ബൈക്കില്‍ യമുനോത്രിയും പഞ്ച കേദാറും സന്ദര്‍ശിക്കുക എന്ന ആശയം ജ്യോതിച്ചേട്ടന് എന്നോട് പങ്കുവെക്കുമ്പോള്‍ ആദികൈലാസ യാത്ര കഴിഞ്ഞു ഞാന്‍ ഓഫീസില്‍ ജോലിയില്‍ പുനഃ പ്രവേശിച്ചിട്ട് ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളൂ. തിരുവനന്തപുരം നഗരത്തില്‍ ഏകദേശം അഞ്ചു കിലോമീറ്റര്‍ വ്യത്യാസത്തില്‍ താമസിക്കുന്നവര്‍ ആണെങ്കിലും ഞങ്ങള്‍ കാണുന്നതും പരിചയപ്പെടുന്നതും മൂവായിരത്തി അഞ്ഞൂറിലധികം കിലോമീറ്ററുകള്‍പ്പുറത്തു ഹിമവാന്റെ മടിത്തട്ടില്‍ ആദി കൈലാസ യാത്രാ വഴിയിലെ ഗുഞ്ചിയില്‍ വച്ചായിരുന്നു, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്. ഹിമാലയ പ്രണയികള്‍ക്ക് കണ്ടുമുട്ടാന്‍ അതിലും മികച്ചൊരു സ്ഥലം വേറെ കാണില്ല.
പഞ്ചകേദാര്‍ യാത്ര എന്ന മോഹം മനസ്സില്‍ കൂടുകെട്ടിയിട്ടു കുറച്ചുകാലം ആയതിനാല്‍ യാത്രയ്ക്ക് എന്നെയും കൂട്ടാമോ എന്നു ചോദിച്ചതിന് ചേട്ടന്റെ മറുപടി അനുകൂലം ആയിരുന്നു എങ്കിലും പോകാന്‍ പറ്റുമെന്ന് എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു. എന്നാല്‍ യാത്രഭ്രമം പിടികൂടിയാല്‍ എപ്പോഴായാലും പോകും എന്ന് നല്ലപാതിക്കു നല്ല നിശ്ചയം ഉണ്ടായിരുന്നതിനാല്‍ വലിയ തടസ്സം കൂടാതെ വീട്ടില്‍ നിന്നും അനുമതി കിട്ടി. ഒന്നുമില്ലെങ്കിലും ഒറ്റക്കല്ലല്ലോ എന്നു വിചാരിച്ചു കാണും. അങ്ങനെ മന്‍സൂണിന്റെ ശൂരത്വം ശമിച്ചു തുടങ്ങുന്ന സെപ്തംബറില്‍ രണ്ടാം ശനിയാഴ്ചയായ എട്ടിന് യാത്ര നിശ്ചയിച്ചു. ബുള്ളറ്റ് ബൈക്കുകള്‍ രണ്ട് പേര്‍ക്കുമുണ്ട്. അതില്‍ താരതമ്യേനെ പുതിയ ക്ലാസിക്കിനെ ഞങ്ങളെ ചുമക്കാനുള്ള നിയോഗമേല്പിച്ചു. രണ്ടാം തിയതി തന്നെ ബൈക്ക് ഡല്‍ഹിയിലേക്ക് അയച്ചു. പുറകെ അഞ്ചാം തിയതിയിലെ കേരളാ എക്സ്പ്രസില്‍ ജ്യോതിച്ചേട്ടനും പുറപ്പെട്ടു. ഞാന്‍ ഏഴാം തിയതി വൈകുന്നേരത്തെ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്താമെന്നും അതിനകം ലഗേജ് കാരിയര്‍ ഒക്കെ പിടിപ്പിച്ചു റെഡിയാക്കുന്ന ബൈക്കില്‍ പിറ്റേന്ന് അതിരാവിലെ യാത്ര ആരംഭിക്കാം എന്നുമായിരുന്നു പ്ലാന്‍. എയര്‍ ഇന്ത്യയും ഞാനുമായുള്ള നാല്പ്പൊരുത്തം അല്പ്പവും മെച്ചപ്പെട്ടിട്ടില്ല എന്ന് തെളിയിച്ചു കൊണ്ട് വിമാനം അവസാന നിമിഷം റദ്ദ് ചെയ്യപ്പെട്ടത്തിനാല്‍ എട്ടാം തിയതി വൈകുന്നേരമേ എനിക്ക് ഡല്‍ഹിയില്‍ എത്താന്‍ കഴിഞ്ഞുള്ളൂ.
ആകെ പതിനാറു ദിവസത്തെ ലീവാണുള്ളത്. അതില്‍ ഒരു ദിവസം നഷ്ടപ്പെട്ടു കഴിഞ്ഞു. മടക്കയാത്രക്കു വേണ്ട ഒരു ദിനം കൂടി കണക്കാക്കിയാല്‍ യാത്രക്ക് വേണ്ടി ഇനി കൃത്യം രണ്ടാഴ്ച്ച മാത്രമാണ് അവശേഷിക്കുന്നത്. ഞാനും കൂടിയുള്ളത് കൊണ്ട് യാത്രയില്‍ ഗോമുഖ് കൂടി ഉള്‍പ്പെടുത്തി ചതുര്‍ധാമ-പഞ്ചകേദാര്‍ യാത്രയായി പരിവര്‍ത്തിപ്പിച്ചിരുന്നു ചേട്ടന്. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയത്തിന്റെ പലഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന യമുനോത്രി, ഗംഗോത്രി, ഗോമുഖ്, കേദാര്‍നാഥ്, മദ് മഹേശ്വര്, തുംഗനാഥ്, രുദ്രനാഥ്, കല്പേശ്വര്, ബദ്രിനാഥ് എന്നിവ പതിനാലു ദിവസത്തിനുള്ളില്‍ സന്ദര്‍ശിക്കണമെങ്കില്‍, അത് ബൈക്കില്‍ ആണെങ്കിലും, പരമേശ്വരന്റെ അകമഴിഞ്ഞ കൃപ കൂടിയേ തീരൂ. പ്രതീക്ഷ കൈവിടാതിരിക്കുക തന്നെ. മുന്‍വര്‍ഷങ്ങളെക്കാള്‍ തീവ്രമായിരുന്ന മണ്സൂന് തകര്‍ത്തെറിഞ്ഞ റോഡുകളില്‍ കൂടി എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന മലകളുടെയും ഏതു മനുഷ്യ നിര്മ്മിതിയെയും നിമിഷനേരം കൊണ്ടു അപ്രത്യക്ഷമാക്കാന്‍ കഴിയുന്ന ഉരുള്‍ പൊട്ടലുകളുടെയും ഔദാര്യത്തിനു കീഴ്പെട്ടു മാത്രമേ ഓരോ ഹിമാലയ യാത്രയും പൂര്‍ത്തിയാക്കാന്‍ ആകുകയുള്ളൂ. കൂടെയൊരാള്, അതും നിരന്തരമായ ഹിമാലയ യാത്രകള്‍ നടത്തുന്ന ആള്, ഉള്ളതിനാല്‍ ഞാന്‍ മറ്റൊന്നിനെക്കുറിച്ചും വേവലാതി പ്പെട്ടില്ല എന്നതാണ് സത്യം.
മഹാഭാരതവീരന്മാരായ പാണ്ഡവരുമായി ബന്ധപ്പെട്ട ഒരുപാട് സ്ഥലങ്ങള്‍ ഹിമാലയ പാര്‍ശ്വങ്ങളില്‍ ചിതറിക്കിടപ്പുണ്ട്. അവയില്‍ ഏറ്റവും പ്രസിദ്ധമായവ ആണ് പഞ്ച കേദാര്‍ ശിവ ക്ഷേത്രങ്ങള്‍.
കുരുക്ഷേത്ര യുദ്ധത്തില്‍ തങ്ങള്‍ നടത്തിയ ഭ്രാതൃ ഹത്യക്കും ബ്രഹ്മ ഹത്യക്കും ഉള്ള പ്രതിവിധി ശിവനെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങുകയാണെന്ന ഉപദേശം ലഭിച്ച പാണ്ഡവര്‍ കാശിയില്‍ എത്തുന്നു. എന്നാല്‍ പാണ്ഡവര്‍ ക്ക് ദര്‍ശനം നല്കാന് താല്‍പ്പര്യം ഇല്ലാതിരുന്ന മഹാദേവന് ഒരു കാളയുടെ രൂപത്തില്‍ അവിടെ നിന്നും അപ്രത്യക്ഷനായി. ആരാധ്യ ദേവനെ തേടി ഹിമാലയ സാനുക്കളില്‍ അലഞ്ഞ പാണ്ഡവര്‍ ഒടുവില്‍ അസാധാരണ വലുപ്പമുള്ള കാളയുടെ രൂപത്തില്‍ ശിവനെ കാണുന്നു. പാണ്ഡവരെ കണ്ട മഹാദേവന് ഒരു കുഴിയിലൂടെ ഭൂമിക്കടിയിലേക്ക് മറഞ്ഞു. എന്നാല്‍ പൂര്‍ണമായും മറയുന്നതിന് മുന്നേ കരുത്തനായ ഭീമസേനന് ചാടിവീണ് കാളയുടെ രൂപത്തിലുള്ള മഹാദേവന്റെ പിന്‍കാലുകളിലും വാലിലും പിടിച്ചു. അതേത്തുടര്‍ന്നു നന്ദിയുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ ഗര്‍വാള്‍ ഹിമാലയത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷമായി എന്നും അവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ കെട്ടി ശിവനെ പ്രാര്‍ത്ഥിച്ചു പാണ്ഡവര്‍ പാപ മുക്തി നേടി എന്നുമാണ് ഐതിഹ്യം. നന്ദിയുടെ മുതുകിലെ മുഴ പ്രത്യക്ഷമായ സ്ഥലമാണ് കേദാര്‍നാഥ്. നാഭി മദ് (മധ്യ) മഹേശ്വരിലും നെഞ്ചും കൈകളും തുംഗ നാഥിലും മുഖം രുദ്രനാഥിലും ജട കല്പേശ്വരിലും ആണ് പ്രത്യക്ഷമായത്. ശിവന് ഭൂമിക്കടിയിലേക്ക് മറഞ്ഞ സ്ഥലം പില്ക്കാലത്ത് ഗുപ്ത കാശി എന്ന പേരില്‍ പ്രസിദ്ധമായി. കാശിയിലും ഉത്തരകാശിയിലും ഉള്ളതുപോലെ അവിടെയും ഒരു വിശ്വനാഥ ക്ഷേത്രമുണ്ട്. കേദാര്‍നാഥ് യാത്രയില്‍ ഗൗരി കുണ്ടിനു മുമ്പുള്ള പ്രധാന നഗരമാണ് ഗുപ്തകാശി. ഋഷികേശില്‍ നിന്നുള്ള റോഡ് ഗുപ്തകാശിയില്‍ വന്ന ശേഷമാണ് കേദാര്‍നാഥ് ലേക്കും മറ്റു കേദാരങ്ങളിലേക്കും പോകുന്നത്.
ഹിന്ദു വിശ്വാസ ധാരയെ പൊതുവെ ശൈവര്‍, വൈഷ്ണവര്‍, ശാക്തേയര്‍ എന്നിങ്ങനെ അവരുടെ പ്രധാന ആരാധനാ മൂര്‍ത്തിയെ അടിസ്ഥാനപ്പെടുത്തി തരം തിരിച്ചിരിക്കുന്നു. യഥാര്‍ത്ഥ ചാര്‍ധാം യാത്ര ഇന്ത്യയുടെ നാലു മൂലകളില്‍ ശങ്കരാചാര്യര്‍ എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ബദ്രിനാഥ്, പുരി, രാമേശ്വരം, ദ്വാരക എന്നിവിടങ്ങളിലേക്ക് ഉള്ളതാണ്. ഇവയില്‍ രാമേശ്വരം ശിവനെയും മറ്റു മൂന്നിടങ്ങളും വിഷ്ണുവിനെയും ആരാധിക്കുന്നു. എന്നാല്‍ ഹിമാലയ യാത്രികരെ സംബന്ധിച്ചിടത്തോളം ചാര് ധാം (ഛോട്ടാ ചാര്‍ധാം) എന്നാല്‍ ഗര്‍വാള്‍ ഹിമാലയത്തിലെ യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവയാണ്. ഇവയില്‍ ശാക്തേയ ആരാധനാ കേന്ദ്രങ്ങള്‍ ആയ ഗംഗോത്രി യും യമുനോത്രിയും ഉത്തര കാശി ജില്ലയിലും ശൈവാരാധനാ കേന്ദ്രമായ കേദാര്‍നാഥ് രുദ്രപ്രയാഗ് ജില്ലയിലും വൈഷ്ണവാരാധനാ കേന്ദ്രമായ ബദ്രിനാഥ് ചമോലി ജില്ലയിലും ആണ്. ഡല്‍ഹിയില്‍ നിന്നും ആയിരത്തി ഇരുന്നൂറ് കിലോമീറ്ററില്‍ അധികം വണ്ടിയോടിക്കണം. കൂടാതെ യമുനോത്രി, ഗോമുഖ് എന്നിവിടങ്ങളിലേക്കും പഞ്ച കേദാരങ്ങളായ കേദാര്‍നാഥ്, മധ്യമഹേശ്വര്, തുംഗ നാഥ്, രുദ്രനാഥ്, കല്പേശ്വര് എന്നിവിടങ്ങിലേക്കും നടന്നു പോകേണ്ട ദൂരങ്ങളും. തുംഗ നാഥിലേക്ക് അത് മൂന്നു കിലോമീറ്റര്‍ ആണെങ്കില്‍ രുദ്രനാഥിലേക്ക് പതിനെട്ടോ ഇരുപതോ ആണ്.
വൈകുന്നേരം ആണ് ഡല്‍ഹിയില്‍ എത്തിയത്. അവിടെ മഴ പെയ്യുന്നുണ്ടായിരുന്നു. തലേദിവസത്തേക്ക് ആയിരുന്നു കേരളാ ഹൗസില്‍ ബുക്കിങ്. എങ്കിലും അടുത്ത ദിവസം അതിരാവിലെ പോകും എന്ന് പറഞ്ഞപ്പോള്‍ ഒരു കിടക്ക അനുവദിച്ചു.കിട്ടി. ജ്യോതിച്ചേട്ടന് കാത്തു നില്ക്കുന്നുണ്ടായിരുന്നു. മഴ അല്പം തോര്‍ന്നപ്പോള്‍ പുറത്തു പോയി ഒരു ഹെല്‍മറ്റ് വാങ്ങി. ഉത്തരാഖണ്ഡില്‍ ബൈക്കില്‍ പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അപകടകരമായ വഴിയില്‍ പരമാവധി സുരക്ഷ സ്വയം സ്വീകരിക്കേണ്ടതും പ്രധാനമാണല്ലോ ? തിരികെവന്നു ബാഗുകള്‍ ബൈക്കില്‍ സുരക്ഷിതമായി കെട്ടി വച്ചു. വസ്ത്രങ്ങള്‍ ബാഗില്‍ കയറ്റുന്നതിന് മുമ്പ് ഒരു പോളിത്തീന്‍ സഞ്ചിയില്‍ പൊതിഞ്ഞും ബാഗിനെ വീണ്ടും ഒരു പ്ലാസ്റ്റിക് ചാക്കില്‍ കയറ്റിയും ഇടക്ക് പെയ്യാന്‍ സാധ്യതയുള്ള മഴയെ പ്രതിരോധിക്കാന്‍ സജ്ജമാക്കി. ഇനി യാത്ര.
ഹരിദ്വാര്‍
രാവിലെ അഞ്ചു മണിയോടെ ഹരിദ്വാറിലേക്കു പുറപ്പെടാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും തയ്യാറായി ഇറങ്ങിയപ്പോള്‍ അഞ്ചര മണിയായി. നഗരനിരത്തുകള്‍ വിട്ടു ഹൈവേയിലേക്കു കടന്നതോടെ 80 കിലോമീറ്റര്‍ വേഗതയാര്ജിച്ചു. ഡല്‍ഹിയില്‍ നിന്നു ഹരിദ്വാറിലേക്കു 240 km ആണ് ദൂരം. മീററ്റിന് മുമ്പ് കുറേദൂരം കച്ചട റോഡ് ആയിരുന്നു. ഒപ്പം അപാരമായ വാഹനത്തിരക്കും. അവിടം പ്രയാസപ്പെട്ട് കടന്നു കഴിഞ്ഞു ഹൈവേ മുസഫര്‍നഗറിലേക്ക് നയിക്കുന്നു. റോഡിന് ഇരുവശവും വിശാലമായ കരിമ്പിന് തോട്ടങ്ങള്‍ ആണ്. ഇടക്ക് കൈത്തെറ്റു പോലെ ഒറ്റപ്പെട്ട നെല്‍പ്പാടങ്ങള്‍. എങ്കിലും അവ കരിമ്പിന് തോട്ടങ്ങളുടെ ആവര്‍ത്തന വിരസത കുറച്ചു തന്നു. റോഡില്‍ ട്രാക്ടറുകള്‍, എണ്ണക്കറുപ്പാര്‍ന്ന കൂറ്റന്‍ പോത്തുകള്‍ വലിക്കുന്ന വണ്ടികളില്‍ കരിമ്പും പുല്ലും കൊണ്ടുപോകുന്ന കര്‍ഷകര്‍. ഇടവിട്ടു കടന്നു വരുന്ന ചെറുഗ്രാമങ്ങള്‍, കുഞ്ഞു പട്ടണങ്ങള്‍. മുസഫര്‍നഗര്‍ ഉത്തര്‍പ്രദേശിലെ വലിയ ജില്ലകളില്‍ ഒന്നാണ്. പൊതുവെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മുസഫര്‍ നഗര്‍ നഗരത്തിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്. ഗംഗാ യമുന തടത്തിലുള്ള ഈ പ്രദേശം വളരെ ഫലപുഷ്ടമാണ്. ആധുനിക ഇന്ത്യയുടെ മാറില്‍ പതിഞ്ഞ കറുത്ത ഏടുകളിലൊന്നായ മുസഫര്‍നഗര്‍ കലാപത്തിലൂടെ ഈ നാട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വണ്ടി ഞങ്ങള്‍ മാറിമാറി ഓടിച്ചു. മുസ്സഫര്‍ നഗര്‍ കഴിഞ്ഞാല്‍ അടുത്ത പ്രധാന നഗരം ഉത്തരാഖണ്ഡിലെ റൂര്‍കീ ആണ്. ഇതിനിടക്ക് ഹൈവേ ഉത്തര്‍പ്രദേശ് കഴിഞ്ഞു ഉത്തരാഖണ്ഡ് ല്‍ പ്രവേശിച്ചത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ചേട്ടന് ഹരിദ്വാറില്‍ ഇലക്ട്രിക്കല്‍ കമ്പനിയുള്ള മലയാളിയായ പ്രകാശിനെ വിളിച്ചിരുന്നു. അവര്‍ പഴയ സുഹൃത്തുക്കള്‍ ആണ്. എയര്‍ പോര്‍ട്ടിലേക്ക് പോകുന്ന വഴിയില്‍ പ്രകാശ് ഞങ്ങളെ റൂര്‍ക്കിയില്‍ സന്ധിച്ചു. പോകുന്ന വഴിയില്‍ കമ്പനിയുടെ തമാസസ്ഥലത് തങ്ങണമെന്നും അന്നവിടെ കൂടാമെന്നും പറഞ്ഞു. പക്ഷെ, പിറ്റേന്ന് അതിരാവിലെ യമുനോത്രിയിലേക്ക് പോകാന്‍ ഹരിദ്വാറില്‍ തന്നെ തങ്ങുന്നതാണ് നല്ലത് എന്നതിനാല്‍ അവിടെ അയ്യപ്പ ക്ഷേത്രത്തില്‍ താങ്ങാന്‍ സൗകര്യം ഒരുക്കണമെന്നു ചേട്ടന് പറഞ്ഞത് അനുസരിച്ചു പ്രകാശ് അയ്യപ്പ ക്ഷേത്ര കാര്യക്കാരന്‍ കൃഷ്ണേട്ടനെ വിളിച്ചു ഏര്‍പ്പാടാക്കി. എന്തായാലും കമ്പനിയില്‍ കയറി ഉച്ചഭക്ഷണം കഴിഞ്ഞിട്ടു പോയാല്‍ മതിയെന്ന് നിഷ്കര്‍ഷിച്ചു. അങ്ങനെ ഞങ്ങള്‍ ഹരിദ്വാര്‍ ടൗണിലേക്കുള്ള വഴിയില്‍ നിന്നും അല്പം മാറിയുള്ള കമ്പനിയില്‍ 11 മണിയോടെ എത്തി. അവിടെയും ജ്യോതിച്ചേട്ടന് ധാരാളം സുഹൃത്തുക്കള്‍. ഇലക്ട്രിക്കല്‍ ബോര്‍ഡുകളുടെ നിര്‍മ്മാണം ആണ് കമ്പനി നടത്തുന്നത്. നിറയെ പണിയും ധാരാളം ജോലിക്കാരും ഉണ്ട്. പലരും മലയാളികള്‍. മഹേഷ് വീട്ടില്‍ നിന്ന് കൊണ്ടുവന്ന കറികള്‍ കൂട്ടി ഊണ് കഴിഞ്ഞു. ഇതിനകം കുറച്ചു സമയം സുഖമായി ഉറങ്ങി. ഇന്നലെ രാത്രിയില്‍ ഉറക്കം സുഖമായിരുന്നില്ല. രണ്ടു മാസം മുമ്പ് ഓടുന്ന വാഹനത്തില്‍ നിന്നു വീണു ചതഞ്ഞ വലത് ഭുജം രാത്രിയില്‍ ഇപ്പോഴും ശല്യപ്പെടുത്തുന്നുണ്ട്. ചേട്ടന് ഇന്നലെ രാത്രി ഉറങ്ങിയതെയില്ല എന്നാണ് പറഞ്ഞത്.
ഊണ് കഴിഞ്ഞു മഹേഷിനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞു മൂന്നു മണിയോടെ ഹരിദ്വാറിലേക്ക് തിരിച്ചു. പോകുന്ന വഴിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഷോറൂമില്‍ കയറി ട്രെയിന്‍ യാത്രയില്‍ നഷ്ടപ്പെട്ട ബൈക്കിന്റെ വലതു റിയര്‍ വ്യൂ മിറര്‍ വാങ്ങി ഘടിപ്പിച്ചു. ഹരിദ്വാറില്‍ റെയില്‍വേ സ്റ്റേഷന് കഴിഞ്ഞാല്‍ അതിന് എതിരെയുള്ള ഒരു ഇടുങ്ങിയ തെരുവില്‍ ആണ് അയ്യപ്പ ക്ഷേത്രം. അവിടെ മുറി ഒഴിവില്ലാത്തതിനാല്‍ തൊട്ടടുത്തുള്ള ഒരു ഹോട്ടലില്‍ ഒരു മുറി കൃഷ്ണേട്ടന് തന്നെ ഏര്‍പ്പാടാക്കി. 600 രൂപ വാടക. അത്യാവശ്യ സൗകര്യങ്ങള്‍ ഉള്ള മുറിയായിരുന്നു. അപ്പോള്‍ നാലുമണി ആയിരുന്നു. വണ്ടിയില്‍ നിന്നു ബാഗൊക്കെ അഴിച്ചു മുറിയില്‍ വച്ചശേഷം നാലരയോടെ ഞങ്ങള്‍ പ്രസിദ്ധമായ ഗംഗാ ആരതി കാണാനായി ഹര് കി പൗറിയിലേക്ക് തിരിച്ചു. രണ്ടര കിലോമീറ്റര്‍ ഉള്ളത് ഒരു സൈക്കിള്‍ റിക്ഷയില്‍ പോകാം എന്നാണ് ആദ്യം കരുതിയത് എങ്കിലും എന്തുകൊണ്ടോ ഞങ്ങള്‍ നടന്നു. സാമാന്യം വീതിയുമുള്ള റോഡ് ആണെങ്കിലും വഴിയോര കച്ചവടക്കാര്‍ കൈയേറി അതിനെ ഇടുങ്ങിയ വഴിയായി പരിണമിപ്പിച്ചിരിക്കുന്നു. അതു പോരാഞ്ഞ് ധാരാളം കാല്‍നടക്കാര്‍. ഇരുവശവും നിറയെ കടകള്‍. തിങ്ങി നിറഞ്ഞ ആള്‍ക്കാര്‍ക്ക് ഇടയിലൂടെ കുതിരവണ്ടികള്‍, ഓട്ടോറിക്ഷ കള്‍, സൈക്കിള്‍ റിക്ഷകള്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയവ തലങ്ങും വിലങ്ങും പായുന്നു. ഒപ്പം അലസഗമനം നടത്തുന്ന ഗോമാതാക്കള്‍, കുട്ടികള്‍. ഇതിനിടയിലൂടെ പ്രയാസപ്പെട്ടു നടക്കുമ്പോള്‍ അതാ മുമ്പില്‍ ഒരാള്‍ക്കൂട്ടം. അതിനു പിന്നില്‍ നിന്നും അലങ്കരിച്ച ഒരു പിടിയാന നടന്നു വരുന്നു. പിടിയാന ആള്‍ക്കാരില്‍ നിന്നും ദക്ഷിണകള് സ്വീകരിച്ചു മുകളിലുള്ള ആള്‍ക്ക് നല്കുന്നു. അപ്പോള്‍ അനുഗ്രഹം പോലെ തുമ്പിക്കൈ ഉയര്‍ന്നു താഴുന്നു. അതിനു പിന്നാലെ കീര്ത്താനാലാപനത്തോടെ ഘോഷയാത്രയായി നടന്നു വരുന്ന ഹരേ കൃഷ്ണ പ്രസ്ഥാനക്കാര്‍. മൈക്കും അലങ്കരിച്ച വാഹനങ്ങളും നൃത്ത വാദ്യങ്ങളും ഒക്കെയായി ആകെയൊരു മേളം. പ്രസാദ വിതരണവും ഉണ്ട്. അതു കൈപ്പറ്റാനുള്ള തിരക്കാണ് ഏറെയും. ഒപ്പം പ്രസ്ഥാനത്തിലെ യൂറോപ്യന്‍ പ്രതിനിധികളുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കാനും.
തിരക്ക് കടന്നു ഞങ്ങള്‍ ഗംഗയുടെ തീരത്തെത്തി. ഹരനിലേക്ക് അഥവാ ശിവനിലേക്ക് ഉള്ള പ്രവേശന കവാടം എന്ന അര്‍ത്ഥത്തില്‍ ഹര്‍ദ്വാര്‍ എന്ന് ശൈവരും ഹരിയിലേക്ക് അഥവാ വിഷ്ണുവിലേക്കുള്ള പ്രവേശന കവാടം എന്ന അര്‍ത്ഥത്തില്‍ ഹരിദ്വാര്‍ എന്നു വൈഷ്ണവരും വിളിക്കുന്ന പുരാണ പ്രസിദ്ധമായ ഈ പുണ്യനഗരത്തിലാണ് സഗരന്റെ പ്രപൗത്രനായ ഭാഗീരഥന്റെ പ്രാര്‍ത്ഥന കേട്ട് കപില മഹര്‍ഷിയുടെ ശാപത്തില്‍ ചാമ്പലായിപ്പോയ 60000 സഗരപുത്രന്മാരുടെ മോക്ഷത്തിനായി ശിവന് ഗംഗയെ തന്റെ ജടയില്‍ നിന്നു മോചിപ്പിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളും ജൈന- ബുദ്ധ-സിഖ് മതസ്ഥരും ഒരുപോലെ പുണ്യനഗരമായി കാണുന്ന പുരാണങ്ങളില്‍ മായാപുരി, കപിലസ്ഥാന, ഗംഗാദ്വാര്‍ എന്നിങ്ങനെയും പേരുകളുള്ള ഹരിദ്വാറില്‍ ആണ് ഗോമുഖില്‍ നിന്നുത്ഭവിക്കുന്ന ഗംഗ 253 കിലോമീറ്റര്‍ ദൂരം ആസ്വദിച്ച ഹിമവാന്റെ സംരക്ഷണം ഉപേക്ഷിച്ചു വിശാലമായ സമതലത്തിലേക്കു പ്രവേശിക്കുന്നത്. കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി, ഹേമകുണ്ട് സാഹിബ് എന്നിവിടങ്ങളിലേക്കൊക്കെയുള്ള പ്രവേശന കവാടം തന്നെയാണ് ഹരിദ്വാര്‍. ഹിന്ദു വിശ്വാസം അനുസരിച്ചു ഏഴു പുണ്യനഗരങ്ങളില്‍ ഒന്നാണ് ഹരിദ്വാര്‍. അയോധ്യ, മധുര, ഹരിദ്വാര്‍, കാശി, കാഞ്ചി, അവന്തിക, ദ്വാരക എന്നിവയാണ് ആ പുണ്യനഗരങ്ങള്‍ എന്നോര്‍ക്കുക.
ഇളയമ്മയായ കദ്രുവില്‍ നിന്നു സ്വമാതാവായ വിനതയുടെ മോചനത്തിനായി ഗരുഡന് ദേവന്മാരില് നിന്നും അമൃതാകുംഭം കൈക്കലാക്കി കൊണ്ടുവരുന്ന വഴി അമൃത് തുളുമ്പി വീണ നാലു ദേശങ്ങളില്‍ ഒന്നാണ് ഹരിദ്വാര്‍ എന്നും വിശ്വസിക്കപ്പെടുന്നു. ഉജ്ജയിനി, നാസിക്, പ്രയാഗ്(അലഹബാദ്) എന്നിവയാണ് മറ്റുള്ളവ. പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴുള്ള ഹരിദ്വാര്‍ കുംഭമേള അമൃതകുംഭം തുളുമ്പിയത്തിന്റെ ആഘോഷമാണ്. അമൃത് വീണ ബ്രഹ്മകുണ്ഡ ഹര് കി പൗറിയില്‍ ആണ്. അവിടെ സ്നാനം ചെയ്തു പാപമോക്ഷം നേടുന്നതിനായി ദിവസേന പതിനായിരങ്ങള്‍ ഹരിദ്വാര്‍ സന്ദര്‍ശിക്കുന്നു.
നഗരത്തോട് ചേര്‍ന്ന ഗംഗയുടെ വശം മുഴുവന്‍ പലതരത്തിലുള്ള നിര്‍മാണങ്ങള്‍ ആണ്. തീരത്തോട് ചേര്‍ന്ന് ഗംഗാ മാതാ ക്ഷേത്രം.നദിയിലെ സ്നാന ഘട്ടങ്ങളിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകള്‍. ഗംഗ ഇവിടെ പല കൈവഴികള്‍ ആയാണ് ഒഴുകുന്നത്. ഉള്ളിലെ കൈവഴികളിലേക്ക് ഇറങ്ങുന്നതിന് പാലങ്ങള്‍. ഹര് കി പൗറിക്ക് എതിര് വശത്ത് നദിക്കക്കരെ പാര്‍ക്കില്‍ ഋഷികേഷിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു നില്ക്കുന്ന 15 അടിയെങ്കിലും ഉയരമുള്ള ശിവപ്രതിമ. നദിയില്‍ നിര്‍മിച്ച താമരയില്‍ സൗന്ദര്യ ബോധം കുറഞ്ഞ ശില്പി നിര്‍മ്മിച്ച ലക്ഷ്മി ശില്പം. ഗംഗയുടെ കൈവഴികിടയില് ഉള്ള തിട്ടകള്‍ സാമാന്യം വീതിയില്‍ ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. അവിടേക്കെത്താന്‍ പടിക്കെട്ടുകളും പാലങ്ങളും ഉണ്ട്. സാമാന്യം വൃത്തിയുള്ള സ്ഥലം. മറുവശത്ത് നദിയിലേക്ക് ഇറങ്ങാതിരിക്കാന്‍ വേലി കെട്ടിയിട്ടുണ്ട്. കുട്ടികളും ചെറുപ്പക്കാരും വൃദ്ധരും ഒക്കെ ആഘോഷ പൂര്‍വം കലങ്ങിയ ജലത്തില്‍ സ്നാനം ചെയ്യുന്നു. ചിരിച്ചാര്‍ക്കുന്ന ചെറുപ്പക്കാര്‍. സുരക്ഷാവടങ്ങളില് തൂങ്ങിക്കിടന്നു മുങ്ങുന്ന കുട്ടികളും ചെറുപ്പക്കാരും മധ്യവയസ്കരും. വെള്ളത്തില്‍ ഇറങ്ങാതെ കരയിലിരുന്നു കൈയില്‍ കോരി പാപം കഴുകി കളയുന്നവര്‍. തീരെ ചെറിയ കുട്ടികളെ അവരടെ പ്രതിഷേധം വകവെക്കാതെ വെള്ളത്തില്‍ മുക്കിയെടുക്കുന്ന അമ്മമാര്‍. ഭര്‍ത്താവിന് ഫോട്ടോ എടുക്കാന്‍ വേണ്ടി വലിയ വായില്‍ കരയുന്ന അതേ കുഞ്ഞിനെ വീണ്ടും മുക്കിയെടുക്കുന്നതും കണ്ടു. ഇതിനിടയില്‍ ഇലത്താലത്തില്‍ കത്തിച്ചു വിടുന്ന ചെറു ആരതികള്‍ ഓളങ്ങളില്‍ ആലോലമാടി കുറേദൂരം ഒഴുകി ചെറു ചുഴികളില്‍ വട്ടം ചുറ്റി താഴ്ന്നു പോകുന്നു. കഴുകിക്കളയാന്‍ പാപമൊന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ സ്നാനം ചെയ്യാന്‍ നിന്നില്ല. ഹരിദ്വാറിനും ഋഷികേശിനും മുമ്പ് ദേവപ്രയാഗില്‍ വച്ചാണ് ഭാഗീരഥിയും അളകനന്ദയും ചേര്‍ന്ന് ഗാംഗയായി പരിണമിക്കുന്നത്. ഋഷികേശിലേത് പോലെ തന്നെ പ്രസിദ്ധമാണ് ഹരിദ്വാറിലെയും ഗംഗാ ആരതി. മുന്നോടിയായി തറ ഗംഗ ജലത്തില്‍ തന്നെ കഴുകി തുടച്ചു. സന്നദ്ധ സേവകാരായി കുറെ സിഖുകാര്‍ കൂടി കൂടിയതോടെ വൃത്തിയാക്കലിന് ചടുലത ഏറി. ആദ്യ സിഖ് ഗുരു നാനാക്ക് ദേവ് ഇവിടം നന്ദര്‍ശിച്ചു സ്നാനം ചെയ്തതിനാല്‍ സിഖുകാര്‍ക്കും ഇവിടം തീര്‍ത്ഥാടന കേന്ദ്രമാണ്. ആരതിയുടെ സമയം അടുക്കുന്ന മുറക്ക് എല്ലായിടവും ജനങ്ങള്‍ തിങ്ങി നിറഞ്ഞു. ആരതിക്കു മുമ്പായി നീണ്ട പ്രാര്‍ത്ഥനയും പ്രതിജ്ഞയും ഉണ്ട്. ഗംഗയെ ഒരു കാരണവശാലും മലിനപ്പെടുത്തില്ല എന്നൊക്കെയാണ് പ്രതിജ്ഞ. കൊട്ടിഘോഷിച്ചുള്ള ഗംഗാ ആരതികള്‍ അല്ലെ ഗംഗയെ ഏറ്റവും മലിനപ്പെടുത്തുന്നത് എന്നു വിളിച്ചു ചോദിക്കാന്‍ തോന്നി. പ്രതിജ്ഞക്ക് ശേഷം ആരതിക്കു മുമ്പായി പിരിവുണ്ട്. യൂണിഫോമിലുള്ള സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് അതിന്റെ ചുമതല. ആരതി സ്പോണ്സര് ചെയ്യുന്നതിന്റെ പുണ്യങ്ങള്‍ വിളിച്ചു പറഞ്ഞാണ് പിരിവ് ചോദിക്കുന്നത്. ധാരാളം പേര് നല്‍കുന്നുണ്ട്. നൂറോ അതില്‍ കൂടുതലോ കൊടുക്കന്നവര്‍ക്ക് രസീതി കിട്ടും. ഗംഗാ ആരതി അരമണിക്കൂറോളം നീണ്ടു നില്ക്കുന്ന ആചാരമാണ്. തീരത്തുള്ള ക്ഷേത്രത്തില്‍ നിന്നും മൂര്‍ത്തിയെ എഴുന്നള്ളിച്ചു ഗംഗയില്‍ സ്നാനം ചെയ്യിച്ച ശേഷമാണ് ക്രമപ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നത്. ധാരാളം തട്ടുകള്‍ ഉള്ള വിളക്കുകള്‍ കൊണ്ടുള്ള അവസാന ചടങ്ങാണ് ഏറ്റവും ആകര്‍ഷകം. അതോടൊപ്പം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചെറുതും വലുതുമായ അനേകം ആരതികള്‍ പൊങ്ങി ഗംഗയെ ആരാധിക്കുന്നു. ആരതി കഴിഞ്ഞു തിരക്കൊഴിയുമ്പോള്‍ കുറച്ചു സമയം തീരത്ത് ചെലഴിക്കാം എന്നു കരുതിയെങ്കിലും തിരക്ക് കുറയുന്ന ലക്ഷണം കാണാത്തതിനാല്‍ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. വര്‍ദ്ധിച്ച പുരുഷാരത്തിനിടയിലൂടെ നടന്ന് ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തി. അതിനു മുമ്പ് പുറത്തൊരു കടയില്‍ നിന്ന് ദോശ കഴിച്ചു. ദോശ തരക്കേടില്ല. സാമ്പാറും ചമ്മന്തിയും എന്നു പറഞ്ഞു തന്ന സാധനങ്ങള്‍ എന്താണെന്ന് മാത്രം മനസ്സിലായില്ല. മുറിയിലെത്തി നല്ലൊരു കുളി കുളിച്ചു രാവിലെ അഞ്ചു മണി വരെ സുഖമായി ഉറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: