Categories: Main Article

സാമ്പത്തിക ഉണര്‍വിന്റെ പച്ചത്തുരുത്തുകള്‍

Published by

മഹാമാരിയായ കൊറോണയും ലോക് ഡൗണും മൂലമുണ്ടായ പ്രതിസന്ധികളില്‍ നിന്ന് രാജ്യം ഉണര്‍ന്നു. സാമ്പത്തിക, വാണിജ്യ രംഗങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ഇതിനകം വന്നു കഴിഞ്ഞു. വിദേശ നാണ്യശേഖരത്തിന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല.  

ജൂണ്‍ ഒന്നിനാണ് രാജ്യം ‘അണ്‍ലോക്ക് ഇന്ത്യ’ ഒന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ഇതോടെ വാണിജ്യപ്രവര്‍ത്തനങ്ങളും സേവനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിച്ചു. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൃത്യതയാര്‍ന്ന അടിയന്തരനയ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.  

പ്രതിസന്ധികള്‍ നിലനില്‍ക്കെത്തന്നെ ലോകത്തിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പി.പി.ഇ.) ഉത്പാദകരായി ഇന്ത്യ മാറി. ഇത്  നിര്‍മ്മാണ മേഖലയിലെ ഉണര്‍വ്വ് വ്യക്തമാക്കുന്നു.വൈദ്യുതി-ഇന്ധന ഉപഭോഗം, സംസ്ഥാനങ്ങള്‍ക്കകത്തും പുറത്തേക്കുമുള്ള ചരക്കു നീക്കം, ചില്ലറ വ്യാപാര മേഖലയിലെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ ഉണ്ടായ വര്‍ദ്ധന സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പച്ചത്തുരുത്തുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനയാണ്. കാര്‍ഷിക, ഉത്പാദന, സേവന മേഖലകള്‍ ഉണര്‍വിന്റെ പാതയിലാണിപ്പോള്‍.  

കാര്‍ഷിക മേഖല  

1 സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് ഗോതമ്പ് സംഭരിക്കുന്നത് 2012-13 കാലയളവിലെ 381.48ലക്ഷം മെട്രിക് ടണ്‍ മറികടന്ന് 2020 ജൂണ്‍ 16 ന് എക്കാലത്തെയും റെക്കോര്‍ഡ് കണക്കായ 382 ലക്ഷം മെട്രിക് ടണ്ണില്‍ എത്തി. 42 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഗോതമ്പിന് താങ്ങുവിലയായി 73,500 കോടി രൂപ നല്‍കി.

2 ലഘു വനവിഭവങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കാനുള്ള ‘പദ്ധതി’ പ്രകാരം 16 സംസ്ഥാനങ്ങളിലെ ലഘു വനവിഭവ സംഭരണം റെക്കോര്‍ഡ് തുകയായ 79.42 കോടി രൂപയിലെത്തി.

*ജൂണ്‍ 19 വരെയുള്ള കണക്കനുസരിച്ച് 13.13 ദശലക്ഷം ഹെക്ടറില്‍, ഖാരിഫ് വിളകള്‍ കര്‍ഷകര്‍ വിതച്ചു കഴിഞ്ഞു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം കൂടുതലാണ്.

*2020 മെയ് മാസത്തില്‍ രാസവള വില്‍പ്പന ഏകദേശം 98 ശതമാനം ഉയര്‍ന്നു (40.02 ലക്ഷം ടണ്‍). ഇതും കാര്‍ഷിക മേഖലയിലെ ഉണര്‍വ്വിനെ പ്രതിഫലിപ്പിക്കുന്നു.

ഉത്പാദന മേഖല

*ഇന്ത്യയുടെ ഉത്പാദന, സേവന മേഖലകളിലെ സാമ്പത്തിക പ്രവണതകളുടെ ദിശാ സൂചികയായ പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്‌സ് (പി.എം.ഐ.) ഏപ്രിലില്‍ യഥാക്രമം 27.4, 5.4 എന്നിങ്ങനെ ആയിരുന്നത് മെയ് മാസത്തില്‍ യഥാക്രമം 30.8, 12.6 എന്നിങ്ങനെയായി രേഖപ്പെടുത്തിയത് ഈ മേഖലയിലെ സങ്കോചം കുറഞ്ഞു വരുന്നു എന്നതിന്റെ സൂചനയാണ്.  

*വൈദ്യുതി ഉപഭോഗം ഏപ്രിലില്‍ 24 ശതമാനവും മെയ് മാസത്തില്‍ 15.2 ശതമാനവും കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂണില്‍ 12.5 ശതമാനം കുറവുണ്ടായി. ക്രമാനുഗതമായി വൈദ്യുതി ഉപഭോഗം കൂടുന്നതായി ഇതില്‍ നിന്നും മനസ്സിലാക്കാം.  

*2020 ഏപ്രിലിലെ 3.9 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 മെയ് മാസത്തില്‍ 8.98 ലക്ഷം കോടി രൂപയായി ഇ-വേ ബില്ലുകളുടെ ആകെ മൂല്യം വര്‍ദ്ധിച്ചത് 130 ശതമാനമാണ്.

*രാജ്യത്തെ ഉപഭോഗവും ഉത്പാദന പ്രവര്‍ത്തനങ്ങളും പ്രതിഫലിപ്പിക്കുന്ന പ്രധാന സൂചികയായ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗം ഏപ്രിലിലെ 99,37,000 മെട്രിക് ടണ്ണില്‍ നിന്ന് 47 ശതമാനം വര്‍ദ്ധിച്ച് മെയ് മാസത്തില്‍1,46,46,000 മെട്രിക് ടണ്ണായി.

സേവന മേഖല

*റെയില്‍ വഴിയുള്ള ചരക്ക് നീക്കം മെയ് മാസത്തില്‍ 26 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ചരക്ക് നീക്കം ഏപ്രിലില്‍ 6.54 കോടി ടണ്‍ ആയിരുന്നത് മെയ് മാസത്തില്‍ 8.26 കോടി ടണ്‍ ആയി വര്‍ദ്ധിച്ചു.

*ഇലക്ട്രോണിക് ടോള്‍ കളക്ഷന്റെ പ്രതിദിന ശരാശരി ഏപ്രിലില്‍ 8.25 കോടി രൂപയായിരുന്നു. മെയ് മാസത്തില്‍ ഇത് നാലു മടങ്ങ് വര്‍ദ്ധിച്ച് 36.84 കോടി രൂപയായി.

*നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിവിധ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള മൊത്തം ഡിജിറ്റല്‍ റീട്ടെയില്‍ സാമ്പത്തിക ഇടപാടുകള്‍ ഏപ്രിലില്‍ 6.71 ലക്ഷം കോടി രൂപയായിരുന്നത് മെയ് മാസത്തില്‍ 9.65 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.

 ധനസൂചകങ്ങള്‍

*മതിയായ ധനലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയായി കോര്‍പ്പറേറ്റ് ബോണ്ടുകളുടെ സ്വകാര്യ പ്ലെയ്സ്മെന്റിന്റെ വര്‍ഷം തോറുമുള്ളവളര്‍ച്ച  ഉയര്‍ന്നു. ഏപ്രിലില്‍ 22 ശതമാനം (0.54 ലക്ഷം കോടി രൂപ) ചുരുങ്ങിയതുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ് മാസത്തില്‍ (0.84 ലക്ഷം കോടി രൂപ) 94.1 ശതമാനം കുത്തനെ ഉയര്‍ന്നു.

*മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ അസറ്റ് മാനേജുമെന്റ് കമ്പനി നിയന്ത്രിക്കുന്ന നിക്ഷേപങ്ങളുടെ ആകെ വിപണി മൂല്യത്തിന്റെ (എ.യു.എം.) ശരാശരി ആസ്തി 2020 മെയ് മാസത്തില്‍ 3.2 ശതമാനം ഉയര്‍ന്ന് 24.2 ലക്ഷം കോടി രൂപയായി. 2020 ഏപ്രിലില്‍ ഇത് 23.5 ലക്ഷം കോടി രൂപയായിരുന്നു.

*ജൂണ്‍ 12 വരെ ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം 50,760 കോടി യു.എസ്. ഡോളറാണ്. നേരിട്ടുള്ള വിദേശ നിക്ഷേപ-പോര്‍ട്ട്‌ഫോളിയോ ഒഴുക്ക് ഉയര്‍ന്ന് നില്‍ക്കുന്നതും, കുറഞ്ഞ എണ്ണവിലയും അപ്രതീക്ഷിതമായ ബാഹ്യ ആഘാതങ്ങള്‍ കുറയ്‌ക്കാന്‍ ഇത് സഹായകമാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7345 കോടി യു.എസ്. ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 18.5 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by