ഏതൊരു പ്രതിസന്ധിയിലും നമ്മുടെ ”ദൃഢനിശ്ചയം”, എതിരാളികള്‍ അറിയേണ്ടതുണ്ട്. ഈ ”ദൃഢനിശ്ചയം” പലതവണ അജ്ഞാതമായി അവശേഷിക്കുകയും അവ്യക്തതയിലേക്ക് നയിക്കുകയും, അതുവഴി സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്യും. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ഈ അതിര്‍ത്തി പോരാട്ടത്തില്‍, ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് (ഘഅഇ) തിരിച്ചുപോകണമെന്ന വ്യക്തമായ സന്ദേശം ഭാരതം നല്‍കി. ഒരു രാജ്യവും അതിന്റെ ദേശീയ സ്വാഭിമാനവും അന്തസ്സും തകര്‍ക്കാന്‍ മറ്റൊരു രാജ്യത്തെ അനുവദിക്കില്ല. ഇന്ത്യയും ഒരിക്കലും അത്തരമൊരു ദുരുദ്ദേശം അനുവദിക്കില്ല.
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിന് ലഡാക്കിലെത്തിയത്. മുന്‍നിര സൈനികരെ കാണാനും അവരുമായി സംവദിക്കാനുമുള്ള അപ്രഖ്യാപിത സന്ദര്‍ശനമായിരുന്നു അത്. ഈ സന്ദര്‍ശന വേളയില്‍ അദ്ദേഹം സൈനികരെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ലഡാക്കിന്റെ തണുത്ത മരുഭൂമിയുടെ പര്‍വതനിരകളില്‍ നിന്നും ലോകമെമ്പാടും പ്രതിഫലിച്ചു. അതൊരു തന്ത്രപരമായ സന്ദേശമയയ്‌ക്കലായിരുന്നു. സമയം, സ്ഥാനം, ഉള്ളടക്കം, ഉദ്ദേശിച്ച പ്രേക്ഷകര്‍ എന്നിവയെല്ലാം അവിടെ കുറിക്കുകൊണ്ടു. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന മുന്‍നിര സൈനികര്‍ക്കായിരുന്നു ഏറ്റവും പ്രധാനപ്പെട്ട സന്ദേശം. യഥാര്‍ത്ഥ നിയന്ത്രണ രേഖ പുനര്‍നിര്‍മ്മിക്കാനുള്ള അപകടകരമായ ചൈനീസ് നീക്കങ്ങള്‍ക്കെതിരെ പോരാടുന്നവരാണ് സൈനികര്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യയിലെ 130 കോടി പൗരന്മാരുടെ പിന്തുണയായിട്ടാണ് അവര്‍ കാണുന്നത്. സൈനികരുടെ മനോവീര്യം ആകാശത്തോളം കുതിച്ചു കയറാന്‍ ഈ സന്ദര്‍ശനം സഹായിക്കും. ലളിതവും ചെറിയ ആവശ്യങ്ങള്‍ മാത്രം ഉള്ളവരുമാണ് നമ്മുടെ സൈനികര്‍. അവരെ സംബന്ധിച്ചിടത്തോളം രാജ്യത്തെ പരമോന്നത നേതൃത്വത്തിന്റെ സന്ദര്‍ശനം പരിധിയില്ലാത്ത സന്തോഷവും അഭിമാനബോധവും നല്‍കും.
വളരെ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിലും കാലാവസ്ഥയിലും ചൈനക്കാര്‍ക്കെതിരെ ഉറച്ചുനില്‍ക്കാന്‍ ഈ സന്ദര്‍ശനം അവരെ സഹായിക്കും. ചൈനയുടെ രാഷ്‌ട്രീയ സൈനിക നേതൃത്വമാണ് രണ്ടാമതായി പ്രധാനമന്ത്രി ഉദ്ദേശിച്ച പ്രേക്ഷകര്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖ ശക്തി ഉപയോഗിച്ച് മാറ്റാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമത്തെ ഭാരതം ഒരിക്കലും അംഗീകരിക്കില്ലെന്ന താക്കീതുമായി ഈ സന്ദര്‍ശനം. ഗല്‍വാന്‍ താഴ്വരയിലും പാങ്‌ഗോങ് സോയിലും പിഎല്‍എയുടെ തെറ്റായ സാഹസങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നേരത്തെ ശക്തമായ നടപടിയെടുത്തിരുന്നു. ചൈനയുടെ ഏതൊരു നടപടിയും നേരിടാന്‍ വേണ്ടി മേഖലയിലേക്ക് മതിയായ സേനയെ അണിനിരത്തിയതിന് ശേഷമാണ് സന്ദര്‍ശനം.
ഈ പ്രദേശത്ത് മുന്‍കാല സ്ഥിതിയിലേക്ക് ചൈന പിന്മാറിയില്ലെങ്കില്‍ ഭാരതം ശക്തമായ നടപടിയെടുക്കും എന്നുള്ള സൂചനയാണ് നരേന്ദ്ര മോദി നല്‍കിയത്. കൂടാതെ, പിഎല്‍എ സൈനികര്‍ക്കുള്ള സൂക്ഷ്മമായ സന്ദേശവും കാണാതിരിക്കാന്‍ പറ്റില്ല. ഈ സന്ദര്‍ശനത്തിലൂടെ ഭാരതം തങ്ങളുടെ സൈനികരുടെ വീര്യവും ത്യാഗവും അംഗീകരിക്കുന്നു എന്നും, എന്നാല്‍ ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗല്‍വാന്‍ താഴ്‌വരയില്‍ മരിച്ച സൈനികരുടെ പേരുകള്‍ പോലും പറയുന്നില്ല എന്നുമുള്ള ചിന്തകള്‍ തീര്‍ച്ചയായും ചൈനീസ് സൈനികരുടെ മനസ്സില്‍ ഉണ്ടാകും. ഒരു സംഘട്ടന സമയത്ത് ഇത്തരം ചിന്തകള്‍ സൈനികരുടെ മനോവീര്യത്തെ ബാധിക്കും.
പ്രധാനമന്ത്രി മോദിയുടെ ഈ തന്ത്രപരമായ ആശയവിനിമയത്തിന്റെ മൂന്നാമത്തെ ലക്ഷ്യം ഇന്ത്യയുടെ ആഭ്യന്തര പ്രേക്ഷകരായിരുന്നു. കിഴക്കന്‍ ലഡാക്കില്‍ മെയ് അഞ്ചിന് സംഘര്‍ഷം ആരംഭിച്ചതുമുതല്‍, ലഡാക്കിലെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്കിടെ വലിയ ആവേശമുണ്ടായി. ജൂണ്‍ 15ന് ഗല്‍വാന്‍ സംഭവത്തിന് ശേഷം, നമ്മുടെ 20 ധീരരായ സൈനികര്‍ പരമമായ ത്യാഗം ചെയ്തപ്പോള്‍, ചൈനയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാനുള്ള ജനങ്ങളുടെ വികാരങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സമയത്ത് മുന്‍നിര സൈനികരെ സന്ദര്‍ശിച്ച് രാജ്യത്തിന്റെ ആത്മാഭിമാനം സംബന്ധിച്ച വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന ശക്തമായ സന്ദേശവുംം പൊതുജനങ്ങള്‍ക്ക് നല്‍കി.
അവസാന ലക്ഷ്യമായ പ്രേക്ഷകര്‍, അന്താരാഷ്‌ട്ര സമൂഹമായിരുന്നു. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ അന്താരാഷ്‌ട്ര ശ്രദ്ധ കൊണ്ടുവരാന്‍ പ്രധാനമന്ത്രിക്ക് ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചു. ലോകമെമ്പാടുമുള്ള ചൈനയുടെ ‘ഭീഷണിപ്പെടുത്തല്‍’ തന്ത്രങ്ങള്‍ക്കെതിരെ ഇന്ത്യയുടെ ശക്തമായ മറുപടി, വിജയകരമായി അറിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചൈനയില്‍ നിന്നുള്ള ഇത്തരം ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങളെ അഭിമുഖീകരിക്കുന്ന നിരവധി ചെറിയ രാജ്യങ്ങള്‍ക്ക് ഇത് പ്രചോദനമാകും. ഇന്ത്യയ്‌ക്കുള്ള വ്യാപകമായ അന്താരാഷ്‌ട്ര പിന്തുണ, സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാനും എത്രയും വേഗം ശാന്തി സ്ഥാപിക്കാനും ചൈനയില്‍ സമ്മര്‍ദ്ദം ചെലുത്തും.
രാഷ്‌ട്രം ഒരു വ്യത്യസ്ത പാത സ്വയം തെരഞ്ഞെടുക്കുന്ന ചരിത്ര നിമിഷമാണ് ഇത്. ഗല്‍വാന്‍ താഴ്വരയിലെ ക്രൂരമായ അക്രമത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം പഴയപടിയാകില്ല. ഈയൊരു പ്രതിസന്ധിഘട്ടത്തില്‍ കിഴക്കന്‍ ലഡാക്ക് സന്ദര്‍ശനത്തിലൂടെ പ്രധാനമന്ത്രി മോദി പുതിയ ഭാരതത്തില്‍ ദേശീയ താല്പര്യങ്ങള്‍ക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന വിശ്വാസത്തെ ഒരിക്കല്‍ കൂടി അടിവരയിട്ടു ശക്തിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: