാറ്റിവയ്ക്കാന്‍ അധിക്യതര്‍ തയ്യാറായിട്ടില്ല.
കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടയില്‍ എങ്ങനെ കൊച്ചിയില്‍ എത്തുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചേദിക്കുന്നത്. ഈ സാഹചര്യത്തില്‍ പരീക്ഷ എഴുതുന്നവര്‍ വളരെ കുറവായിരിക്കുമെന്ന് സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അറിയാം. പിഎസ്സി ഉള്‍പ്പെടെ പരീക്ഷകള്‍ ഒന്നും നടത്തുന്നുമില്ല. എന്നിട്ടും തിടുക്കത്തില്‍ ഈ പരീക്ഷ നടത്തുന്നതില്‍ മറ്റെന്തെങ്കിലും ദുരുദ്ദേശമുണ്ടോ എന്നും ഉദ്യോഗാര്‍ത്ഥികള്‍ സംശയിക്കുന്നു.
എന്നാല്‍ പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മത്സ്യഫെഡ് ഒഴിഞ്ഞുമാറി. തങ്ങളല്ല, സിഎംഡിയാണ് പരീക്ഷ നടത്തുന്നതെന്ന് പറഞ്ഞ് കൈയൊഴിഞ്ഞിരിക്കുകയാണ് മത്സ്യഫെഡ് ചെയര്മാന് പി.പി. ചിതരഞ്ജന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: