കൊട്ടാരക്കര: പുത്തൂര്‍ മണ്ഡപത്തിനോട് അധികൃതരുടെ അനാസ്ഥ തുടരുന്നു, പുനര്‍നിര്‍മാണം തുടങ്ങിയിടത്തുതന്നെ ഉപേക്ഷിച്ചു. നാടിന്റെ പൈതൃകത്തെ അവഹേളിക്കുംവിധമാണ് മണ്ഡപത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.
പഴയ മണ്ഡപം നിന്നിടത്ത് നിന്ന് പുത്തൂര്‍-ഞാങ്കടവ് റോഡിലേക്ക് മൂന്നര മീറ്റര്‍ അകലത്തിലാണ് പുതിയ മണ്ഡപം നിര്‍മിക്കാന്‍ തുടങ്ങിയത്. ഏഴര ലക്ഷം രൂപയാണ് മണ്ഡപം നിര്‍മിക്കാന്‍ അനുവദിച്ചതെന്നായിരുന്നു പ്രഖ്യാപനം. നിര്‍മിതികേന്ദ്രത്തെ ചുമതല ഏല്‍പ്പിച്ചുവെന്ന് അറിയിക്കുകയും നിര്‍മാണം തുടങ്ങിവച്ചുവെന്ന് കാട്ടുകയും ചെയ്തു. പഴയ കല്ലുകള്‍ അടുക്കി അടിസ്ഥാനത്തിന്റെ ആദ്യപടി ജോലികള്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് ഉപേക്ഷിച്ചമട്ടാണ്.
പഴയ മണ്ഡപം ഇവിടെ നിന്ന് പൂര്‍ണമായും ഇളക്കി മാറ്റിയശേഷമായിരുന്നു നിര്‍മാണം തുടങ്ങിയത്. ഇത് നാട്ടുകാരെ പറ്റിക്കാനുള്ള ശ്രമമായിരുന്നെന്നും ആക്ഷേപമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും കൊത്തിയ കല്ല് കൊണ്ടുവരാന്‍ കഴിയാത്തതാണ് തടസമെന്ന്് അധികൃതര്‍ പറയുന്നു. കുളക്കടയില്‍ പൊളിച്ച മണ്ഡപം പുനര്‍നിര്‍മിച്ചിരുന്നു. ഇതിനും മുമ്പാണ് പുത്തൂരിലെ മണ്ഡപം തകര്‍ന്നത്. നാട്ടുകാരുടെ സമിതി നേരിട്ട് നിര്‍മാണം ഏറ്റെടുക്കാമെന്ന് ആദ്യംതന്നെ അഭിപ്രായം ഉന്നയിച്ചിരുന്നുവെങ്കിലും എംഎല്‍എയുടെ പിടിവാശിയില്‍ അത് നടന്നില്ല. നൂറ്റാണ്ടുകളുടെ ശേഷിപ്പായ മണ്ഡപം പുത്തൂരിന്റെ മുഖശ്രീയായിരുന്നു.
പവിത്രേശ്വരം, നെടുവത്തൂര്‍, കുളക്കട പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളവും ഈ മണ്ഡപമാണ്. രാജഭരണകാലത്ത് നാട്ടുകൂട്ടം കൂടിയിരുന്നത് ഈ മണ്ഡപത്തിലാണ്. തച്ചുശാസ്ത്രത്തിന്റെ ഉദാത്ത മാതൃകയായി ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മണ്ഡപം പിന്നീട് വഴയോരത്തെ കാത്തിരിപ്പ് കേന്ദ്രമായി മാറി.
കൊട്ടാരക്കര-ശാസ്താംകോട്ട റോഡരികിലാണ് മണ്ഡപം സ്ഥിതി ചെയ്തിരുന്നത്. സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന പുത്തൂര്‍ പട്ടണത്തില്‍ മണ്ഡപം പലപ്പോഴും ഗതാഗത തടസത്തിന് കാരണമായിരുന്നു. പവതവണ വാഹനങ്ങള്‍ തട്ടി മണ്ഡപത്തിന് തകരാറുണ്ടായി. പുത്തൂരിലെ കശുവണ്ടി ഫാക്ടറിയിലേക്ക് തോട്ടണ്ടിയുമായി വന്ന ലോറി ഇടിച്ചതോടെ മണ്ഡപം പകുതി തകര്‍ന്നു. കശുവണ്ടി വ്യവസായി വലിയ തുക ചെലവിട്ട് മേല്‍ക്കൂര മാറ്റി മനോഹരമാക്കി നാടിന് സമര്‍പ്പിച്ചു. എന്നാല്‍ 2016 നവംബര്‍ 30ന് കെഎസ്ആര്‍ടിസി ബസിടിച്ച് മണ്ഡപം പൂര്‍ണമായും നിലംപൊത്തിയതാണ്. നിര്‍മാണ പ്രവര്‍ത്തനം ഇനിയും വൈകിപ്പിച്ചാല്‍ പ്രതിഷേധത്തിനൊരുങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: